മുംബൈ: ഭവന-വാഹന വായ്പകളുടെയും സൂക്ഷ്മ ചെറുകിട വ്യവസായങ്ങളുടെ വായ്പയുടെയും പലിശ നിർണയം ഇനി സുതാര്യമാകും. അടുത്ത ഏപ്രിൽ ഒന്നിനു പുതിയ രീതി നിലവിൽ വരും. ഇന്നലെ റിസർവ് ബാങ്ക് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി. ഇതുവരെ ബാങ്കുകൾക്കു നിക്ഷേപത്തിനും മറ്റും വേണ്ടിവരുന്ന ചെലവ് കണക്കാക്കിയാണു വായ്പാ പലിശ നിശ്ചയിച്ചിരുന്നത്.
ഇനി ബാങ്കിനു പുറത്തുള്ള ഏതെങ്കിലും ഒരു നിരക്ക് ആധാരമാക്കി വേണം വായ്പാ- പലിശ നിശ്ചയിക്കാൻ. അതിനായി നാലു നിരക്കുകളിൽ ഒന്നു ബാങ്കിനു തീരുമാനിക്കാം.
1. റിസർവ് ബാങ്കിന്റെ റീപോ നിരക്ക്
2. ഇന്ത്യാ ഗവൺമെന്റിന്റെ 91 ദിവസ ട്രഷറി ബില്ലിലെ നിക്ഷേപ നേട്ടം (ഫിനാൻഷൽ ബെഞ്ച്മാർക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്നത്).
3. 182 ദിവസ ട്രഷറി ബില്ലിലെ നിക്ഷേപനേട്ടം (എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്നത്).
4. എഫ്ബിഐഎൽ പ്രസിദ്ധീകരിക്കുന്ന മറ്റേതെങ്കിലും പലിശ നിരക്ക്.
ഇങ്ങനെ സ്വീകരിക്കുന്ന അടിസ്ഥാന നിരക്കിൽ നിന്ന് എത്ര ഉയർത്തിയാണു പലിശ നിശ്ചയിക്കുക എന്നത് ബാങ്കിനു തീരുമാനിക്കാം. വായ്പയുടെ തുടക്കത്തിൽ ഇതു തീരുമാനിച്ചാൽ പിന്നെ മാറ്റാൻ പാടില്ല. എന്നാൽ വായ്പയെടുത്തയാളിന്റെ ക്രെഡിറ്റ് റേറ്റിംഗ് (വായ്പായോഗ്യത) ഗണ്യമായി മാറിയാൽ ബാങ്കിനു നിരക്ക് മാറ്റാം. ഒരിനം വായ്പകൾക്ക് ഒരേ അടിസ്ഥാന നിരക്കു തന്നെ സ്വീകരിക്കണം. ഇതു സംബന്ധിച്ച വിശദമായ ഉത്തരവ് ഈ മാസം തന്നെ നല്കും.
ഭവന നിർമാണ, വാഹനവായ്പകളടക്കമുള്ള വ്യക്തിഗത വായ്പകൾക്കും സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾക്കുള്ള വായ്പകൾക്കമാണ് ഈ പുതിയ രീതി വരിക. ബിപിഎൽആർ, എംസിഎൽആർ, ബേസ് റേറ്റ് തുടങ്ങിയവ ആധാരമാക്കി പലിശ നിശ്ചയിക്കുന്ന രീതി ഇതോടെ മാറും.