മുംബൈ: വ്യാജവാർത്തകൾക്കും പ്രചരണങ്ങൾക്കും തട്ടിപ്പിനും ഇരയാവാതെ പൊതുജനങ്ങളെ ബോധവത്കരിക്കാനുള്ള പദ്ധതിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിക്കുന്നു. “ആർബിഐ എന്താണു പറയുന്നതെന്നു കേൾക്കൂ’ എന്ന പദ്ധതിവഴി പൊതുജനങ്ങൾക്ക് എസ്എംഎസുകളിലൂടെ ബോധവത്കരണ സന്ദേശങ്ങൾ എത്തിക്കുമെന്ന് റിസർവ് ബാങ്ക് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് വ്യാപകമായി തട്ടിപ്പുകൾ നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് റിസർവ് ബാങ്ക് പദ്ധതി ആവിഷ്കരിക്കുന്നത്. എസ്എംഎസുകളിലൂടെയും ഇ-മെയിലുകളിലൂടെയും ഫോൺ കോളിലൂടെയും പണം ലഭിച്ചുവെന്നോ സമ്മാനത്തിന് അർഹരായെന്നോ ചൂണ്ടിക്കാട്ടി തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പ്രവണത കൂടിവരുന്നുണ്ട്.
അത്തരം വ്യാജ വാഗ്ദാനങ്ങളിൽ വീഴാതെ ശ്രദ്ധിക്കണമെന്നു ചൂണ്ടിക്കാട്ടിയാണ് പൊതുജനങ്ങൾക്ക് ആർബിഐ എസ്എംഎസുകൾ അയയ്ക്കുക. ആർബിഐസേ എന്ന ഐഡിയിൽനിന്നാവും ഈ എസ്എംഎസുകൾ ലഭ്യമാകുന്നത്. കൂടാതെ ജനങ്ങൾക്ക് 8691960000 എന്ന നന്പരിലേക്ക് മിസ്ഡ് കോൾ നല്കി കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയും.