തിരുവനന്തപുരം: മഹാരാജാസ് കോളജിലെ സംഘർഷത്തിന്റെ പേരിലുള്ള പ്രശ്ന പരിഹാരത്തിന് നേരിട്ട് ഇടപെടുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു. ഇതിനായി യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. കോളജിൽ നടന്ന സംഘർഷത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിക്ക് കഴിഞ്ഞയാഴ്ച കുത്തേറ്റിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് സർക്കാർതലത്തിൽ ഇടപെടുമെന്ന് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോളജ് എത്രയും പെട്ടെന്ന് തുറക്കാന്‍ അധ്യാപക- രക്ഷാകർതൃ സംഘടന ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനം. കോളജിന്റെ പ്രൗഢിയും പ്രതാപവും വീണ്ടെടുക്കുന്ന നടപടിയുടെ ഭാഗമായി ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. വൈകുന്നേരം ആറിനുശേഷം കാമ്പസില്‍ പ്രവേശിക്കാന്‍ പ്രിന്‍സിപ്പലിന്റെ പ്രത്യേക അനുമതി വാങ്ങണം. വിദ്യാര്‍ഥികള്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കും. പിടിഎ യോഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നടത്തും. വര്‍ക്കിംഗ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം ശക്തമാക്കും. സുരക്ഷ ശക്തിപ്പെടുത്താനായി അഞ്ച് സെക്യൂരിറ്റി ഗാര്‍ഡുകളെ നിയോഗിക്കാനും യോഗത്തിൽ തീരുമാനമായി.
എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അബ്ദുള്‍ നാസറിനെ കുത്തിപ്പരിക്കേല്‍പ്പിച്ചതിനെ തുടർന്ന് വിദ്യാര്‍ത്ഥി സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടത്. ബുധനാഴ്ച രാത്രി നാടക പരിശീലനത്തിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് അബ്ദുള്‍ നാസറിനെ ഫ്രറ്റേണിറ്റി, കെഎസ്യു പ്രവര്‍ത്തകര്‍ ചേര്‍ന്ന് ആക്രമിച്ചത്.