മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രിയുടേയും സഹപരിശീലകരുടെയും കരാർ കാലാവധി 45 ദിവസത്തേക്കുകൂടി നീട്ടി. യുകെയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റ് അവസാനിക്കുന്നതോടെ ഇവരുടെ കരാർ അവസാനിക്കുമായിരുന്നു. എന്നാൽ, സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ് ആണ് കരാർ കാലാവധി 45 ദിവസത്തേക്കു കൂടി നീട്ടിയത്.
ലോകകപ്പിനു പിന്നാലെ പുതിയ പരിശീലകനായുള്ള മുഖാമുഖം നടത്തുമെന്നും വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുശേഷം പുതിയ പരിശീലകൻ ഇന്ത്യൻ ടീമിന്റെ ചുമതല ഏറ്റെടുക്കുമെന്നുമാണ് കരുതപ്പെടുന്നത്. പ്രധാന പരിശീലകനു പുറമേ സഹ പരിശീലകർക്കുവേണ്ടിയും മുഖാമുഖം നടക്കും.
രവി ശാസ്ത്രിക്ക് പുറമേ ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബംഗാർ, ബൗളിംഗ് പരിശീലകൻ ഭരത് അരുണ്‍, ഫീൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർ അടങ്ങുന്നതാണ് ഇന്ത്യൻ ടീമിന്റെ പരിശീലക സംഘം.
2017ൽ അനിൽ കുംബ്ലെ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചതിനു പിന്നാലെയായിരുന്നു രവി ശാസ്ത്രി ഇന്ത്യയുടെ പരിശീലകനായി മടങ്ങിയെത്തിയത്.