സ്വന്തം ലേഖകൻ
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്.
വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകാൻ ചട്ടങ്ങൾ ലംഘിച്ചാണ് മന്ത്രി ശിപാർശ ചെയ്തതെന്നു വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നതിനു പിന്നാലെയാണ് ഈ നീക്കം.
വിഷയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ലോകായുക്തയിൽ പരാതി നൽകും.
മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും സത്യപ്രതിജ്ഞ ലംഘനം നടത്തിയ മന്ത്രി രാജിവയ്ക്കാതിരിക്കാനാവില്ലെന്നും രമേശ് ചെന്നിത്തല ഇന്നലെ രാത്രി വ്യക്തമാക്കിയിരുന്നു.
ഇല്ലാത്ത അധികാരമാണ് മന്ത്രി ഉപയോഗിച്ചത്. വിസി നിയമനത്തിനായി രൂപീകരിച്ച സേർച്ച് കമ്മിറ്റി റദ്ദാക്കണമെന്ന നിർദേശം ഇല്ലാത്ത അധികാരം ഉപയോഗിച്ചതിന്റെ തെളിവാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ചട്ടങ്ങൾ ലംഘിച്ച് മന്ത്രി ഇടപെട്ടതു വ്യക്തമായ സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർ നിയമനത്തിനായി യുജിസി ചട്ടങ്ങൾ ലംഘിച്ച് മന്ത്രി ആർ. ബിന്ദു രണ്ട് കത്തുകളാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നൽകിയത്. ഇതാണ് ഇന്നലെ പുറത്തുവന്നത്.
രാഷ്ട്രീയ നിയമനങ്ങൾക്കായി സർക്കാർ സമ്മർദ്ദം ചെലുത്തുകയാണെന്ന ഗവർണറുടെ ആരോപണത്തെ മറികടക്കാൻ ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നു ഇടതുപക്ഷം പ്രത്യാരോപണം ഉയർത്തുന്നതിനിടെയാണ് മന്ത്രിയുടെ കത്ത് പുറത്തുവന്നത്. ഇത് സർക്കാരിനെ കൂടുതൽ കുരുക്കിലാക്കിയിട്ടുണ്ട്.
അതേസമയം, ചട്ട വിരുദ്ധമാണെന്ന് അറിഞ്ഞിട്ടും മന്ത്രിയുടെ കത്ത് മാത്രം അടിസ്ഥാനമാക്കി വിസി നിയമനം ഗവർണർ എങ്ങനെ അംഗീകരിച്ചെന്നാണ് ഇടതുപക്ഷം ഉയർത്തുന്ന ചോദ്യം. ചട്ടവിരുദ്ധ നിയമനം നടത്തിയ ഗവർണറും സമാനമായ കുറ്റം ചെയ്തിട്ടുണ്ട്.
വിസി നിയമന കാര്യത്തിൽ നിയമവിരുദ്ധമായ നടപടികളുണ്ടായിട്ടുണ്ടെങ്കിൽ അത് കണ്ടെത്തേണ്ടത് കോടതിയാണ്. വിഷയം ഇപ്പോൾ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
ഇക്കാര്യത്തിൽ ഹൈക്കോടതി എന്താണ് നടപടി സ്വീകരിക്കുന്നതെന്നാണ് സിപിഎം ഉറ്റുനോക്കുന്നത്. അതുകൊണ്ട് നിലവിലെ സാഹചര്യത്തിൽ മന്ത്രി രാജിവയ്ക്കേണ്ട കാര്യമില്ലെന്നും നേതാക്കൾ പറയുന്നു.