ബംഗളൂരു: അധോലോക രാജാവ് രവി പൂജാരി സെനഗളിൽ റസ്റ്ററന്റ് നടത്തുകയായിരുന്നെന്ന് രഹസ്യാന്വേഷണ ഏജൻസി. സെനഗളിന്റെ തലസ്ഥനമായ ഡക്കറിൽ നമസ്തേ ഇന്ത്യ എന്ന പേരിലാണ് ഇയാൾ റസ്റ്ററന്റ് നടത്തിയിരുന്നത്. ആന്റണി ഫെർണാണ്ടസ് എന്ന പേരിലുള്ള പാസ്പോർ്ട്ട് രവി പൂജരിയിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്റർപോളും വെസ്റ്റ് ആഫ്രിക്കൻ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പൂജാരി പിടിയിലായത്. രവി പൂജാരിയെ കൈമാറുന്നതുമായി ബന്ധപ്പെട്ട് അധികൃതർ നീക്കം ആരംഭിച്ചതായാണ് വിവരം.
സെനഗലിൽ രവി പൂജാരി ഉള്ളതായി ഇന്ത്യൻ ഏജൻസികൾക്ക് വിവരം ലഭിച്ചിരുന്നു.രവി പൂജാരിക്കെതിരെ ബംഗളൂരു പോലീസ് റെഡ്കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ രാത്രിയാണ് അറസ്റ്റിലായ വിവരം പുറത്തുവന്നത്. എന്നാൽ ബംഗളൂരു പോലീസ് ഇത് ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ് കേസിന് പിന്നിലും രവി പൂജാരിയെന്നാണ് സൂചന. എഴുപതോളം കേസുകളിൽ ഇയാൾ പ്രതിയാണ്. 1990 കളിൽ മുംബൈ അധോലോക സംഘങ്ങളിൽ പൂജാരി പ്രവർത്തിരിച്ചിരുന്നു. ഇന്ത്യയിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ഓസ്ട്രേലിയയിൽ ഒളിവിൽ കഴിയുകയാണെന്ന് മുന്പ് റിപ്പോർട്ടുകൾ വന്നിരുന്നു.
ഇപ്പോൾ ജയിലിൽ കഴിയുന്ന അധോലോക നേതാവ് ഛോട്ടാ രാജന്റെ വലംകൈ ആയിരുന്നു ഒരു കാലത്ത് രവി പൂജാരി. 2001ലാണ് ഇരുവരും വേർപിരിഞ്ഞത്. പിന്നീട് ഇയാൾ തന്റെ പ്രവർത്തനങ്ങൾ ബംഗളൂരു കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. മാംഗ്ലൂർ ഉഡുപ്പി സ്വദേശിയാണ് രവി പൂജാരി.കഴിഞ്ഞ വർഷം ജെൻഎൻയു വിദ്യാർഥി ഉമർ ഖാലിദ്, വിദ്യാർഥിനിയും സാമൂഹിക പ്രവർത്തകയുമായ ഷെഹ് ല റഷീദ്, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവർക്ക് രവി പൂജാരയുടെ പേരിലുള്ള ഭീഷണിക്കത്തുകൾ ലഭിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 15ന് ഉച്ചകഴിഞ്ഞു മൂന്നോടെ പനന്പിള്ളിനഗറിലുള്ള നെയ്ൽ ആർട്ടിസ്ട്രി എന്ന ബ്യൂട്ടിപാർലറിൽ വെടിവയ്പുണ്ടായ സംഭവത്തിൽ ഇയാൾക്കു ബന്ധമുണ്ടെന്നാണു നിഗമനം. ബൈക്കിൽ എത്തിയ രണ്ടുപേർ വെടിവച്ചശേഷം കടന്നുകളയുകയായിരുന്നു.
രവി പൂജാരിയുടെ പേരെഴുതിയ കടലാസ് പ്രദേശത്ത് ഉപേക്ഷിച്ചശേഷമാണു പ്രതികൾ രക്ഷപ്പെട്ടത്. പ്രാദേശിക ഗുണ്ടാസംഘത്തിലേക്കുൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതികളെ പിടികൂടാൻ പോലീസിനു സാധിച്ചിട്ടില്ല. മുംബൈ അധോലോക നായകൻ രവി പൂജാരിക്കു പങ്കുള്ളതായ സംശയത്തെത്തുടർന്ന് ഇതുൾപ്പെടെ അന്വേഷണ വിധേയമാക്കിയ പോലീസ് രണ്ടു തവണ നടിയുടെ മൊഴി എടുത്തിരുന്നു.
25 കോടിരൂപ ആവശ്യപ്പെട്ട് പല തവണ പ്രതി വിളിച്ചയതായാണു നടിയുടെ മൊഴി. സംഭവത്തിനു പിന്നാലെ മാധ്യമ സ്ഥാപനങ്ങളിലേക്കടക്കം ഫോണ് വിളിച്ച് വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ലീന മരിയ പോൾ ഉൾപ്പെട്ട പണം തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചയാളെ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു.