മുംബൈ: ഇന്ത്യൻ ഉപയോക്താക്കളുടെ ഈ പേമെന്റ് വിവരങ്ങൾ ഇന്ത്യയിൽത്തന്നെ സൂക്ഷിക്കണമെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഇന്ത്യയിൽതന്നെയുള്ള ഡേറ്റാ സെന്ററുകളിൽ സൂക്ഷിക്കാൻ ബുദ്ധിമുട്ടുണ്ടെന്നു വിദേശ ഈ പേമെന്റ് കന്പനികൾ കേന്ദ്ര വാണിജ്യമന്ത്രി പീയുഷ് ഗോയലിനെ അറിയിച്ചതിനു പിന്നാലെയാണ് റിസർവ് ബാങ്കിന്റെ പ്രഖ്യാപനം.
കഴിഞ്ഞ ദിവസമായിരുന്നു ആമസോണ്‍, ഫ്ലിപ് കാർട്ട് തുടങ്ങിയ കന്പനികളുടെ പ്രതിനിധികൾ കേന്ദ്ര വാണിജ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇ-പേമെന്റ് ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള ഡേറ്റാ പ്രോസസിംഗ് ആവശ്യമെങ്കിൽ ഇന്ത്യയ്ക്കു വെളിയിൽ നടത്താം, എന്നാൽ, ഈ ഡേറ്റകൾ പ്രോസസിംഗ് നടത്തി 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ ഡേറ്റാ സെന്ററിലെത്തിക്കണമെന്നും ആർബിഎെ നിർദേശിച്ചു.
എൻഡ് ടു എൻഡ് ഇടപാടുകളുടെ വിവരങ്ങളും ഇന്ത്യയിലെ ഡേറ്റാ സെന്ററുകളിൽ സൂക്ഷിക്കണമെന്നും ആർബിഎെ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് ഇ- പേമെന്റ് വിവരങ്ങൾ ഇന്ത്യയിൽ സൂക്ഷിക്കണമെന്നതു നിർബന്ധമാക്കിക്കൊണ്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിബന്ധനകൾ പുറത്തിറങ്ങുന്നത്.