മലയാള സിനിമയില് രൂപം കൊണ്ട് മലയാളികളുടെ മനസ്സില് ഇടംപിടിച്ച വില്ലനായിരുന്നു വിയറ്റ്നാം കോളനി എന്ന ചിത്രത്തിലെ റാവുത്തര്.
1992ല് റിലീസിലെത്തിയ ചിത്രത്തില് റാവുത്തറെ അവതരിപ്പിച്ചത് വിജയ രംഗരാജു എന്ന മഹാരാഷ്ട്രക്കാരനാണ്. ‘വിയറ്റ്നാം കോളനി’ ഹിറ്റായതിനൊപ്പം തന്നെ ചിത്രത്തിലെ സൂപ്പര് വില്ലനും മലയാളികളുടെ മനസ്സില് ഇടം പിടിച്ചു.
നടന് എന് എഫ് വര്ഗ്ഗീസാണ് വിയറ്റ്നാം കോളനിയില് റാവുത്തര്ക്ക് ശബ്ദം നല്കിയത്.
ഏതാനും വര്ഷങ്ങള്ക്കു മുന്പ് മോഹന്ലാല് അവതരിപ്പിച്ച ലാല് സലാം എന്ന പരിപാടിയിലും വിജയ രംഗരാജു അതിഥിയായി എത്തിയിരുന്നു.
”വിയറ്റ്നാം കോളനി ഇറങ്ങിയ സമയത്ത് റാവുത്തര് എന്ന പേരു കേള്ക്കുമ്പോള് എല്ലാവര്ക്കും പേടിയായിരുന്നു. പക്ഷേ ഇത്രയും പാവമായ മറ്റൊരു മനുഷ്യനെ ലോകത്ത് കാണാന് കിട്ടില്ല,” എന്ന മുഖവുരയോടെയാണ് വിജയ രംഗരാജുവിനെ മോഹന്ലാല് പരിചയപ്പെടുത്തിയത്.
”സ്റ്റണ്ട് മാസ്റ്റര് മാഫിയ ശശിയോടാണ് ഞാന് നന്ദി പറയേണ്ടത്. അദ്ദേഹമാണ് എന്നെ ഫാസില് സാറിന് പരിചയപ്പെടുത്തുന്നത്. 1973 മുതല് ഞാന് സിനിമയില് സജീവമായി ഉണ്ട്. എല്ലാ ഭാഷകളിലുമായി ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. പക്ഷേ എനിക്ക് വിയറ്റ്നാം കോളനിയില് ലഭിച്ച പേര് ഇതിനു മുന്പൊന്നും ലഭിച്ചിട്ടില്ല, ഇനി ലഭിക്കുകയുമില്ല,” എന്നാണ് വിയറ്റ്നാം കോളനിയെ കുറിച്ച് വിജയ രംഗരാജു പറയുന്നത്.
മഹാരാഷ്ട്ര സ്വദേശിയാണെങ്കിലും ഹൈദരാബാദില് സ്ഥിരതാമസക്കാരനാണ് വിജയ രംഗരാജു. വില്ലന് വേഷങ്ങള് അവതരിപ്പിച്ചുകൊണ്ടായിരുന്നു വിജയ രംഗരാജുവിന്റെ സിനിമാ അരങ്ങേറ്റം.
1973 മുതല് സിനിമ ഇന്ഡസ്ട്രിയില് സജീവമായ വിജയ രംഗരാജു ഇതുവരെ ഏകദേശം നാലായിരത്തോളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്.
വിജയ രംഗരാജുവിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യല് മീഡിയയുടെ ശ്രദ്ധ നേടുന്നത്. പഴയ റാവുത്തര് കാഴ്ചയില് ആളാകെ മാറിയെന്നാണ് ആളുകള് കമന്റ് ചെയ്യുന്നത്.