റോബിൻ ജോർജ്
പുതുവത്സര ആഘോഷങ്ങളിലേക്കു കടക്കവേ ലഹരി നുണയുന്ന റേവ് പാർട്ടികളും സജീവമാവുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ റേവ് പാർട്ടികൾ നടക്കുന്ന ഇടമാണ് കൊച്ചി. സിനിമ-സീരിയൽ രംഗത്തുള്ളവർ ഉൾപ്പെടെ നിരവധി ആളുകളാണ് ഇത്തരം റേവ് പാർട്ടികളിൽ പങ്കെടുക്കുന്നത്. അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തിന്റെ കണ്ണികളും ഇത്തരം പാർട്ടികളിലുണ്ടാകും.
അയൽ സംസ്ഥാനത്തുനിന്നടക്കം വിവിധ തരത്തിലുള്ള ലഹരി വസ്തുക്കൾ കൊച്ചിയിലെത്തിക്കുന്ന സംഘത്തെത്തേടി അധികൃതർ പരക്കം പായുന്പോഴും ഇവരെല്ലാം സസുഖം വാഴുന്നു. പല കേസുകളിലും തുടരന്വേഷണം ഇല്ലാത്തത് ഇത്തരക്കാർക്ക് സഹായകമാകുന്നതായാണു പറയപ്പെടുന്നത്. ഏതാനും മാസംമുന്പ് 200 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടിച്ചെടുത്തതിന്റെ തുടർ അന്വേഷണംപോലും നിലച്ചനിലയിലാണ്. പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് വരും ദിവസങ്ങളിൽ കൊച്ചിയിൽ റേവ് പാർട്ടികൾ സജീവമാകുമെന്നാണ് പോലീസിന്റെ നിരീക്ഷണം.
ഷാഡോ പോലീസിന്റെ നേതൃത്വത്തിൽ നിരന്തരമായി നടത്തിയ പരിശോധനയിലൂടെ നിരവധി പാർട്ടികളാണു കൊച്ചി ഷാഡോ പോലീസ് ഇതിനോടകം തകർത്തത്. നീണ്ട ഇടവേളയ്ക്കു ശേഷം കൊച്ചിയിൽ ഫ്ളാറ്റുകളും വീടുകളും കേന്ദ്രീകരിച്ച് റേവ് പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. കാക്കനാട് കേന്ദ്രീകരിച്ച് ഐടി പ്രഫഷണലുകളെ ലക്ഷ്യമിട്ടും ചില റേവ് പാർട്ടികൾ നടക്കുന്നുവെന്ന് അധികൃതർ പറയുന്നു. കാക്കനാട്ടെ ഫ്ളാറ്റിൽ റേവ് പാർട്ടി നടത്താനായി കൊണ്ടുവന്ന ഒരു ലക്ഷം രൂപയുടെ ലഹരി ഗുളികകൾ ഏതാനും നാളുകൾക്കു മുന്പാണു പിടികൂടിയത്.
ഡിജെ മുറികൾ
ആഘോഷങ്ങളോടനുബന്ധിച്ച് മാസങ്ങൾക്കുമുന്പേതന്നെ കൊച്ചി ലഹരിയിൽ മുങ്ങുന്നതായി പോലീസ്, എക്സൈസ് സംഘങ്ങൾക്കു സൂചന ലഭിച്ചിരുന്നു. പഴയ കടത്ത്മാർഗങ്ങളിൽനിന്നു മാറി പുതിയ പരീക്ഷണങ്ങളാണു സംഘം നടത്തുന്നത്. മാർച്ച് മാസം ന്യൂജെൻ ലഹരിമരുന്നുമായി യുവതിയടക്കം മൂന്നുപേരെ ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇവർ താമസിച്ചിരുന്ന കൊച്ചിയിലെ താമസസ്ഥലത്ത് ന്യൂജെൻ ഡാൻസ് ബാർ പോലെയുള്ള ഡിജെ മുറികൾ പോലീസ് കണ്ടെത്തി. ഇതോടെ റേവ് പാർട്ടികൾ അവസാനിച്ചിട്ടില്ല എന്ന് പോലീസ് ഉറപ്പിച്ചു.
