മാഡ്രിഡ്: കസേമിറോയും ലൂക്ക മോഡ്രിച്ചും അവസാന മിനിറ്റുകളില്‍ നേടിയ ഗോളുകളില്‍ റയല്‍ മാഡ്രിഡ് 2-0ന് സെവിയ്യയെ തോല്‍പ്പിച്ചു. ജയത്തോടെ റയല്‍ സെവിയ്യയെ മറികടന്ന് ലാ ലിഗ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 20 കളിയില്‍ റയലിന് 36 പോയിന്റാണുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ സെവിയ്യയ്ക്ക് 33 പോയിന്റും.
ഗോളകന്നുനിന്ന ആദ്യ പകുതിക്കുശേഷം രണ്ടാം പകുതിയില്‍ റയല്‍ ആധിപത്യം പുലര്‍ത്തി. റയലിന്റെ കൗമാര ബ്രസീലിയന്‍താരം വിനിഷ്യസ് ജൂണിയര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
യുവതാരത്തിന്റെ പ്രകടനം സെവിയ്യയെ പലപ്പോഴും ഞെട്ടിച്ചു. 78-ാം മിനിറ്റില്‍ കസേമിറോ റയലിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റില്‍ മോഡ്രിച്ചിന്റെ ഗോളില്‍ റയല്‍ ജയം ഉറപ്പിച്ചു.മറ്റൊരു മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് ഹ്യൂസ്കയെ തോല്‍പ്പിച്ചു.