ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ ദിവസേന വര്‍ദ്ധിച്ചുവരുന്ന കാലമാണിത്. ഈ അവസരത്തിലാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദേശം എത്തിയിരിക്കുന്നത്. ക്രെഡിറ്റ്‌ന ഡെബിറ്റ് കാര്‍ഡ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ മൂന്നു ദിവസത്തിനകം വിവരം അറിയിച്ചാല്‍ നഷ്ടപ്പെട്ട തുക മുഴുവന്‍ 10 ദിവസത്തിനകം ഉപഭോക്താവിന്റെ അക്കൗണ്ടില്‍ വരവു വയ്ക്കണമെന്നാണ് ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കിയിരിക്കുന്ന നിര്‍ദേശം. അനധികൃത ഇലക്ട്രോണിക് ഇടപാടുകളില്‍നിന്ന് ഉപഭോക്താക്കള്‍ക്കു സംരക്ഷണം നല്‍കുന്നതിന്റെ ഭാഗമായാണു നിര്‍ദേശം.
തട്ടിപ്പു റിപ്പോര്‍ട്ട് ചെയ്യുന്നതു മൂന്നു ദിവസത്തിനു ശേഷവും ഏഴു ദിവസത്തിനകവുമാണെങ്കില്‍ ഓരോ ഇടപാടിന്റെയും ബാധ്യത ഉപഭോക്താവിന്റേതായിരിക്കും. എന്നാല്‍ ഓരോ ഇടപാടിന്റെയും ബാധ്യത പരമാവധി 25,000 രൂപ എന്ന നിബന്ധനയ്ക്കു വിധേയമായി ഇടപാടു തുകയ്ക്കു തുല്യമായിരിക്കും. ഏഴു ദിവസത്തിനു ശേഷമാണു റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കില്‍ ബാധ്യത സംബന്ധിച്ചു ബന്ധപ്പെട്ട ബാങ്കിനു തീരുമാനമെടുക്കാം. പിന്‍ പോലുള്ള രഹസ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയതു മൂലമാണു പണം നഷ്ടപ്പെട്ടതെങ്കില്‍ തുകയുടെ പൂര്‍ണബാധ്യതയും ഉപഭോക്താവിനായിരിക്കും. എന്നാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷവും തട്ടിപ്പു നടന്നാല്‍ പൂര്‍ണ ബാധ്യത ബാങ്ക് വഹിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുണ്ട്. നോട്ട് റദ്ദാക്കലിനെ തുടര്‍ന്നു ഡിജിറ്റല്‍ ബാങ്കിങ്ങിനു വലിയ തോതില്‍ പ്രചാരം ലഭിക്കുകയും അതേസമയം തട്ടിപ്പുകള്‍ പെരുകുകയും ചെയ്ത സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെയും ബാങ്കുകളുടെയും ബാധ്യത സംബന്ധിച്ച നിര്‍ദേശങ്ങള്‍ ആര്‍ബിഐ പരിഷ്‌കരിച്ചിരിക്കുന്നത്.