ന്യൂഡൽഹി: അലാഹാബാദ് ബാങ്കിനു പുതിയ വായ്പകൾ അനുവദിക്കുന്നതടക്കം പല കാര്യങ്ങളിലും വിലക്ക്. റിസർവ് ബാങ്കാണ് ഈ പൊതുമേഖലാ ബാങ്കിനു നിയന്ത്രണം കൊണ്ടുവന്നത്. ഇതോടെ വിലക്കുകൾ നേരിടുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം രണ്ടായി. കഴിഞ്ഞയാഴ്ച ദേന ബാങ്കിനും ഇതേ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
കോൽക്കത്ത ആസ്ഥാനമായുള്ള അലാഹാബാദ് ബാങ്ക് നേതൃപ്രതിസന്ധി നേരിടുന്ന അവസരത്തിലാണ് വിലക്ക്. ബാങ്ക് മാനേജിംഗ് ഡയറക്ടറും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറു(സിഇഒ)മായ ഉഷ അനന്തസുബ്രഹ്മണ്യനെ നീക്കാൻ കേന്ദ്ര ധനമന്ത്രാലയം നല്കിയ നിർദേശപ്രകാരം ഇന്നലെ ഡയറക്ടർ ബോർഡ് തീരുമാനിച്ചു.
ഉഷ പഞ്ചാബ് നാഷണൽ ബാങ്കി(പിഎൻബി)ൽ എംഡി ആയിരുന്നപ്പോഴാണ് നീരവ് മോദിയും മെഹുൽ ചോക്സിയും ചേർന്ന് നടത്തിയ തട്ടിപ്പ് തുടങ്ങിയത്. തട്ടിപ്പു കേസിൽ സിബിഐ കഴിഞ്ഞദിവസം ഉഷയെയും മറ്റും ചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ത്വരിത തിരുത്തൽ നടപടി (പ്രോംറ്റ് കറക്ടീവ് ആക്ഷൻ-പിസിഎ) പ്രകാരം നിരീക്ഷണത്തിലുള്ള 11 പൊതുമേഖലാ ബാങ്കുകളിൽപ്പെട്ടതാണ് ഇവ രണ്ടും. പ്രശ്നവായ്പകൾ വർധിച്ചതും മൂലധനം കുറവായതും അടക്കം പല കാര്യങ്ങൾ നോക്കിയാണ് ബാങ്കുകളെ പിസിഎയിൽപ്പെടുത്തിയത്.
ഈ പട്ടികയിൽ വരുന്ന ബാങ്കുകൾ ശാഖ തുറക്കുന്നതും നഷ്ടസാധ്യത കൂടിയ മേഖലകൾക്കു പുതിയ വായ്പ കൊടുക്കുന്നതും അനുവദിക്കില്ല. കൂടുതൽ മോശമാകുന്പോഴാണ് പുതിയ വായ്പകൾക്കും നിയമനങ്ങൾക്കും മൊത്തം വിലക്കുവരുന്നത്.