സീരിയലുകൾ മലയാളികൾക്ക് പരിചിതമാകുന്ന എണ്പതുകളുടെ മധ്യം മുതൽ മലയാളപ്രേക്ഷകർ കാണുന്ന മുഖമായിരുന്നു രവി വള്ളത്തോളിന്റേത്.
സൗമ്യനും സുമുഖനുമായ ഒരു നായകൻ, അതായിരുന്നു രവിവള്ളത്തോളിന്റെ ഇമേജ്. സ്വകാര്യ ചാനലുകളുടെ സാന്നിധ്യമില്ലാതിരുന്ന കാലം. മലയാളം ദൂരദർശനിൽ വരുന്ന സീരിയലുകൾ അക്കാലത്ത് ആകാംഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്.
അന്നത്തെ ഒട്ടുമിക്ക സീരിയലുകളിലേയും നിറ സാന്നിധ്യമായിരുന്നു രവി വള്ളത്തോൾ. അന്നു മുതൽ മലയാളികളുടെ മനസിൽ പതിഞ്ഞ മുഖമാണ് ഇപ്പോൾ ഓർമകളാകുന്നത്.
ദൂരദർശന്റെ പ്രഭ മങ്ങി സ്വകാര്യ ചാനലുകൾ രംഗം കീഴയക്കിയപ്പോഴും സീരിയൽ രംഗത്ത് ഏറെ തിരക്കുള്ള താരമായി രവി വള്ളത്തോൾ. പ്രമുഖ ചാനലുകളുടെയെല്ലാം ഒട്ടുമിക്ക ജനപ്രിയ സീരിയലുകളിലും ഈ നടന്റെ സാന്നിധ്യമുണ്ടായിരുന്നു,
നായകനായും അച്ഛനായും കാമുകനായും …ഇങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ തിളങ്ങാൻ അദ്ദേഹത്തിനായി. ഏതു വേഷമാണെങ്കിലും കുടുംബപ്രേക്ഷകരുടെ റോൾ മോഡലായുള്ള കഥാപാത്രമായിരുന്നു അദ്ദേഹത്തിനു ലഭിച്ചതിലധികവും.
സീരിയൽ രംഗത്ത് കിരീടം വയ്ക്കാത്ത രാജാവായി വിലസിയപ്പോഴും സിനിമയിലും സാന്നിധ്യമറിയിക്കാൻ അദ്ദേഹത്തിനായി. അടൂർ ഗോപാലകൃഷ്ണന്റെയടക്കം മികച്ച ഒരുപിടി സിനിമകൾ അദ്ദേഹം വേഷമിട്ടു. എന്നാൽ സീരിയലിൽ ലഭിച്ച സ്വീകാര്യത സിനിമയിൽ തനിക്ക് കിട്ടിയില്ലെന്ന പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നു.
കോട്ടയം കുഞ്ഞച്ചനിലെ ഹൃദയവനികയിലെ ഗായികയോ… എന്ന ഗാനരംഗത്തിലെ രവിവള്ളത്തോളിന്റെ കാമുക ഭാവം സിനിമാപ്രേമികൾ എന്നും ഓർമിക്കുന്നതാണ്.
തിരുവനന്തപുരം മോഡൽ സ്കൂളിൽ പഠിക്കുന്പോൾ മുതൽ നാടകങ്ങളിൽ സജീവമായിരുന്ന അദ്ദേഹം മാർ ഇവാനിയോസ് കോളജിലും കലാരംഗത്ത് സജീവസാന്നിധ്യമായിരുന്നു.
തുടർന്ന് കലാരംഗത്ത് അറിയപ്പെടുന്ന നടനായപ്പോഴും താൻ അഭിനയിച്ച കഥാപാത്രങ്ങൾ പോലെ തന്നെ സൗമ്യതയും കുലീനത്വവും ജീവിതത്തിലും കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിനായി.