മുക്കം: മുക്കത്ത് നടന്ന വന്‍ മയക്കുമരുന്ന് വേട്ടയില്‍ ഞെട്ടി തരിച്ച് മലയോരം .അടുത്ത കാലത്തായി കിഴക്കന്‍ മലയോര മേഖലയുടെ സിരാകേന്ദ്രമായ മുക്കം കേന്ദ്രീകരിച്ച് മയക്ക് മരുന്ന് ഉപയോഗവും വില്പനയും നടക്കുന്നതായി വിവരമുണ്ടെങ്കിലും ഇത്രയും വലിയ ബ്രൗണ്‍ഷുഗര്‍ വേട്ട അക്ഷരാര്‍ത്ഥത്തില്‍ നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാനത്ത് തന്നെ ലഹരി മാഫിയയുടെ പ്രധാന കേന്ദ്രമായി മുക്കം മാറിയെന്നാണ് മയക്ക് മരുന്ന് വേട്ട നല്കുന്ന സൂചന. മുക്കത്തും പരിസരത്തുമായി പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. യുവാക്കളേയും ,സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികളും ലക്ഷ്യമിട്ടാണ് ലഹരി മാഫിയയുടെ പ്രവര്‍ത്തനമെന്നത് ജനത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേ സമയം മുക്കം മലയോരം ബാര്‍ ഹോട്ടലിന് സമീപത്ത് വെച്ച് ഒരു കോടി രൂപയുടെ ബ്രൗണ്‍ ഷുഗറുമായി മധ്യ പ്രദേശ് സ്വദേശി റയിസ് മുഹമ്മദ് പിടിയിലായ സാഹചര്യത്തില്‍ മുക്കത്തെയും പരിസരങ്ങളിലെയും ചില്ലറ വില്‍പ്പനക്കാരായ പലരും പോലീസ് പിടിയിലായേക്കുമെന്ന് സൂചന.മുക്കത്തെയും പരിസരങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചുള്ള ലഹരി മരുന്ന് ലോബികളിലൂടെയുള്ള അന്വേഷണമാണ് പ്രതിയെ പിടി കൂടുന്നതിന്ന് സഹായിച്ചത്.
എന്‍ഐടി, കോഴിക്കോട്, മുക്കം ഭാഗങ്ങളില്‍ ഇത് ഉപയോഗിക്കുന്നവരും വില്‍പ്പന നടത്തുന്നവരുമായി നിരവധി പേരുണ്ടെന്നും പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിലൂടെ അത്തരക്കാരെ കണ്ടെത്താന്‍ കഴിയുമെന്ന പോലിസിന്റെ കാഴ്ചപ്പാട് ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
മധ്യ പ്രദേശില്‍ നിന്നും മുക്കത്തെത്തിയ പ്രതി കൃത്യമായ ലക്ഷ്യത്തോടെയാണ് എത്തിയിട്ടുണ്ടാവുകയെന്നും തുടര്‍ന്നുള്ള അന്വേഷണങ്ങള്‍ അവരിലേക്കെത്തുമെന്നുമാണ് പോലീസ് നല്കുന്ന വിവരം.മയക്കു മരുന്ന് വേട്ടക്കായി അടുത്ത കാലത്തായി രൂപീകരിച്ച കേരളാ ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ഫോഴ്സിന്റെ പ്രവര്‍ത്തനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് നാട്ടുകാര്‍ കാണുന്നത്.
ഐജി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ രഹസ്യ നീക്കങ്ങളാണ് ഇന്നലെ മയക്കു മരുന്ന് വിതരണ സംഘത്തിന്റെ തലവനെ പിടി കൂടുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.