ഹോട്ടലുകളിൽ നടത്തിയിരുന്ന ഡിജെ പാർട്ടികളിൽ ന്യൂജെൻ ലഹരി എത്തിയതോടെ പോലീസ് പരിശോധന ശക്തമാക്കി. ഇതോടെ പാർട്ടികൾ ഫ്ലാറ്റുകളിലേക്കു വഴിമാറുന്ന സാഹചര്യം ഉണ്ടായി. കൊച്ചിയും വാഗമണിലെ റിസോർട്ടുകളും കേന്ദ്രീകരിച്ചാണു കൂടുതൽ റേവ് പാർട്ടികൾ നടക്കുന്നത്. മുന്പ് ഇരുപതിലേറെ പേർ പങ്കെടുക്കുന്ന പാർട്ടികളാണ് കൂടുതലായി ഒരുക്കിയിരുന്നതെങ്കിൽ ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്. ആളുകളുടെ എണ്ണം കുറച്ചാണ് പാർട്ടികൾ സംഘടിപ്പിക്കുന്നത്. വേഗത്തിൽ പാർട്ടി ഒരുക്കാം എന്നതും രഹസ്യം ചോരുന്നതിനുള്ള സാധ്യത കുറയും എന്നതുമാണ് അംഗങ്ങളുടെ എണ്ണം കുറയ്ക്കാൻ കാരണം.
ആഘോഷങ്ങൾക്കായി കടത്ത്
ആഘോഷരാവുകളിലേക്കായി മാസങ്ങൾക്കുമുന്പേതന്നെ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എത്തുന്നതായുള്ള വിവരം അധികൃതർക്കു ലഭിച്ചിരുന്നു. വില്പന നടത്തുന്നയാളും വാങ്ങുന്നയാളും മാത്രമറിയുന്ന കച്ചവമാണ് ലഹരിവസ്തുക്കളുടേത്. പിടിക്കപ്പെടാതിരിക്കാൻ ഏതു മാർഗത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കുന്ന സംഘം തങ്ങളുടെ കസ്റ്റമേഴ്സിനു മാത്രമാകും സാധനങ്ങൾ നൽകുക.
ഇവർ മുഖാന്തിരം മറ്റു പലരും ആവശ്യക്കാരായി എത്തുമെങ്കിലും പലകുറി ഇവരെ നിരീക്ഷിച്ചശേഷം മാത്രമേ സാധനം കൈമാറൂവെന്ന് അധികൃതർ വ്യക്തമാക്കുന്നു. എക്സൈസ്, പോലീസ് സംഘമാണോയെന്ന് ഉറപ്പിക്കാനായാണ് ഈ പ്രവൃത്തികൾ ചെയ്യുന്നത്. ഒരു നിശ്ചിത സ്ഥലവും സമയവും അറിയിച്ചശേഷം ദിവസങ്ങളോളം ഇവർ മുന്നിൽവരാതിരിക്കും. സമീപത്തു മാറിനിന്നു വാങ്ങാനെത്തുന്നവരെ ഇവർ നിരീക്ഷിക്കും.
എന്തെങ്കിലും സംശയം തോന്നിയാൽ പിന്നീട് ഇവർ ലഹരി കൈമാറില്ല. പല സംഘങ്ങളായി തിരിച്ചു നടത്തുന്ന വില്പനയാണെങ്കിൽക്കൂടി ഇവർ തമ്മിൽ പലപ്പോഴും ആശയ വിനിമയം ഉണ്ടാകും. ഒരു സംഘത്തിലെ എല്ലാവരും തമ്മിൽ എപ്പോഴും ബന്ധപ്പെട്ടുകൊണ്ടിരിക്കും.
ഇതിനായി പ്രത്യേക കോഡുകളാണ് ഇവർ ഉപയോഗിക്കുക. ചിലർ അക്കങ്ങളും അക്ഷരങ്ങളും ഉപയോഗിക്കുന്പോൾ മറ്റു ചിലർ മൃഗങ്ങളുടെ അടക്കമുള്ള ചിത്രങ്ങളും കോഡായി ഉപയോഗിച്ചുവരുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഇവർ നൂതന മാർഗങ്ങൾ സ്വീകരിക്കുന്പോൾ ഇവരെ പിടികൂന്നതിനുള്ള അംഗബലം പലപ്പോഴും പോലീസിനും എക്സൈസിനും കുറവാണ്.
