ന്യൂഡൽഹി: 2016-17 ധനകാര്യ വർഷത്തിൽ ആദ്യ മൂന്നു ത്രൈമാസത്തെ കണക്കുകളനുസരിച്ച് ഏറ്റവും കൂടുതൽ വെട്ടിപ്പുകൾ നടന്നത് ഐസിഐസിഐ ബാങ്കിലാണ്. എസ്ബിഐ രണ്ടാം സ്ഥാനത്താണെന്നും ആർബിഐ പുറത്തുവിട്ട കണക്കുകളിൽ സൂചിപ്പിക്കുന്നു.
2016 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള ഒന്പത് മാസങ്ങളിൽ 455 കേസുകളാണ് ഐസിഐസിഐ ബാങ്കിൽ കണ്ടെത്തിയത്. തൊട്ടുപിന്നാലെ എസ്ബിഐ ഉണ്ട്, 429 കേസുകൾ. സ്റ്റാൻഡാർഡ് ചാർട്ടേഡിൽ 244ഉം എച്ച്ഡിഎഫ്സി ബാങ്കിൽ 237ഉം കേസുകളുമുണ്ട്. ആക്സിസ് ബാങ്കിൽ 189ഉം ബാങ്ക് ഓഫ് ബറോഡയിൽ 176ഉം സിറ്റി ബാങ്കിൽ 150ഉം കേസുകളുണ്ട്.
മൂല്യം കണക്കാക്കിയാൽ എസ്ബിഐയിൽ 2,236.81 കോടി രൂപയുടെയും പഞ്ചാബ് നാഷണൽ ബാങ്കിൽ 2,250.34 കോടി രൂപയുടെയും ആക്സിസ് ബാങ്കിൽ 1,998.49 കോടി രൂപയുടെയും വെട്ടിപ്പുകൾ നടന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കേന്ദ്ര ധനമന്ത്രാലയത്തിനു സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരിക്കുന്നത്.
എസ്ബിഐയിൽ 64 ജീവനക്കാർ വെട്ടിപ്പുകൾക്ക് കൂട്ടുനിന്നപ്പോൾ എച്ച്ഡിഎഫ്സി ബാങ്കിൽ 49 പേരും ആക്സിസ് ബാങ്കിൽ 35 പേരുമാണ്. മൊത്തം 450 ജീവനക്കാർ ആകെ വെട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുണ്ട്. 3,870 കേസുകളിൽ 17,750.27 കോടിയുടെ വെട്ടിപ്പുകളാണ് ആകെ നടന്നിട്ടുള്ളത്. –