മാഡ്രിഡ്: രക്തസമ്മർദത്താൽ സിരകൾ പൊട്ടുമെന്നു തോന്നിപ്പിച്ച ഒന്നര മണിക്കൂർ… ശക്തരിൽ ശക്തരുടെ പോരാട്ടം തീപ്പൊരി ചിതറിച്ചപ്പോൾ ഇതാണോ ഫൈനൽ എന്നുപോലും തോന്നിപ്പിച്ച നിമിഷങ്ങൾ…
ത്രസിപ്പിക്കുന്ന നിമിഷങ്ങളാൽ സന്പന്നമായ ചാന്പ്യൻസ് ലീഗ് രണ്ടാം പാദ സെമി പോരാട്ടം കഴിഞ്ഞപ്പോൾ ഗോൾ നില: റയൽ മാഡ്രിഡ് 2, ബയേണ്‍ മ്യൂണിക്ക് 2. ആദ്യപാദത്തിലെ 2-1ന്റെ ജയം നല്കിയ കരുത്തിൽ ഇരുപാദങ്ങളിലുമായി ബയേണിനെ 4-3നു കീഴടക്കി റയൽ ഫൈനലിൽ.
സ്പാനിഷ് വന്‍പന്റെ തുടർച്ചയായ മൂന്നാം ചാന്പ്യൻസ് ലീഗ് ഫൈനൽ! അഞ്ച് വർഷത്തിനുള്ളിൽ നാലാം ഫൈനലും! ബയേണിനായി ജോഷ്വ കിമ്മിച്ചും ഹമേഷ് റോഡ്രിഗസും ലക്ഷ്യംകണ്ടപ്പോൾ റയലിന്റെ രണ്ട് ഗോളും കരിം ബെൻസെമയുടെ വകയായിരുന്നു. ലിവർപൂൾ-എഎസ് റോമ സെമി ജേതാക്കളാണ് ഫൈനലിൽ റയലിന്റെ എതിരാളി.
ആദ്യ പകുതിയുടെ അവസാനം റയൽ മാഡ്രിഡിന്റെ മാഴ്സല്ലോയുടെ ഹാൻഡ്ബോൾ റഫറി കാണാതിരുന്നത്, സെർജ്യോ റാമോസിന്റെ ഷോട്ട് സൈഡ് ബാറിൽ ഇടിച്ചുതെറിച്ചത്, രണ്ടാം പകുതിയുടെ തുടക്കത്തിൽ ബയേണ്‍ ഗോളി സ്വൻ ഉൾറീച്ചിന്റെ പിഴവ് മുതലാക്കി കരിം ബെൻസെമ റയലിന്റെ രണ്ടാം ഗോൾ നേടിയത്, മിനിറ്റുകൾക്കുശേഷം ക്ലോസ് റേഞ്ചിൽനിന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നത്, കെയ്ലർ നവാസിന്റെ ഉജ്വല സേവുകൾ, പഴയ ക്ലബ്ബിനെതിരേ ഹമേഷ് റോഡ്രിഗസ് ഗോൾ നേടിയതുമെല്ലാം കളിയുടെ പ്രധാന നിമിഷങ്ങളായി.
മ്യൂണിക്കിൽ 2-1ന്റെ തോൽവി വഴങ്ങിയ കടവുമായെത്തിയ ബയേണിനായി മൂന്നാം മിനിറ്റിൽ യുവതാരം ജോഷ്വ കിമ്മിച്ച് റയലിന്റെ വലകുലുക്കി. ബോക്സിനുള്ളിൽ കോറിന്ത്യൻ ടൊലിസോയുടെ ക്രോസിൽ ലഭിച്ച പന്ത് വലങ്കാൽ ഷോട്ടിലൂടെ കിമ്മിച്ച് റയൽ ഗോളി കെയ്ലർ നവാസിനെ കീഴടക്കുകയായി രുന്നു. 11-ാം മിനിറ്റിൽ ബെൻസെമയിലൂടെ റയലിന്റെ മറുപടി. മാഴ്സല്ലോയുടെ ക്രോസിൽനിന്ന് ഹെഡറിലൂടെയായിരുന്നു ബെൻസെമയുടെ ഗോൾ.
രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിലായിരുന്നു ബയേണ്‍ ഗോളി ഉൾറീച്ചിന്റെ പിഴവ്. പെനാൽറ്റി ഏരിയയ്ക്കുള്ളിലേക്കെത്തിയ പന്ത്, ഓടിയെത്തി തെന്നിവീണു പിടിക്കാനോ, തട്ടിക്കളയാനോ ശ്രമിച്ച് പരാജയപ്പെട്ടു. ഉൾറീച്ചിനെ കടന്ന് മുന്നോട്ട് നീങ്ങിയ പന്തിനെ ഓടിയെത്തിയ ബെൻസെമ വലയിലാക്കി. റയൽ 2, ബയേണ്‍ 1.