വലിയും കുറവല്ല
നിരോധിത പുകയില ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ളവയുടെ കടത്തും കൂടുകയാണ്. ലക്ഷങ്ങൾ വിലമതിക്കുന്ന നിരോധിത പുകയില ഉത്പന്നങ്ങളുമായി ഏതാനും ദിവസങ്ങൾക്കുമുന്പാണ് ഇതരസംസ്ഥാനക്കാരനെ കൊച്ചിയിൽ പോലീസ് പിടികൂടിയത്. ആഘോഷങ്ങളോടനുബന്ധിച്ച് മൊത്തമായും ചില്ലറയായും വില്പനയ്ക്ക് എത്തിച്ചതായിരുന്നു ഇവ.
ഇതിനുപുറമേ പുറത്തുവരുന്ന മറ്റൊരു കാര്യമാണ് പൊതുസ്ഥലത്തെ പുകവലി സംബന്ധിച്ചുള്ളത്. പൊതുസ്ഥലത്തെ പുകവലിയിലൂടെ ഒൻപത് മാസത്തിനിടെ പിഴയായി സംസ്ഥാന ഖജനാവിലേക്ക് എത്തിയത് 1.60 കോടി രൂപയാണ്. കഴിഞ്ഞ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള മാസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സിഗരറ്റ് ആൻഡ് അദർ ടുബാക്കോ പ്രൊഡക്ട് ആക്ട് സെക്ഷൻ നാല് പ്രകാരം പോലീസ് ഈടാക്കിയ തുകയാണിത്.
വിവിധ ജില്ലകളിലെ 83,036 പേർക്കാണ് പിഴ അടയ്ക്കാൻ പോലീസ് നോട്ടിസ് നൽകിയത്. 2016-ൽ 2,01,085 പേർക്കെതിരെയും 2017-ൽ 1.62,606 പേർക്കെതിരേയുമാണ് കേസെടുത്തിരുന്നത്. ഇത്തവണ പുകവലിച്ച് ഏറ്റവും കൂടുതൽ തുക പിഴ നൽകിയത് എറണാകുളം സിറ്റിയാണ്. 18,86,600 രൂപയാണ് എറണാകുളം സിറ്റിയിൽനിന്നു മാത്രമായി ലഭിച്ചത്.
റേവ് പാർട്ടികൾ
ബുഫെ ഡിന്നറിനു റെസ്റ്ററന്റിൽ കയറുന്നതിനു സമാനമാണു റേവ് പാർട്ടികൾ. എന്തൊക്കെ വിഭവങ്ങളുണ്ടാകുമെന്നും നിരക്കുമെല്ലാം നേരത്തേ അറിയാനാകും. ലഹരി വിഭവങ്ങളെല്ലാമടങ്ങിയ പാക്കേജും ലഭ്യമാണ്. മുൻകൂർ പണമടച്ചാൽ പറഞ്ഞ സമയത്ത് എത്തിയാൽ മതി. തെരഞ്ഞെടുക്കപ്പെട്ട ചുരുക്കം പേർക്കു മാത്രമാകും പ്രവേശനം. അകന്പടിയായി രാവെളുക്കുവോളം സംഗീതമുണ്ടാകുന്ന പാർട്ടികൾക്കായി ആഴ്ചകൾക്കു മുന്പ് ഫേസ്ബുക്കിലോ വാട്സ് ആപ്പിലോ പ്രത്യേക ഗ്രൂപ്പ് രൂപീകരിക്കുകയാണു സംഘാടകർ ആദ്യം ചെയ്യുക. ഒരാൾ അംഗമായാൽ ലഹരി ഉപയോഗിക്കുന്ന തന്റെ സുഹൃത്തിനെ അംഗമാക്കുന്ന തരത്തിലുള്ള ഡ്രഗ് ചെയിൻ സംവിധാനമാണു സംഘാടകർ പ്രയോജനപ്പെടുത്തുന്നത്.
