ആലപ്പുഴ: ആർ ബ്ലോക്കിൽ കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി പ്രത്യേക പാക്കേജ് നടപ്പാക്കുമെന്ന് കാർഷികവികസനകർഷകക്ഷേമ വകുപ്പു മന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു. ആർ ബ്ലോക്കിലെ കൃഷിയിടങ്ങൾ സന്ദർശിച്ചശേഷം കർഷകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുകാലത്ത് നെൽകൃഷിയും കരക്കൃഷിയുംകൊണ്ട് സമ്പന്നമായിരുന്ന ആർ ബ്ലോക്കിലെ 1450 ഏക്കറിലെ കാർഷിക പ്രതാപം സമയബന്ധിതമായി വീണ്ടെടുക്കുകയാണ് ലക്ഷ്യം. അടുത്ത നിയമസഭ സമ്മേളനത്തിലും ബജറ്റിലും പാക്കേജ് സംബന്ധിച്ച സംബന്ധിച്ച പ്രഖ്യാപനം നടത്തും.
സംസ്ഥാനത്ത് പ്രത്യേക കാർഷിക മേഖലകൾ(അഗ്രി സോൺ) പ്രഖ്യാപിക്കുമ്പോൾ ഈ മേഖലയെ ഉൾപ്പെടുത്തും. പ്രത്യേക പാക്കേജ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട് ജലവിഭവം, റവന്യൂ, ഊർജം, കൃഷി, മൃഗസംരക്ഷണ വകുപ്പുകളെ ഉൾക്കൊള്ളിച്ച് തിരുവനന്തപുരത്ത് ഉടൻ ഉന്നതതല യോഗം വിളിക്കുമെന്നും കർഷകരുമായി വിശദമായ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
ആർ ബ്ലോക്കിൽ കൃഷിയിറക്കുന്നതിനായി കൃഷി വകുപ്പ് ഹെലിക്യാം സർവേ നടത്തി പ്രത്യേക പദ്ധതി തയാറാക്കും. ജൈവ കൃഷിക്ക് പ്രാധാന്യം നൽകി മികച്ച കാർഷിക പ്രവർത്തി സർട്ടിഫിക്കറ്റ് നൽകി കാർഷിക വിപണിയായി കൂടി ഇതിനെ മാറ്റും. ഹോളണ്ട് മാതൃകയിലുള്ള കൃഷി രീതിയെ സംരക്ഷിച്ച് ഫാം ടൂറിസം സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തും.
പമ്പിംഗിനും മറ്റും സൗരോർജമുപയോഗപ്പെടുത്താനുള്ള സാധ്യതയും തേടുമെന്നും മന്ത്രി പറഞ്ഞു. ഇവിടുത്തെ വെള്ളം വറ്റിക്കുന്നതിനായി 27 പമ്പ് സെറ്റുകൾ സ്ഥാപിക്കുന്നതിനുള്ള റീ ടെണ്ടർ നടപടികളായിട്ടുണ്ട്. മുമ്പ് സ്ഥാപിക്കാമെന്ന് കരാർ ഏറ്റ് പിൻമാറിയ കമ്പിനിയെ കരിമ്പട്ടികയിൽപ്പെടുത്തി.
ആർ ബ്ലോക്കിലെ 400 കൃഷിക്കാരിൽ തൊണ്ണൂറു ശതമാനം പേരും കൃഷി ചെയ്യാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്. എരണ്ട പക്ഷിയിറങ്ങിയതുമൂലം കൃഷി നശിച്ചവരുടെ നഷ്ടം സംബന്ധിച്ച റിപ്പോർട്ട് തയാറാക്കാൻ കൃഷി ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
സീസണിൽ എത്തി മടങ്ങിപ്പോകാറുള്ള എരണ്ട പക്ഷി കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തവണ പോയിട്ടില്ല. ഇതു വനംവകുപ്പുകൂടി ഉൾപ്പെടുന്ന വിഷയമാണ്. നഷ്ടപരിഹാരം അനുവദിക്കുന്നതിന് വനംവകുപ്പുമായി ആലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. കർഷകരുമായി മന്ത്രി ചർച്ചനടത്തി. വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതടക്കമുള്ള ആവശ്യങ്ങൾ കൃഷിക്കാൻ ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, പ്രിൻസിപ്പൽ കൃഷി ഓഫീസർ എ.ജി. അബ്ദുൾ കരീം, കർഷകർ എന്നിവർ പങ്കെടുത്തു.