സ്വന്തം ലേഖകൻ
തൃശൂർ: “ചാലക്കുടിക്കാരൻ ചങ്ങാതി’ക്കൊപ്പം രേവത് ബാബു ഇന്നു വീണ്ടും തൃശൂരിൽനിന്നു തിരുവനന്തപുരത്തേക്ക്. തിരുവനന്തപുരത്തേക്കു ഓട്ടംവിളിച്ച് സ്ഥലമെത്തിയപ്പോൾ വാടക നൽകാതെ മുങ്ങിയ യാത്രക്കാരനെ തിരിച്ചറിയാനാണ് വരന്തരപ്പിള്ളി സ്വദേശിയായ ഓട്ടോഡ്രൈവർ രേവത് ഇന്നു രാത്രി വീണ്ടും തിരുവനന്തപുരത്തേക്കു പോകുന്നത്.
കഴിഞ്ഞയാഴ്ചയാണ് തൃശൂരിൽ കെഎസ്ആർടിസി സ്റ്റാൻഡിനടത്തുള്ള ഓട്ടോ സ്റ്റാൻഡിൽ രേവതിന്റെ “ചാലക്കുടിക്കാരൻ ചങ്ങാതി’യെന്ന ഓട്ടോറിക്ഷയിലേക്കു തിരുവനന്തപുരത്തേക്ക് ഓട്ടംവരുമോ എന്നു ചോദിച്ച് ഒരാൾ എത്തിയത്.
തന്റെ അമ്മ മരിച്ചെന്നും രാത്രിയിൽ ബസുകളില്ലാത്തതിനാൽ സമയത്തിന് എത്താനാകില്ലെന്നും അതിനാൽ ഓട്ടോയിൽ പോകാൻ പറ്റുമോ എന്നും ചോദിച്ചെത്തിയ ആളുടെ നിസഹായവസ്ഥ കണ്ടു മനസലിഞ്ഞാണ് രേവത് നിയമനാനുസൃതമല്ലെങ്കിലും ജില്ലകൾ കടന്നുള്ള ലോംഗ് ട്രിപ്പിനു സമ്മതിച്ചത്.
എങ്ങിനെയാണ് അമ്മ മരിച്ചതെന്നു രേവത് ചോദിച്ചപ്പോൾ അതിനൊന്നും കൃത്യമായ ഉത്തരം ഇയാൾ നൽകിയില്ല. തിരുവനന്തപുരത്തെത്തിയാൽ അളിയൻ പണം തരുമെന്നു പറഞ്ഞ ഇയാൾ ഓട്ടോ സ്റ്റാൻഡിൽവച്ച് രേവതിന് അളിയനെ ഫോണ് ചെയ്ത് കൊടുക്കുകയും അവനെ കൊണ്ടാക്കിയാൽ പണം തരാമെന്ന് ഫോണിൽ അയാൾ ഉറപ്പുകൊടുക്കുകയും ചെയ്തതിനെ തുടർന്നാണു രേവത് യാത്രയ്ക്ക് സമ്മതിച്ചത്.
തിരുവനന്തപുരം തൈക്കാട് ആശുപത്രിയിലാണ് അമ്മയുടെ മൃതദേഹമെന്നാണ് പറഞ്ഞിരുന്നത്. ഇതനുസരിച്ച് തൈക്കാടെത്തിയപ്പോൾ കാപ്പി കുടിക്കണമെന്നു പറഞ്ഞ ഇയാൾക്കൊപ്പം രേവതും കാപ്പികുടിച്ചു. പൈസ കൊടുത്തതും രേവത് തന്നെയാണ്.
അമ്മയുടെ അന്ത്യകർമങ്ങൾക്കായി ചില സാധനങ്ങൾ വാങ്ങാൻ അഡ്വാൻസ് നൽകണമെന്നും അതിനു പണം വേണമെന്നും ആവശ്യപ്പെട്ടു രേവതിൽനിന്ന് ഇയാൾ ആയിരം രൂപ വാങ്ങി. തുടർന്ന് ആർക്കോ ഫോണ് ചെയ്തു നടന്നുനീങ്ങിയ ഇയാളെ പിന്നീടു കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു.
നാലുമണിക്കൂറോളം ആശുപത്രി പരിസരത്തു കാത്തുനിന്ന രേവത് താൻ കബളിപ്പിക്കപ്പെട്ടുവെന്നു മനസിലായപ്പോൾ തന്പാനൂർ പോലീസ് സ്റ്റേഷനിലെത്തി പരാതിനൽകി. തിരിച്ച് തൃശൂർക്കു വരാൻ ഓട്ടോയ്ക്കു പെട്രോളടിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ല.
