ഇതുവരെ സിനിമയിലഭിനയിച്ചിട്ടില്ല, സീരിയലിലും. പക്ഷേ, കുട്ടികളുടെ സൂപ്പർസ്റ്റാറാണ് റയാൻ എന്ന ആറു വയസുകാരൻ. വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റായ യൂട്യൂബിൽ കളിപ്പാട്ടങ്ങളുടെ റിവ്യു നടത്തിയാണ് ഈ മിടുക്കൻ ആരാധകരെ നേടുന്നത്.
മൂന്നു വയസുള്ളപ്പോഴാണ് റയാൻ ആദ്യമായി യൂട്യൂബിൽ പ്രത്യക്ഷപ്പെടുന്നത്. ചില കളിപ്പാട്ടങ്ങൾ റയാൻ കൈകാര്യം ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ മാതാപിതാക്കൾ പകർത്തി യൂട്യൂബിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് പലപ്പോഴും ഈ പ്രക്രിയ മുറപോലെ തുടർന്നു. കളിപ്പാട്ടങ്ങൾ കൈകാര്യം ചെയ്യുന്നതിനൊപ്പം അവയേക്കുറിച്ച് അഭിപ്രായങ്ങൾ പറയാനും റയാൻ തുടങ്ങി. ഇപ്പോൾ കളിപ്പാട്ടങ്ങളെക്കുറിച്ച് ആധികാരികമായി അഭിപ്രായം പറയുന്ന നിരീക്ഷകനാണ് കക്ഷി. ഏതു കളിപ്പാട്ടവും തങ്ങളുടെ കുട്ടികൾക്കു സമ്മാനിക്കുംമുന്പ് മാതാപിതാക്കൾ റയാന്റെ റിവ്യു ശ്രദ്ധിക്കും. കുട്ടികൾക്കും റയാന്റെ വാക്കാണ് അവസാന വാക്ക്.
യൂട്യൂബിലൂടെ ലഭിച്ച താര പരിവേഷത്തിനൊപ്പം വലിയ സന്പാദ്യവും കളിപ്പാട്ട റിവ്യു നടത്തിയതിലൂടെ കൈവന്നിട്ടുണ്ട്. ഒരു വർഷം കളിപ്പാട്ട റിവ്യൂ നടത്തിയതിലൂടെ 1.1 കോടി ഡോളർ (75.5 കോടി രൂപ) ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഫോബ്സ് മാസിക തയാറാക്കിയ യൂ ട്യൂബിൽനിന്ന് ഏറ്റവുമധികം വരുമാനം നേടിയിട്ടുള്ളവരുടെ പട്ടികയിൽ റയാന് എട്ടാം സ്ഥാനമാണുള്ളത്. ഇത്രയധികം സന്പാദ്യങ്ങളുള്ളതിനാൽ തന്നെ റയാന്റെ സ്വദേശമോ മറ്റുവിവരങ്ങളോ ഒന്നുംതന്നെ പുറത്തുവിട്ടിട്ടില്ല.