മാഡ്രിഡ്: സ്പെയിനിലെ മാഡ്രിഡ്; കാൽപ്പന്തു ഭ്രാന്തിൽ രണ്ട് ക്ലാസായി മാനസിക അകലമുള്ള ആരാധകരുള്ള നഗരം… ഒന്നു കണ്ണീരും കഠിനാധ്വാനവുമുള്ള വർക്കിംഗ് ക്ലാസ്… മറ്റൊന്ന് പണവും പ്രതാപവുമുള്ള ഗ്ലാമർ ക്ലാസ്… രണ്ടു ക്ലാസിനുമായി രണ്ടു ക്ലബ്. 1902ൽ രൂപംകൊണ്ട അപ്പർ ക്ലാസ് റയൽ മാഡ്രിഡും 1903ൽ പിറന്ന ലേമാന്റെ അത്ലറ്റിക്കോ മാഡ്രിഡും.
പണത്തിന്റെ കരുത്തിൽ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരെ അണിനിരത്തി, കപ്പുകൾ വാരിക്കൂട്ടുന്ന റയൽ മാഡ്രിഡും ഓരോ ജയം പോലെ തോൽവിയും ഹൃദയത്തിൽ ചേർക്കുന്ന അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ 2024-25 ചാന്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ നേർക്കുനേർ ഇറങ്ങി. മാഡ്രിഡ് ഡെർബി എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ പോരാട്ടത്തിന്റെ ആദ്യപാദത്തിൽ റയൽ മാഡ്രിഡ് സ്വന്തം തട്ടകത്തിൽവച്ച് 2-1നു ജയിച്ചു. സ്വന്തം മൈതാനത്ത് അരങ്ങേറിയ രണ്ടാം പാദത്തിൽ 1-0ന് അത്ലറ്റിക്കോയും ജയമാഘോഷിച്ചു. അതോടെ ഇരുപാദങ്ങളിലുമായി 2-2 സമനില. അധിക സമയത്തും സമനിലപ്പൂട്ട് തകരാതിരുന്നതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.
അത്ലറ്റിക്കോയുടെ രണ്ടാം കിക്ക് എടുത്ത അർജന്റൈൻ താരം ജൂലിയൻ ആൽവരസ് പന്ത് വലയിലാക്കി. എന്നാൽ, തൊട്ടടുത്ത നിമിഷം വിഎആറിലൂടെ (വീഡിയോ അസിസ്റ്റന്റ് റഫറി) പോളിഷ് റഫറി സിമോണ് മാർസിനിയാക് ഗോൾ നിഷേധിച്ചു. അത്ലറ്റിക്കോയെ മത്സരത്തിൽനിന്നകറ്റിയ തീരുമാനം. വിയർപ്പിന്റെ ഉപ്പിനാൽ ടിക്കറ്റ് വാങ്ങിയെത്തി, തൊണ്ടപൊട്ടുമാറുച്ചത്തിൽ അലറിവിളിച്ച അത്ലറ്റിക്കോ ആരാധകരുടെ കണ്ണീർ മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിൽ വീണ നിമിഷം.
നാലാം കിക്കെടുത്ത മാർകോസ് ലോറെന്റെ ബൂട്ടിൽനിന്നു പാഞ്ഞ പന്ത് ക്രോസ് ബാറിൽ ഇടിച്ചതോടെ അത്ലറ്റിക്കോയുടെ ഹൃദയം നിശ്ചലം. റയൽ മാഡ്രിഡിന്റെ അഞ്ചാം കിക്കെടുത്ത അന്റോണിയോ റൂഡിഗറിന്റെ ഷോട്ട് അത്ലറ്റിക്കോ ഗോൾകീപ്പറിന്റെ നീട്ടിപ്പിടിച്ച കരങ്ങളിൽതട്ടിയെങ്കിലും വലയിൽ. റയൽ മാഡ്രിഡ് താരങ്ങൾ അത്ലറ്റിക്കോ ആരാധകർക്കു നേരേ തിമിർത്താടി.
ഇരുപാദങ്ങളിലുമായി 2-2 സമനിലയായെങ്കിലും ഷൂട്ടൗട്ടിൽ 4-2ന്റെ ജയത്തോടെ ചിരവൈരികളെ കീഴടക്കി ക്വാർട്ടർ ഫൈനലിലേക്കു മുന്നേറിയതിന്റെ ആഘോഷത്തിലായിരുന്നു റയൽ മാഡ്രിഡ് താരങ്ങളും ആരാധകരും. മത്സരത്തിന്റെ ആദ്യ മിനിറ്റിൽ കോണോർ ഗാല്ലഹറിന്റെ ഗോളിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ലീഡ് നേടിയത്. 70-ാം മിനിറ്റിൽ കിലിയൻ എംബപ്പെയെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനു അത്ലറ്റിക്കോയ്ക്കെതിരേ റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ, കിക്കെടുത്ത വിനീഷ്യസ് ജൂണിയറിന്റെ ബൂട്ടിൽനിന്ന് പന്ത് ഗാലറിയിലേക്കായിരുന്നു പാഞ്ഞത്.