തന്പാനൂർ സ്റ്റേഷനിലെ എസ്ഐ അടക്കമുള്ള പോലീസുകാർ ചേർന്നു പിരിച്ചു നൽകിയ പൈസകൊണ്ടാണ് പെട്രോളടിച്ച് എറണാകുളം വരെയെത്തിയത്. അവിടെനിന്നു തൃശൂർക്കുള്ള മൂന്നു യാത്രക്കാരെ വണ്ടിയിൽ കയറ്റി അഡ്വാൻസായി പൈസ മേടിച്ചു പെട്രോളടിച്ച് തൃശൂരിലെത്തി. പച്ചവെള്ളം പോലും കുടിക്കാതെയാണ് താൻ തിരുവനന്തപുരത്തുനിന്ന് തൃശൂർ വരെ എത്തിയതെന്നും രേവത് പറഞ്ഞു.
രേവതിന്റെ പരാതിയിൻമേൽ തന്പാനൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആശുപത്രി പരിസരത്തെ സിസി ടിവി കാമറകൾ പരിശോധിക്കുകയും രേവതിനെ കബളിപ്പിച്ചയാളെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പോലീസിന് കിട്ടുകയും ചെയ്തു.
ഈ ദൃശ്യത്തിലുള്ളയാൾ തന്നെയാണ് തന്നെ പറ്റിച്ചതെന്ന് രേവത് പോലീസിനോടു പറഞ്ഞിട്ടുണ്ട്. നേരിട്ടെത്തി തിരിച്ചറിഞ്ഞാൽ മാത്രമേ തുടർനടപടികളിലേക്കു കടക്കാൻ പോലീസിനാകൂ. ഇതിനായാണ് രേവതിനോട് വീണ്ടും തിരുവനന്തപുരത്തേക്കു വരാൻ പോലീസ് നിർദ്ദേശിച്ചിരിക്കുന്നത്.
രേവതിനെ കബളിപ്പിച്ചയാളുടെ വീട് തിരുവനന്തപുരം ഉദയംകുളങ്ങരയാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാൾ പോലീസ് നിരീക്ഷണത്തിലാണ്. ഇയാളുടെ ഫോണിൽ പോലീസ് വിളിച്ചപ്പോൾ താൻ എറണാകുളത്താണെന്നാണ് ആദ്യം പറഞ്ഞത്.
എന്നാൽ പോലീസ് വീണ്ടും ചോദിച്ചപ്പോൾ താൻ തിരുവനന്തപുരത്തുണ്ടെന്നും ക്വാറന്റൈനിലാണെന്നുമാണ് പറഞ്ഞിരിക്കുന്നത്. തന്നെ കബളിപ്പിച്ചയാളെ തിരിച്ചറിയാൻ ഇന്നുരാത്രി തൃശൂരിൽ നിന്നും രേവത് വീണ്ടും തന്റെ ഓട്ടോയിൽ അനന്തപുരിയിലേക്കു യാത്ര തിരിക്കും. കൂടെ സുഹൃത്തുക്കളായ രണ്ട് ഓട്ടോ ഡ്രൈവർമാരുമുണ്ടാകും.
വാടക കൈപ്പറ്റിയ ശേഷം പോലീസ് നടപടി എന്തു തന്നെയാണെങ്കിലും അതുമായി മുന്നോട്ടുപോകുമെന്നും ഇനിയാരേയും അയാളോ അയാളെപോലുള്ളവരോ പറ്റിക്കാതിരിക്കാനാണതെന്നും രേവത് പറഞ്ഞു.
അതേസമയം താനാരേയും പറ്റിച്ചിട്ടില്ലെന്നും അമ്മ മരിച്ചെന്ന് പറഞ്ഞിട്ടില്ലെന്നും മൊബൈൽ വിറ്റ് വാടക നൽകാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ പോവുകയാണുണ്ടായതെന്നുമുള്ള വാദവുമായി പ്രതിയെന്ന് സംശയിക്കുന്ന യുവാവ് രംഗത്തെത്തിയിട്ടുണ്ട്.
ഏഴായിരം രൂപയ്ക്ക് ഫോണ് വിറ്റെന്നും പണവുമായി തിരിച്ചെത്തിയപ്പോൾ ഡ്രൈവറെ കാണാനുണ്ടായിരുന്നില്ലെന്നും ഇയാൾ പറയുന്നുണ്ട്.