ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായുള്ള കരാർ ദീർഘിപ്പിച്ചതോടെ രവി ശാസ്ത്രിയുടെ ശമ്പളം 20 ശതമാനം വർധിക്കും. ഒരു വർഷത്തെ ശമ്പളത്തിൽ 20 ശതമാനം വർധനവുണ്ടാകുമെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്തു. മുൻ ഇന്ത്യൻ താരമായ ശാസ്ത്രിയുടെ ശമ്പളം ഒരു വർഷം 10 കോടി രൂപവരെയാകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
നിലവിൽ എട്ടു കോടി രൂപയാണ് ശാസ്ത്രിയുടെ വാർഷിക ശമ്പളം. പുതുക്കിയ കരാർ പ്രകാരം പ്രതിഫലം ഉയര്‍ത്തിയതോടെ പ്രതിവര്‍ഷം 9.5 കോടിക്കും 10 കോടി രൂപയ്ക്കും ഇടയിലുള്ള തുക ശാസ്ത്രിക്ക് ലഭിക്കും. ശാസ്ത്രിയുടെ കാലാവധി രണ്ടു വർഷം കൂടി ദീർഘിപ്പിച്ചിരുന്നു. 2021 ട്വന്റി-20 ലോകകപ്പ് വരെയാണ് ശാസ്ത്രിയുടെ കാലാവധി ദീർഘിപ്പിച്ചിരിക്കുന്നത്.
ടീം ഇന്ത്യയുടെ സപ്പോർട്ടിംഗ് സ്റ്റാഫുകളുടേയും ശമ്പളവും വർധിപ്പിച്ചിട്ടുണ്ട്. ബൗളിംഗ് പരിശീലകൻ ഭരത് അരുൺ, ഫിൽഡിംഗ് പരിശീലകൻ ആർ. ശ്രീധർ എന്നിവർക്ക് 3.5 കോടി രൂപ വാർഷിക പ്രതിഫലമായി ലഭിക്കും. പുതുതായി നിയമിതനായ ബാറ്റിംഗ് പരിശീലകൻ വിക്രം റത്തോറിന് 2.5 കോടിക്കും മൂന്ന് കോടിക്കും ഇടയിൽ പ്രതിഫലം ലഭിക്കും. സെപ്റ്റംബർ ഒന്ന് മുതൽ പുതിയ കരാറുകൾ പ്രാബല്യത്തിൽ വന്നു.