കറന്‍സി അച്ചടി പരിമിതമാക്കാന്‍ റിസര്‍വ് ബാങ്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്! കാരണമായി പറയുന്നത്, നോട്ടു സൂക്ഷിക്കാനുള്ള സ്ഥലമില്ലായ്മ; പ്രതികരണത്തിന് തയാറാവാതെ ആര്‍ബിഐ

പ്രധാനമന്ത്രി നരേന്ദ്രമോദി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ റദ്ദാക്കിയതിന് പിന്നാലെ അതുമായി ബന്ധപ്പെട്ട ഏതാനും ചില വാര്‍ത്തകള്‍ കൂടി പുറത്തുവന്നിരുന്നു. രാജ്യത്തെ എടിഎമ്മുകളില്‍ പലതും നിര്‍ത്തലാക്കാന്‍ പോവുകയാണെന്നും എടിഎമ്മുകള്‍ പുതിയ ടെക്‌നോളജികള്‍ ഉപയോഗിച്ച് നവീകരിക്കുമെന്നുമുള്ളത് അവയില്‍ ചിലതായിരുന്നു. റിസര്‍വ് ബാങ്ക് നടപ്പ് സാമ്പത്തിക വര്‍ഷം കറന്‍സി അച്ചടി പരിമിതമാക്കുമെന്നതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അഞ്ചു വര്‍ഷത്തിനിടെ ഇതാദ്യമായാണ് നോട്ട് അച്ചടി ഇത്രയും കുറയ്ക്കുന്നത്. കറന്‍സി ചെസ്റ്റുകളിലും വാണിജ്യ ബാങ്കുകളിലും നോട്ടുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണിതെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്തു. നടപ്പ് വര്‍ഷം 21 ബില്യണ്‍ (2100 കോടി) നോട്ടുകള്‍ക്കാണ് ആര്‍ബിഐ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇതിനുമുമ്പത്തെ വര്‍ഷം 28 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ശരാശരി 25 ബില്യണ്‍ നോട്ടുകളാണ് അച്ചടിച്ചുവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കറന്‍സി ചെസ്റ്റുകളിലും ആര്‍ബിഐയുടെ സൂക്ഷിപ്പുകേന്ദ്രങ്ങളിലും അസാധുവാക്കിയ നോട്ടുകള്‍ കെട്ടിക്കിടക്കുകയാണെന്ന് പ്രമുഖ സ്വകാര്യ ബാങ്കിലെ പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നോട്ടുകള്‍ നശിപ്പിക്കുന്നതിനുമുമ്പ് എണ്ണിത്തീര്‍ക്കേണ്ടതുള്ളതുകൊണ്ടാണിത്. അതേസമയം, ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാന്‍ ആര്‍ബിഐ തയ്യാറായിട്ടുമില്ല. കറന്‍സി വെരിഫിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് അസാധുവാക്കിയ നോട്ടുകള്‍ പരിശോധിച്ചുവരികയാണെന്ന് നേരത്തെ പിടിഐ വെളിപ്പെടുത്തിയിരുന്നു.

Related posts