മുംബൈ: റിസർവ് ബാങ്ക് വീണ്ടും റീപോ നിരക്ക് കുറച്ചിട്ടും ബാങ്കുകൾ അനങ്ങുന്നില്ല. ചുരുക്കം ബാങ്കുകളേ പലിശനിരക്ക് കുറച്ചിട്ടുള്ളു. അതു തന്നെയും നാമമാത്രമായ 0.05 ശതമാനവും 0.10 ശതമാനവും വീതം.
രണ്ടു മാസത്തിനുള്ളിൽ രണ്ടു തവണയായി റീപോ നിരക്ക് അരശതമാനം കുറച്ചിരുന്നു. കാൽശതമാനമാണ് ഓരോ തവണയും കുറച്ചത്. ആദ്യ തവണ കുറച്ചപ്പോൾ എസ്ബിഐ അടക്കം ചില ബാങ്കുകൾ 0.05 ശതമാനവും 0.1 ശതമാനവും വീതം വായ്പാ പലിശ കുറച്ചു. ഇപ്പോൾ വീണ്ടും റീപോ കാൽശതമാനം കുറച്ചപ്പോഴും ബാങ്കുകളുടേതു നാമമാത്ര കുറയ്ക്കൽ മാത്രമാണ്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവനവായ്പാ നിരക്ക് 8.65 ശതമാനത്തിൽനിന്ന് 8.6 ശതമാനമായി കുറച്ചു. 30 ലക്ഷം രൂപയിൽ കൂടാത്ത വായ്പയ്ക്കാണ് ഈ നിരക്ക്. ഇടത്തരം ഭവനവായ്പകളുടെ പലിശ ഇതോടെ 8.6 ശതമാനം മുതൽ 8.9 ശതമാനം വരെയാകും.
വായ്പാ പലിശ കുറയ്ക്കുന്ന സാഹചര്യത്തിൽ നിക്ഷേപ പലിശയും കുറയ്ക്കുന്നതായി എസ്ബിഐ അറിയിച്ചു. ഒരു ലക്ഷം രൂപയിലധികം ബാലൻസ് ഉള്ള എസ്ബി അക്കൗണ്ടുകൾക്കു നല്കുന്ന പലിശ മേയ് ഒന്നു മുതൽ 3.5 ൽനിന്നു 3.25 ശതമാനമായി കുറയ്ക്കും. ഇന്ത്യൻ ഓവർസീസ് ബാങ്ക് വായ്പാ പലിശയിൽ 0.05 ശതമാനം കുറവ് പ്രഖ്യാപിച്ചു.
ഐസിഐസിഐ ബാങ്ക് 0.05 ശതമാനം കുറവ് ഏപ്രിൽ ഒന്നിനു വരുത്തിയിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് 0.05-0.1 ശതമാനം കുറവ് വരുത്തി.