ബംഗളൂരു: നടി ലീന മരിയ പോളിനെതിരേ ക്വട്ടേഷൻ കൊടുത്തിരുന്നതായി അധോലോക കുറ്റവാളി രവി പൂജാരി. കൊച്ചിയിലെ ബ്യൂട്ടിപാർലർ കേസിൽ പ്രതി ചേർക്കപ്പെട്ട രവി പൂജാരിയെ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ലീനയിൽനിന്നു പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് രവി പൂജാരി പറഞ്ഞു. ലീന മരിയ പോളിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന കേസ് ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്.
പണം തട്ടാനായി ബ്യൂട്ടി പാർലറിൽ രണ്ടു പേരെത്തി വെടിയുതിർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടുപേർ എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവച്ചത്.
കർണാടക പോലീസിന്റെ കസ്റ്റഡിയിലുള്ള രവി പൂജാരിയെ കേരളത്തിലേക്കു കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്. നൂറിലേറെ കേസുകളിൽ പ്രതിയായ രവി പൂജാരിയെ സെനഗലിൽ വച്ചാണ് അറസ്റ്റ് ചെയ്ത്. കർണാടക പോലീസും കേന്ദ്ര ഏജൻസികളുമാണ് രവി പൂജാരിയെ ഇന്ത്യയിലെത്തിച്ചത്.
പിടിയിലായ രവി പൂജാരിയെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിലെത്തിച്ചത്. കർണാടകയിൽ 46 കേസുകൾ ഇയാൾക്കെതിരേയുണ്ട്. ചോദ്യംചെയ്യൽ തുടരുന്നതിനിടെയാണ് കേരളത്തിലെ കേസിന്റെ ഭാഗമായി തച്ചങ്കരി അവിടെയെത്തിയത്.
ഒന്നാംപ്രതിയായ രവി പൂജാരിയെക്കൂടാതെ നാല് പ്രതികൾ കൂടി കേസിലുണ്ട്. രവി പൂജാരി 25 കോടി രൂപയാണ് ലീന മരിയ പോളിൽനിന്ന് ആവശ്യപ്പെട്ടത്. പണം നൽകാതായപ്പോഴാണ് 2018 ഡിസംബർ 15-ന് ഉച്ചകഴിഞ്ഞ് ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയത്.