ഷൂട്ടൗട്ടിൽ റയൽ മാഡ്രിഡിനായി എംബപ്പെ, ജൂഡ് ബെല്ലിങ്ഗം, ഫെഡെറിക്കോ വാൽവെർഡെ, ലൂകാസ് വാസ്ക്വെസ്, അന്റോണിയോ റുഡിഗർ എന്നിവർ ലക്ഷ്യംകണ്ടു. അലക്സാണ്ടർ സോർലോത്ത്, എയ്ഞ്ചൽ കൊറേയ എന്നിവർക്കു മാത്രമാണ് അത്ലറ്റിക്കോ സംഘത്തിൽ ഷൂട്ടൗട്ടിൽ ഗോൾ നേടാൻ സാധിച്ചത്. ജൂലിയൻ ആൽവരസിന്റെ ഗോൾ വിഎആറിലൂടെ നിഷേധിക്കപ്പെട്ടപ്പോൾ നാലാം കിക്കെടുത്ത ലോറെന്റെയുടെ ഷോട്ട് റയൽ ഗോൾ കീപ്പർ തിബൊ കോർട്വ തടഞ്ഞു.
ഷൂട്ടൗട്ടിൽ ജൂലിയൻ ആൽവരസിന്റെ ഗോൾ വിഎആറിലൂടെ നിഷേധിക്കാൻ കാരണം പന്തിൽ ഡബിൾ ടച്ച് ഉണ്ടായി എന്നതാണ്. ആൽവരസ് കിക്കെടുക്കുന്നതിനു തൊട്ടുമുന്പ് ചെറുതായി തെന്നി. എങ്കിലും പന്ത് ഗോൾ പോസ്റ്റിന്റെ മേൽത്തട്ടിൽ നിക്ഷേപിക്കാൻ ആൽവരസിനു സാധിച്ചു.
എന്നാൽ, റീപ്ലേയിൽ ആൽവരസ് വലതുകാൽകൊണ്ട് കിക്കെടുക്കുന്നതിനു മുന്പ് തെന്നിയതിനാൽ ഇടതുകാൽ അബദ്ധത്തിൽ പന്തിൽ തൊട്ടതായി വ്യക്തമായി. നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കുന്നതല്ലായിരുന്നു ആ പിഴവ്. പന്തിൽ ഇടതുകാൽ സ്പർശിച്ചെന്നാണ് റഫറി പറയുന്നതെന്നും അങ്ങനെയെങ്കിൽ പന്ത് ചലിച്ചതായി കണ്ടവർ ആരെങ്കിലും ഉണ്ടെങ്കിൽ കൈപൊക്കണമെന്നുമായിരുന്നു മത്സരശേഷം അത്ലറ്റിക്കോ മാഡ്രിഡിന്റെ മുഖ്യപരിശീലകൻ ഡിയേഗോ സിമയോണി പറഞ്ഞത്.
നിയമം ഇങ്ങനെ
കാൽപ്പന്ത് നിയമങ്ങൾ നിശ്ചയിക്കുന്ന ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (ഐഎഫ്എബി) പറയുന്നത് പെനാൽറ്റി കിക്ക് എടുക്കുന്പോൾ ഒരു പ്രാവശ്യം മാത്രമേ പന്തിൽ ടച്ച് ചെയ്യാൻ പാടുള്ളൂ എന്നാണ്. മറ്റൊരു കളിക്കാരൻ തൊടുന്നതിനു മുന്പ് പെനാൽറ്റി എടുക്കുന്ന ആൾ രണ്ടാമത് പന്തിൽ തൊടരുത് എന്നാണ് ഐഎഫ്എബി നിയമം.
ഷൂട്ടൗട്ടിനിടെ പോസ്റ്റിൽ ഇടിച്ചു തെറിച്ചാലും സ്കോറിംഗ് അനുവദനീയമല്ല. നിശ്ചിത സമയത്തോ അധിക സമയത്തോ ഉള്ള പെനാൽറ്റിക്ക് ഇടയിൽ ഡബിൾ ടച്ച് ഉണ്ടായാൽ ഇൻഡയറക്ട് ഫ്രീകിക്ക് എതിർ ടീമിനു നൽകാനും ഐഎഫ്എബി നിയമത്തിന്റെ ആർട്ടിക്കിൾ 14.1 അനുശാസിക്കുന്നു.