63-ാം മിനിറ്റിൽ റോഡ്രിഗസിന്റെ ഗോളെത്തി. റോഡ്രിഗസിന്റെ ഷോട്ട് ബോക്സിനുള്ളിൽ റയൽ പ്രതിരോധത്തിൽതട്ടിത്തെറിച്ചെങ്കിലും പാഞ്ഞെത്തിയ കൊളംബിയൻ താരം രണ്ടാം ശ്രമത്തിലൂടെ വല കുലുക്കുകയായിരുന്നു.
ബയേണിന് ജയിക്കാനുള്ള എല്ലാ അർഹതയുമുണ്ടായിരുന്നു. എന്നാൽ, ടൊലിസോയുടെയും തോമസ് മ്യൂളറിന്റെയും ഗോളെന്നുറച്ച ശ്രമങ്ങൾ കെയ്ലർ നവാസ് ഉജ്വലമായി രക്ഷപ്പെടുത്തി. മാറ്റ് ഹമ്മൽസിന്റെ ഹെഡർ ക്രോസ് ബാറിൽ തൊട്ടുരുമി പുറത്തേക്കും പോയതോടെ ജർമൻ വന്‍പന്റെ ചാന്പ്യൻസ് ലീഗ് സ്വപ്നം അവസാനിച്ചു.
സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കിയ ബാഴ്സലോണയുടെ ശോഭയിൽ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം സിനദീൻ സിദാന്റെ തലയിൽനിന്ന് തെറിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ചാന്പ്യൻസ് ലീഗ് ഫൈനൽ പ്രവേശനം.
കഴിഞ്ഞ 12 മത്സരങ്ങൾക്കിടെ ഒരു പ്രാവശ്യംമാത്രം ലക്ഷ്യംകണ്ട കരിം ബെൻസെമയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയ സിദാന്റെ വിശ്വാസം കാക്കുന്നതായിരുന്നു ഇരട്ട ഗോളെന്നതും ശ്രദ്ധേയം.
തുടർച്ചയായ ഫൈനൽ പ്രവേശനങ്ങൾ
(ക്ലബ്, തവണ, വർഷം)
റയൽ മാഡ്രിഡ് 5 1956-60
റയൽ മാഡ്രിഡ് 3 2016-18
യുവന്റസ് 3 1996-98
എസി മിലാൻ 3 1993-95
ബയേണ്‍ മ്യൂണിക്ക് 3 1974-76
അയാക്സ് 3 1971-73
ബെൻഫിക 3 1961-63
28 പാസിനൊടുവിൽ ആ ഗോൾ!
റയൽ മാഡ്രിഡിന്റെ ജയത്തിൽ രണ്ട് കാര്യങ്ങളാണുള്ളത് 1. കോസ്റ്റാറിക്കക്കാരനായ കെയ്ലർ നവാസിന്റെ എണ്ണം പറഞ്ഞ രക്ഷപ്പെടുത്തലുകൾ. 2. കരിം ബെൻസെമയുടെ ഇരട്ട ഗോൾ പ്രകടനം. റോബർട്ട് ലെവൻഡോവ്സ്കി, ടൊലിസോ, മ്യൂളർ എന്നിവരുടെ ഷോട്ടുകൾ നവാസ് രക്ഷപ്പെടുത്തിയത് ബയേണിന്റെ നിർഭാഗ്യമായും കണക്കാക്കാം.
മത്സരത്തിൽ 22 ഗോൾ ഷോട്ടുകളാണ് ബയേണ്‍ പായിച്ചത്. അതിൽ 10 എണ്ണം ഗോളിലേക്കുള്ളതായിരുന്നു. 60 ശതമാനം പന്തടക്കം ബയേണിനായിരുന്നിട്ടും ഭാഗ്യം അവരെ തുണച്ചില്ല. 40 ശതമാനം പന്തടക്കം മാത്രമുണ്ടായിരുന്ന റയൽ ഏഴ് ബ്ലോക്കുകൾ നടത്തി. എതിരാളികളുടെ 150 പാസുകൾ മുറിക്കുകയും ചെയ്തു.
ബെൻസെമയുടെ ആദ്യ ഗോൾ പിറന്നത് 28 പാസുകൾക്കൊടുവിലായിരുന്നു. സീസണിൽ ഏറ്റവും അധികം പാസിലൂടെ പിറന്ന ഗോളുകളിൽ രണ്ടാം സ്ഥാനത്തായിർ ഗോൾ. ഒളിന്പ്യാക്കസിനെതിരേ 29 പാസുകൾക്കുശേഷം ലൂക്കാസ് ഡിഗ്നെസ് നേടിയ ഗോളാണ് ഒന്നാമത്.