ഏതൊക്കെ ലഹരിമരുന്നു വേണമെന്ന കണക്കെടുക്കും. ഇതിനായി ഗ്രൂപ്പിൽ കോഡ് ഭാഷയിൽ ചോദ്യാവലിയുണ്ടാകും. ആവശ്യക്കാർ കൂടുതലുള്ളവ എത്തിക്കുന്നതിനു വേണ്ടിയാണിത്. ഹോട്ടലുകളിൽ പ്രത്യേക ഇവന്റുകളുമായി ബന്ധപ്പെട്ടായിരുന്നു ഇതുവരെ റേവ് പാർട്ടികൾ സംഘടിപ്പിക്കാറുള്ളതെങ്കിൽ, ആവശ്യപ്പെടുന്നിടത്ത് ഇവ സംഘടിപ്പിച്ചു നൽകുന്ന സംഘങ്ങൾ ഇപ്പോഴുണ്ട്. പാർട്ടി എന്നർഥമുള്ള ജമൈക്കൻ പദമാണു റേവ് എങ്കിലും സംഗീതവും നൃത്തവും ചേർന്ന ഉൻമാദരാത്രികളിലെ കൂട്ടായ്മയ്ക്കാണ് ഇപ്പോൾ റേവ് പാർട്ടി എന്ന പദം ഉപയോഗിക്കുന്നത്.
ആളെക്കൂട്ടാൻ വാട്സ് ആപ്പ് ഗ്രൂപ്പുകൾ
വാട്സ്ഗ്രൂപ്പുകളിലൂടെയാണ് റേവ് പാർട്ടികളിലേക്ക് ആളുകളെ കൂടുതലായും എത്തിക്കുന്നത്. രഹസ്യമായി നടത്തിയിരുന്ന റേവ് പാർട്ടിക്കാരുടെ വാട്ട്സ്ആപ് ഗ്രൂപ്പുകളിൽനിന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഷാഡോ പോലീസിനു നിർണായക വിവരങ്ങൾ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാർട്ടിക്കായി ലഹരി എത്തിച്ച ലഹരിമാഫിയാ സംഘങ്ങൾക്കിടയിലെ പ്രധാന കണ്ണിയെ പോലീസ് പിടികൂടിയത്. ഡാൻസ് ബാറിനെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് ഇത്തരം പാർട്ടികൾ സംഘടിപ്പിക്കുന്നത്.
ഡിസ്കോ ലൈറ്റുകളും കാതടപ്പിക്കുന്ന ഡിജെ സംഗീതവും ന്യൂജെൻ കെമിക്കൽ മയക്കുമരുന്നുകളും ഉപയോഗിക്കുന്നതിനുള്ള സൗകര്യവുമെല്ലാം ചിലയിടങ്ങളിൽ ലഭ്യമാണ്. സൗണ്ട് പ്രൂഫായിരിക്കും മുറികൾ. ആവശ്യക്കാരെ പാർട്ടി ഇടങ്ങളിലെത്തിക്കുകയും തിരികെ വിടുകയും ചെയ്യുന്നതടക്കമുള്ള പാക്കേജുകളുമായാണ് റേവ് പാർട്ടികൾ നടക്കുന്നത്. പതിനായിരം രൂപയ്ക്ക് മുകളിലാണ് പാക്കേജിന് ഈടാക്കുന്നത്.
ഒന്നു മുതൽ രണ്ട് ദിവസം വരെ നീണ്ടുനിൽക്കുന്ന പാക്കേജുകളാണ് നിലവിൽ നടക്കുന്നത്. ചില ഹോട്ടലുകളിലും ഡിജെ പാർട്ടികൾക്കായി കോപ്പുകൂട്ടുന്നുണ്ട്. പോലീസിന്റെ പരിശോധനയില്ലാതെ സുരക്ഷിതമായി ഇത്തരം പാർട്ടികൾ ഇവിടെ നടത്താമെന്നതാണ് ഇവർക്ക് തുണയാകുന്നത്.