ന്യൂഡൽഹി: റെയ്മണ്ട് കമ്പനിയുടെ ചെയർമാനും എംഡിയുമായ കോടീശ്വര വ്യവസായി ഗൗതം സിംഘാനിയയുടെ ഭാര്യ നവാസ് മോദി സിംഘാനിയ വിവാഹമോചനത്തിനുശേഷം 75 ശതമാനം സ്വത്തവകാശം ചോദിച്ചതായി റിപ്പോർട്ട്.
ഗൗതം സിംഘാനിയയുടെ 11,000 കോടി രൂപ ആസ്തിയിൽ 75 ശതമാനം (ഏകദേശം 8,250 കോടി) തനിക്കും രണ്ട് പെൺമക്കൾക്കുമായി നീക്കിവയക്കാൻ ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നത്.
ഇതിനു പാതി സമ്മതം പറഞ്ഞ ഗൗതം, കുടുംബ ട്രസ്റ്റ് സൃഷ്ടിക്കാനും അതിന്റെ ഏക മാനേജിംഗ് ട്രസ്റ്റി താനാകണമെന്നുമുള്ള നിർദേശം മുന്നോട്ടുവച്ചെന്നാണു സൂചന.
എന്നാൽ നവാസ് ഇത് അസ്വീകാര്യമാണെന്ന് അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. നിയമോപദേശം തേടിയശേഷമായിരിക്കും ഇരുവരുടെയും അടുത്ത നീക്കങ്ങൾ. അതേസമയം, പരസ്പര സമ്മതത്തോടെയുള്ള പരിഹാരത്തിന് മധ്യസ്ഥശ്രമം നടക്കുന്നതായും റിപ്പോർട്ടുണ്ട്.
32 വർഷത്തെ ബന്ധത്തിനുശേഷം നവാസുമായി താൻ വേർപിരിഞ്ഞതായി റെയ്മണ്ട് ചെയർമാൻ സിംഘാനിയ കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു.
ഞങ്ങൾ പ്രതിബദ്ധതയോടെയും ദൃഢനിശ്ചയത്തോടെയും വിശ്വാസത്തോടെയും ഇത്രയുംനാൾ സഞ്ചരിച്ചെന്നും എന്നാൽ ഇക്കൊല്ലത്തെ ദീപാവലി മുന്‍കാലത്തെ പോലെയല്ലെന്നും നവാസുമായി പിരിയുകയാണെന്നും അദ്ദേഹം കുറിച്ചിരുന്നു.
അതിനിടെ ഗൗതത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി നവാസും രംഗത്തെത്തി. തന്നെയും മകളെയും സിംഘാനിയ ചവിട്ടുകയും തല്ലുകയും ചെയ്തുവെന്നായിരുന്നു ആരോപണം.
സോളിസിറ്ററായ നാടാര്‍ മോദിയുടെ മകള്‍ നവാസ് മോദിയെ 1999ലാണ് ഗൗതം വിവാഹം കഴിക്കുന്നത്. എട്ടുവര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു 29കാരിയായ നവാസുമായുള്ള ഗൗതത്തിന്റെ വിവാഹം.