തിരുവനന്തപുരം: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ നാഥുറാം വിനായക് ഗോഡ്സയെ പ്രകീര്‍ത്തിച്ച കോഴിക്കോട് എന്‍ഐടി പ്രഫസർക്കെതിരേ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. അധ്യാപികയുടെ നടപടി അപലപനീയവും അപമാനകരവുമാണെന്ന് മന്ത്രി പ്രതികരിച്ചു.
രാഷ്ട്രപിതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യയുടെ ഹൃദയത്തിനേറ്റ മുറിവാണ്. അതിനെ മഹത്വവത്കരിക്കുന്നത് അതിലും വലിയ നന്ദികേടാണെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികളിലേക്ക് ശരിയായ ചരിത്രബോധം നൽകേണ്ടവരാണ് അധ്യാപകർ. അവർ ഇങ്ങിനെ പ്രവർത്തിച്ചത് തെറ്റായ സന്ദേശം നൽകുമെന്നും ആർ. ബിന്ദു വ്യക്തമാക്കി.
കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവനാണ് നാഥുറാം വിനായക ഗോഡ്സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടത്. ഹിന്ദു മഹാസഭാ പ്രവര്ത്തകന് നാഥൂറാം വിനായക് ഗോഡ്സെ ഭാരതത്തില്‍ ഒരുപാട് പേരുടെ ഹീറോ എന്ന കുറിപ്പോടെ ഒരാൾ പോസ്റ്റ് ചെയ്ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന് പ്രൗഡ് ഓഫ് ഗോഡ്സെ ഫോര്‍ സേവിംഗ് ഇന്ത്യ എന്ന് കമന്റ് ഇട്ടത്.
അതേസമയം, അധ്യാപിക ഷൈജ ആണ്ടവനെതിരേ കലാപാഹ്വാനത്തിന് കുന്നമംഗലം പോലീസ് കേസെടുത്തിരുന്നു. എസ്എഫ്ഐയുടെ പരാതിയിലാണ് കേസെടുത്തത്.