ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിലെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റനായുള്ള വിരാട് കോഹ്ലിയുടെ കാലം കഴിഞ്ഞു… 2008ൽ ഐപിഎൽ പിറവിയെടുത്തതു മുതൽ ആർസിബിക്കൊപ്പമായിരുന്നു കോഹ്ലി.
ഇപ്പോൾ നടക്കുന്ന 14-ാം സീസണിന്റെ മധ്യത്തോടെ കോഹ്ലി ഒരു പ്രഖ്യാപനം നടത്തിയിരുന്നു, ഈ സീസണോടെ ആർസിബി ക്യാപ്റ്റൻ സ്ഥാനത്തുനിന്നു താൻ പടിയിറങ്ങുകയാണെന്ന്. അങ്ങനെ വരുന്പോൾ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ നടന്ന പ്ലേ ഓഫിലെ എലിമിനേറ്റർ പോരാട്ടമായിരുന്നു ആർസിബി ക്യാപ്റ്റനായുള്ള കോഹ്ലിയുടെ അവസാന മത്സരം.
എലിമിനേറ്റർ പോരാട്ടത്തിൽ കെകെആർ നാലു വിക്കറ്റ് ജയം നേടി. അതോടെ കോഹ്ലിയുടെ ആർസിബി 2021 സീസണിൽനിന്നു പുറത്ത്. ലീഗ് റൗണ്ടിൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനവുമായാണ് ആർസിബി പ്ലേ ഓഫിലെത്തിയത്. 14 മത്സരത്തിൽ ഒന്‍പതു ജയവും അഞ്ച് തോൽവിയുമായി 18 പോയിന്റായിരുന്നു ആർസിബിക്ക് ഇത്തവണയുണ്ടായിരുന്നത്.
അടുത്ത സീസണിനു മുന്‍പ് ഐപിഎല്ലിൽ മെഗാ താരലേലം ഉണ്ടാകും. എല്ലാ ടീമുകളും ഉടച്ചുവാർക്കപ്പെടും. ക്യാപ്റ്റൻസ്ഥാനത്ത് ഇല്ലെങ്കിലും ഐപിഎല്ലിൽ ആർസിബിയുടെ താരമായിരിക്കാനാണു തനിക്കിഷ്ടമെന്നു കോഹ്ലി വെളിപ്പെടുത്തിയിരുന്നു. അതിനാൽ അടുത്ത സീസണിലും കോഹ്ലി ആർസിബിയിലുണ്ടായേക്കും.
14 സീസണിലായി ഒരു തവണ ഫൈനലിൽ പ്രവേശിച്ചത് മാത്രമാണ് ആർസിബിക്ക് ഐപിഎൽ ചരിത്രത്തിൽ എടുത്തുപറയാനുള്ളത്. ഏറ്റവും മികച്ച ഒരു പിടിതാരങ്ങൾ എക്കാലവും ആർസിബിക്ക് ഒപ്പമുണ്ടായിട്ടാണ് ഒരു കിരീടം പോലുമില്ലാത്തത് എന്നതും ശ്രദ്ധേയം.
തുടക്കവും ഒടുക്കവും
കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുള്ള തോൽവിയോടെയാണ് ഐപിഎല്ലിൽ വിരാട് കോഹ്ലിയുടെ ആർസിബി ജീവിതം ആരംഭിച്ചത്. 2008 ഏപ്രിൽ 18നു നടന്ന പോരാട്ടത്തിൽ കെകെആർ 140 റണ്‍സിന്റെ ദയനീയ തോൽവി വഴങ്ങി. അണ്ടർ 19 ഏകദിന ലോകകപ്പ് നേടിയ ക്യാപ്റ്റനായി ആയിരുന്നു കോഹ്ലി ആർസിബിയിലെത്തിയത്.
കോഹ്ലി അന്നു നേടിയത് 1 റണ്‍, ആർസിബി 15.1 ഓവറിൽ 82 പുറത്താകുകയും ചെയ്തു. കോഹ്ലിയുടെ ആർസിബി ക്യാപ്റ്റനായുള്ള അവസാന മത്സരവും കെകെആറിനോടുള്ള തോൽവിയോടെയായിരുന്നു എന്നതും മറ്റൊരു വസ്തുത. ന്യൂസിലൻഡ് മുൻ താരം ഡാനിയേൽ വെട്ടോറിക്കു പകരമായി 2013ലാണു കോഹ്ലി ആർസിബി സ്ഥിരം ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയത്.
നന്ദി…
തോൽവി നിരാശ പകർന്നെങ്കിലും തലയുയർത്തിത്തന്നെയാണ് യുഎഇയിൽനിന്നു മടങ്ങുന്നതെന്നു കോഹ്ലി ട്വീറ്റിലൂടെ വ്യക്തമാക്കി. ‘മത്സരം തോറ്റതിൽ നിരാശയുണ്ട്. പക്ഷേ ടീമംഗങ്ങളുടെ പ്രകടനം എനിക്ക് അഭിമാനം പകരുന്നു.
പരാജയത്തിലും തലയുയർത്തിയാണു ഞങ്ങൾ മടങ്ങുന്നത്. ഞങ്ങളെ ഇതുവരെ പിന്തുണച്ച ആരാധകർക്കും ടീം മാനേജ്മെന്റിനും ഒരുപാട് നന്ദി’ – കോഹ്ലി കുറിച്ചു.
കോഹ്ലിയുടെ ഈ ട്വീറ്റിനു പിന്നാലെ ആർസിബിയും ട്വീറ്റുമായി രംഗത്തെത്തി. കോഹ്ലി വരുംതലമുറയ്ക്കുള്ള വലിയ റോൾ മോഡലാണെന്നും ടീമിന്റെ വഴികാട്ടിയാണെന്നും ആർസിബി കുറിച്ചു. അടുത്ത വർഷം കിരീടത്തിനായി പോരാടുമെന്നും ടീം കൂട്ടിച്ചേർത്തു. കോഹ്ലിയുടെ സഹോദരി ഭാവനയും വികാരാധീനമായ ട്വീറ്റ് പങ്കുവച്ചു.