ബുർക്കിനാ ഫാസോയിലെ 12 വർഷത്തെ ജീവിതത്തിനു ശേഷമാണ് കുറച്ചുകൂടി സുരക്ഷിത താവളം സെനഗൽ ആണെന്നു രവി പൂജാരി തിരിച്ചറിഞ്ഞത്. അങ്ങനെ സെനഗലിലെത്തി. പേരും വിലാസവും എല്ലാം മാറ്റിയായിരുന്നു ഇയാളുടെ സെനഗൽ പ്രവേശം.
ഉള്ളിലെ അധോലോക നായകനെ മറച്ചു കാരുണ്യവാനായ ഒരു മുതലാളിയുടെ രൂപമായിരുന്നു രവി പൂജാരിക്ക് സെനഗലിൽ. നമസ്തേ ഇന്ത്യ എന്നപേരിൽ നിരവധി റസ്റ്ററന്റുകൾ തുറന്നു.
ഒപ്പം സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തനങ്ങൾ സജീവമായി. ചാരിറ്റിപ്രവർത്തനങ്ങളിലൂടെ ഏറെപ്പേർ ആദരിക്കുന്ന വ്യക്തിത്വമായി പൂജാരി വളർന്നു. ആന്റണി ഫെർണാണ്ടസ് എന്നായിരുന്നു ഇയാൾ അറിയപ്പെട്ടിരുന്നത്.
ഇതുകൊണ്ടും തീർന്നില്ല, നിരവധി ക്രിക്കറ്റ് ടൂർണമെന്റുകളും കലാസന്ധ്യകളും ഗാനമേളകളുമൊക്കെ പൂജാരി ഇന്ത്യൻ സെലിബ്രിറ്റികളെ കൊണ്ടുവന്നു സെനഗലിൽ നടത്തി. അങ്ങനെ സമൂഹത്തിൽ വിലയും നിലയുമുണ്ടാക്കി വിലസി.
പുറത്തു സാമൂഹ്യപ്രവർത്തനം നടത്തുന്പോൾ പോലും തന്റെ ഇഷ്ടതാവളമായ അധോലോകം ഉപേക്ഷിക്കാൻ ഇയാൾ തയാറായിരുന്നില്ല.
ബുർക്കിനാ ഫാസോയിലും സെനഗലിലും ഇരുന്നുകൊണ്ടുപോലും ഇന്ത്യയിൽ മഹാരാഷ്ട്ര, കർണാടകം, കേരളം, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന പരിപാടി പൂജാരി സജീവമായി തുടർന്നു. ഇയാൾക്കെതിരെ മഹാരാഷ്ട്ര സർക്കാർ മക്കോക്ക ചുമത്തിയിട്ടുമുണ്ട്.
സാമൂഹ്യ പ്രവർത്തകൻ
കുടിവെള്ളം കിട്ടാക്കനിയായ ആഫ്രിക്കയുടെ ഉൾപ്രദേശങ്ങളിൽ പെട്രോൾ ബങ്കുകൾ കേന്ദ്രീകരിച്ചു കൊണ്ടു സൗജന്യമായി കുടിവെള്ള വിതരണ സംവിധാനം കെട്ടിപ്പടുത്തതോടെയാണ് രവി പൂജാരി അവിടെ ഒരു സാമൂഹിക പ്രവർത്തകനായി അറിയപ്പെട്ടത്.
അതിനു പുറമേ നവരാത്രി ആഘോഷവേളയിൽ പാവപ്പെട്ടവർക്കു കുപ്പായങ്ങളും സൗജന്യമായി വിതരണം ചെയ്തു പോന്നു അദ്ദേഹം. തന്റെ ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിൽ പത്രങ്ങളിൽ സ്ഥിര സാന്നിധ്യമായിരുന്നു പൂജാരി.
ഒടുവിൽ പിടിയിൽ
സെനഗലിന്റെ തലസ്ഥാനമായ ദകാരിലെ ഒരു ബാർബർഷോപ്പിൽനിന്ന് 2019 ജനുവരി 21നാണ് ലോക്കൽ പോലീസ് വ്യാജപേരിൽ വിലസിയിരുന്ന രവി പൂജാരിയെ പിടികൂടുന്നത്.
പൂജാരി പിടിയിലായതറിഞ്ഞു കർണാടക പോലീസും റോയുടെ ഉദ്യോഗസ്ഥരും സെനഗലിലേക്കു പോയി. നിരവധി കേസിൽ പിടികിട്ടാതെ വർഷങ്ങളായി മുങ്ങി നടക്കുന്ന രവി പൂജാരി തന്നെയാണ് അറസ്റ്റിലായതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
മുന്പ് മുംബൈയിൽ പിടിയിലായപ്പോൾ ശേഖരിച്ച വിരലടയാളം കൈവശം ഉണ്ടായിരുന്നതാണ് ഇയാളെ തിരിച്ചറിയാൻ തുണയായത്. പൂജാരിയുടെ രൂപഭാവങ്ങൾ ആകെ മാറിയിരുന്നു.
രവി പൂജാരിയെ തിരികെ ഇന്ത്യയിലേക്കു നാടുകടത്തിക്കൊണ്ടുവരാൻ കഴിഞ്ഞത് ഒരു നയതന്ത്ര നേട്ടം കൂടിയായി കണക്കാക്കപ്പെടുന്നു. നിരവധി കേസുകളിൽ വിചാരണ നേരിട്ടും ശിക്ഷ അനുഭവിച്ചും ജയിലിൽ കഴിയുകയാണ് രവി പൂജാരി ഇപ്പോൾ.