മെൽബണ്‍ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച ഇന്ത്യൻ താരം മയങ്ക് അഗർവാളിനെ കളിയാക്കിയ ഓസീസ് മുൻ താരം കെറി ഒകീഫിനു ചുട്ട മറുപടിയുമായി പരിശീലകൻ രവി ശാസ്ത്രി. മായങ്ക് രഞ്ജിട്രോഫിയിൽ ട്രിപ്പിൾ സെഞ്ചുറി നേടിയത് റെയിൽവേ കാന്റീൻ സ്റ്റാഫുകൾക്കെതിരേയായിരുന്നെന്നും അവിടുത്തെ ഷെഫുമാരും വെയിറ്റർമാരുമായിരുന്നു അഗർവാളിനെതിരേ പന്തെറിഞ്ഞതെന്നുമായിരുന്നു ഒകീഫിന്റെ പരിഹാസം.
നിങ്ങൾ കാന്റീൻ തുടങ്ങുന്പോൾ മായങ്ക് അഗർവാളിന് അവിടെവന്ന് കോഫി കുടിക്കാൻ ആഗ്രഹമുണ്ടെന്നും അവിടുത്തെയാണോ ഇന്ത്യയിലെ കോഫിയാണോ മികച്ച കോഫിയെന്ന് അദ്ദേഹം താരതമ്യം ചെയ്തശേഷം പറയുമെന്നും ശാസ്ത്രി പറഞ്ഞു. ഫോക്സ് സ്പോർട്സുമായുള്ള അഭിമുഖത്തിലായിരുന്നു ശാസ്ത്രിയുടെ ഈ മറുപടി.
ശാസ്ത്രിയുടെ ഈ കളിയാക്കൽ കേട്ട് കമന്റേറ്ററായ ഷെയ്ൻ വോണിനു ചിരിയടക്കാനായില്ല. പരിഹാസത്തിനെതിരേ ശക്തമായ വിമർശനമുയർന്നതോടെ മാപ്പ് പറഞ്ഞ് ഒകീഫ് തടിതപ്പിയിരുന്നു.