കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് പകുതി സീസണ് പിന്നിടുന്പോഴും കേരള ബ്ലാസ്റ്റേഴ്സ് മോശം പ്രകടനം കാഴ്ചവയ്ക്കുന്നതിനെത്തുടർന്നു പരിശീലകൻ റെനെ മ്യൂളസ്റ്റീൻ രാജിവച്ചു. വിജയങ്ങൾ നേടാനാകാതെ ടീം കടന്നുപോകുന്നതിനിടെയാണു റെനെയുടെ അപ്രതീക്ഷിത രാജി. നാളെ കൊച്ചിയിൽ എഫ്സി പൂന സിറ്റിക്കെതിരേയുള്ള മത്സരത്തിൽ സഹപരിശീലകനായിരുന്ന തംഗ്ബോയ് സിംഗ്തോ ടീമിനെ ഒരുക്കും. 2017 ജൂലൈ 14നാണ് മ്യൂളസ്റ്റീൻ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായി സ്ഥാനമേറ്റെടുത്തത്.
വ്യക്തിപരമായ കാരണങ്ങളാലാണു രാജിയെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാൽ, ടീമിലെ പടലപിണക്കവും ദയനീയ പ്രകടനവുമാണ് രാജിയിലേക്കു നയിച്ചതെന്നാണു വിവരം. പുതുവർഷത്തലേന്നു നിറഞ്ഞ സ്റ്റേഡിയത്തിൽ ബംഗളൂരു എഫ്സിയോട് ഒന്നിനെതിരേ മൂന്നു ഗോളുകൾക്കു പരാജയം രുചിച്ചതും കളമൊഴിയുന്നതിനു കാരണമായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ടീം ക്യാന്പിൽ അസ്വാരസ്യങ്ങളുള്ളതായി സൂചനകളുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയാണു റെനിയുടെ രാജിയെന്നാണു കരുതുന്നത്. അതേസമയം, പരസ്പര ധാരണയിലാണു റെനെ പരിശീലകസ്ഥാനം ഒഴിഞ്ഞതെന്നു ടീം മാനേജ്മെന്റ് പത്രക്കുറിപ്പിൽ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണു ടീം വിടുന്നതെന്നും മികച്ച അനുഭവത്തിനു ടീം മാനേജ്മെന്റിനും താരങ്ങൾക്കും ആരാധകർക്കും നന്ദി പറയുന്നതായും മ്യൂളസ്റ്റീനും പ്രതികരിച്ചു. പുതിയ കോച്ചിനെ ഉടൻ നിയമിക്കുമെന്ന് ബ്ലാസ്റ്റേഴ്സ് സിഇഒ വരുണ് ത്രിപുരാനേനി പറഞ്ഞു.
നിലവിൽ കളിച്ച ഏഴു മത്സരങ്ങളിൽ ടീമിനു ജയിക്കാനായത് ഒരെണ്ണത്തിൽ മാത്രമാണ്. രണ്ടെണ്ണത്തിൽ തോറ്റു. നാലെണ്ണം സമനിലയിലും കലാശിച്ചു. ഏഴു പോയിന്റുമായി പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സിപ്പോൾ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സർ അലക്സ് ഫെർഗൂസന്റെ അസിസ്റ്റന്റും യൂത്ത് ടീം പരിശീലകനുമായിരുന്ന മ്യൂളസ്റ്റീനെ ഏറെ പ്രതീക്ഷകളോടെയാണു ബ്ലാസ്റ്റേഴ്സ് ഐഎസ്എലിൽ അവതരിപ്പിച്ചത്. നാലു സീസണിനിടെ ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ പരിശീലകനായിരുന്നു റെനെ.
2015ലെ രണ്ടാം സീസണിലെ മോശം പ്രകടനം മൂലം പീറ്റർ ടെയ്ലറും ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസ്ഥാനത്തുനിന്നു രാജിവച്ചിരുന്നു. അന്ന് അവസാനക്കാരായാണു ബ്ലാസ്റ്റേഴ്സ് സീസണ് പൂർത്തിയാക്കിയത്. 2016ൽ ശരാശരി സംഘം മാത്രമായിരുന്ന മഞ്ഞപ്പടയെ ഫൈനലിലെത്തിച്ച സ്റ്റീവ് കോപ്പലിന്റെ പകരക്കാരനായാണു റെനി ചുമതലയേറ്റത്.