രാജ്യത്തിന് ഏതെല്ലാം തരത്തിലുള്ള തിരിച്ചടികളാണ് കേന്ദ്രം ഭരിച്ചുകൊണ്ടിരിക്കുന്ന എന്‍ഡിഎ സര്‍ക്കാര്‍ നല്കിക്കൊണ്ടിരിക്കുന്നത് എന്നതിന് തെളിവാകുന്ന നിരവധി സംഭവങ്ങള്‍ രാജ്യം ഇതിനോടകം കണ്ടു കഴിഞ്ഞു. അക്കൂട്ടത്തിലൊന്നാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്റെയും ഇപ്പോള്‍, ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഫലങ്ങള്‍ പുറത്ത് വരുന്നതിന് തൊട്ട് തേല ദിവസം, നിലവിലെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെയും രാജി.
ഊര്‍ജിത് പട്ടേല്‍ രാജി വച്ചതില്‍ പകച്ചിരിക്കുന്ന രാജ്യത്തെ ജനങ്ങളോട് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന് നല്കുന്ന ഒരു സൂചനയാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രാജ്യത്തിന് ഒരു മുന്നറിയിപ്പ് എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രഘുറാം രാജന് ഇക്കാര്യം വ്യക്തമാക്കിയത്.
ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്നായിരുന്നു വിഷയത്തില്‍ അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. ഊര്‍ജിത് പട്ടേലിന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായി കാണണമെന്നും മുന്‍ ആര്.ബി.ഐ ഗവര്‍ണ്ണര്‍ പറഞ്ഞു.
‘ഒരു സര്‍ക്കാരുദ്യോഗസ്ഥന്റെ രാജി അദ്ദേഹത്തിന്റെ പ്രതിഷേധമായാണ് കാണേണ്ടത്. നിലവിലെ നയങ്ങള്‍ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന തുറന്നു പറച്ചിലാണത്’-എക്കണോമിക് ടൈംസിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘അദ്ദേഹത്തിന്റെ പ്രസ്താവനയെ ബഹുമാനിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒരു കടുത്ത തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്താണെന്ന് നമ്മള് അന്വേഷിക്കണം’- രാജന് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും വികസനത്തിനും ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്ത് പ്രധാനമാണെന്നും ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ആര്.ബി.ഐ ബോര്‍ഡിന്റെ അധികാരം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അദ്ദേഹം ഉത്കണ്ഠ പ്രകടിപ്പിക്കുകയും ചെയ്തു. ഉപദേശക സമിതി എന്ന നിലയില്‍ നിന്നും കൂടുതല്‍ അധികാരം ബോര്‍ഡിന് നല്‍കുന്നത് ആര്.ബി.ഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മുമ്പ് ബോര്‍ഡ് ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നു ചെയ്യാറ്. അത് അംഗീകരിക്കാന്‍ പറ്റുന്നതുമായിരുന്നു. ആര്.ബി.ഐയിലെ സാമ്പത്തിക വിദഗ്ദര്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുകയും ജനങ്ങളുടെ അഭിപ്രായത്തെ പ്രതിനിധീകരിക്കുന്ന ബോര്‍ഡിന് ഉപദേശങ്ങള്‍ നല്‍കുകയും ആവാം. എന്നാല്‍ ബോര്‍ഡിന്റെ അധികാരം വര്‍ധിപ്പിക്കുന്നത് ആര്.ബി.ഐയുടെ പ്രവര്‍ത്തനത്തെ ബാധിക്കും’- അദ്ദേഹം പറഞ്ഞു.