സ്വപ്നസമാനമായ ഒരു ആഫ്രിക്കൻ യാത്ര സാർഥകമായതിന്റെ നിർവൃതിയിലാണ് ഇപ്പോഴും മിനിയെന്ന പ്രഫഷണൽ ഫോട്ടോഗ്രാഫർ കം വീട്ടമ്മ. കഴിഞ്ഞ സെപ്റ്റംബർ 21ന് കെനിയയിലെ മസായി മാറാ നാഷണൽ റിസർവിൽ അവരുടെ കാമറക്കണ്ണുകൾ ഒപ്പിയെടുത്തത് അപൂർവങ്ങളിൽ അപൂർവമായ പുള്ളി സീബ്രക്കുട്ടിയെയാണ്. ലോകത്തിലാദ്യമായി റെക്കോർഡ് ചെയ്ത പോൾക്ക ഡോട്ടഡ് സീബ്രാക്കുട്ടി – ടിര.
ആറിലോ ഏഴിലോ പഠിക്കുന്പോഴാണ് കാമറാമോഹം മനസിലുദിച്ചത്. ചേച്ചിയുടെ ഭർത്താവ് വർഗീസേട്ടനാണ് 1984ൽ ഗൾഫിൽനിന്നു കൊണ്ടുവന്ന ഒരു കുഞ്ഞു കോണിക്ക കാമറ സമ്മാനിക്കുന്നത്. വീട്ടുകാരുടെ പടമെടുത്താണു തുടക്കം.
1993ലായിരുന്നു വിവാഹം. പിന്നെ കുടുംബം, മക്കൾ… ഭർത്താവ് ആന്റോ വിദേശത്ത്. മക്കളുടെ സ്കൂൾ കാലഘട്ടം കഴിഞ്ഞതോടെ കാമറാമോഹം വീണ്ടും മുളയെടുത്തു. 2006-07 കാലഘട്ടത്തിൽ ഡിജിറ്റൽ കാമറ വാങ്ങി.
പിന്നെ ഡിഎസ്എൽആർ കാമറയോടായി മോഹം. ഭർത്താവിനോട് കാര്യം പറഞ്ഞു. അദ്ദേഹം സമ്മാനിച്ചത് ഒരു ബേസിക് മോഡൽ ഡിഎസ്എൽആർ കാമറ! ജൈവവൈവിധ്യങ്ങളുടെ നിറക്കാഴ്ചകൾ ഏറെയുള്ള മുരിയാട് -കോന്തിപുലം കോൾപാടത്തേക്കാണു ഡിഎസ്എൽആറുമായി ആദ്യം ഇറങ്ങിയത്. പക്ഷികളും ശലഭങ്ങളും മഴത്തുള്ളികളുമെല്ലാം എടുത്തു പഠിച്ചു. 2015 ൽ ആന്റോ വന്നപ്പോൾ കാനൻ 5 ഡി മാർക്ക് 3 കാമറയും ടെലി സൂം ലെൻസും കൊണ്ടുവന്നു.
പിന്നെ തട്ടേക്കാട്, മൂന്നാർ, പാന്പാടുംചോല, വാൽപ്പാറ, ഷോളയാർ, അതിരപ്പിള്ളി, നെല്ലിയാന്പതി, വയനാട്, പൊൻമുടി, ചിമ്മിനി, മുതുമല, ബന്ദിപ്പൂർ കടുവസങ്കേതം, രംഗനത്തിട്ട് പക്ഷിസങ്കേതം…2018 മേയിലായിരുന്നു ആദ്യ കബനി യാത്ര. ഭർത്താവും സുഹൃത്ത് സംഗീതയും അവളുടെ പിതാവും ഒപ്പമുണ്ടായിരുന്നു. രണ്ടാംദിനത്തിലെ സഫാരിക്കിടെ, വന്യജീവി ഫോട്ടോഗ്രാഫർമാർ ഒരു സ്വപ്നംപോലെ കൊണ്ടുനടക്കുന്ന കരിന്പുലിദർശനം.
എറണാകുളം ദർബാർ ഹാളിൽ 2019 ഡിസംബറിൽ നടത്തിയ “വനഗീതികൾ എന്ന ചിത്രപ്രദർശനത്തിനു വലിയ മീഡിയ കവറേജ് ലഭിച്ചു. തന്റെയും കൂട്ടുകാരായ സംഗീത, ദീപ എന്നിവരുടെയും 60 ചിത്രങ്ങളായിരുന്നു പ്രദർശനത്തിൽ.
മകളുടെ വിവാഹം കഴിഞ്ഞാൽ എല്ലാവരുമൊത്ത് ഭാരതമാകെ ചുറ്റിക്കറങ്ങണം. കാലം ഒളിപ്പിച്ചുവച്ച അത്യപൂർവ സുന്ദരക്കാഴ്ചകൾ കാമറക്കണ്ണുകളിലൂടെ ഒപ്പിയെടുക്കണം. മിനി ആന്റോ പറഞ്ഞു നിറുത്തി. മകൻ ഹാരി എൻജിനിയറിംഗ് കഴിഞ്ഞു. മകൾ ക്രിസ്റ്റീന എംഎസ്സി ക്ലിനിക്കൽ സൈക്കോളജി വിദ്യാർഥി.
സെബി മാളിയേക്കൽ