മുംബൈ: എം.എസ്. ധോണിയെ പുകഴ്ത്തി ടീം ഇന്ത്യയുടെ മുഖ്യപരിശീലകൻ രവി ശാസ്ത്രി. ധോണിയുടെ പരിചയസന്പത്തിന് പകരംവയ്ക്കാൻ ഒന്നുമില്ലെന്നും പരിചയസന്പത്ത് ചന്തയിൽനിന്ന് വാങ്ങാനും വിൽക്കാനും കഴിയുന്നതല്ലെന്നും രവിശാസ്ത്രി പറഞ്ഞു. ഏകദിനക്രിക്കറ്റിൽ ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളാണ് ധോണിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പരിചയസന്പത്തിലും ആരോഗ്യസംരക്ഷണകാര്യത്തിലും ധോണിയെ കഴിഞ്ഞേ ആരുമുള്ളൂ. അവസാന ഓവറുകളിൽ ഫിനിഷറായെത്തുന്ന ധോണിയെക്കാൾ മികച്ചവർ വളരെ കുറച്ചുപേരേയുള്ളൂവെന്നും രവിശാസ്ത്രി പറഞ്ഞു.
ഏകദിന ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച 2004 മുതൽ ഇന്ത്യൻ ക്രിക്കറ്റ് എന്നും ചർച്ചചെയ്തതും ആഘോഷിച്ചതുമായ താരമാണ് എം.എസ്. ധോണി. ദക്ഷിണാഫ്രിക്കയിൽ നടന്ന ട്വന്റി-20 പരന്പരയിൽ ധോണി മികച്ച പ്രകടനത്തോടെ ടീമിൽ തന്റെ സാന്നിധ്യം എത്രമാത്രം ആവശ്യമാണെന്നു തെളിയിച്ചു. ഒരറ്റത്ത് വിക്കറ്റ് വീഴുന്പോഴും നങ്കൂരിമിട്ടിരിക്കുന്നതുപോലെ അവസാനം വരെ പിടിച്ചുനിന്ന് ബാറ്റ് ചെയ്യാനുള്ള കഴിവ് ധോണി വീണ്ടും പുറത്തെടത്തു.