വനിതാ പ്രീമിയർ ലീഗ് ട്വന്റി-20 ക്രിക്കറ്റ് 2024 സീസണിൽ റണ്‍ വേട്ടയിലും വിക്കറ്റ് വേട്ടയിലും റോയൽ ചലഞ്ചേഴ്സ് താരങ്ങളാണ് ഒന്നാം സ്ഥാനത്ത് എന്നതും ശ്രദ്ധേയം. വിക്കറ്റ് വേട്ടയിൽ തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന റോയ് നടത്തിയ മിന്നും പ്രകടനം ശ്രദ്ധേയമായി.
ആർസിബിയുടെ ശ്രേയങ്ക പാട്ടീലാണ് വിക്കറ്റ് വേട്ടയിൽ ഒന്നാമത് എത്തി പർപ്പിൾ ക്യാപ്പ് പുരസ്കാരം സ്വന്തമാക്കിയത്. ബംഗളൂരു സ്വദേശിയായ ഈ ഇരുപത്തൊന്നുകാരി എട്ട് മത്സരങ്ങളിൽ 13 വിക്കറ്റ് വീഴ്ത്തി. ഫൈനലിൽ 12 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് ശ്രേയങ്കയുടെ മികച്ച ബൗളിംഗ്.
10 മത്സരങ്ങളിൽ 12 വിക്കറ്റുമായി ആശ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. യുപി വാരിയേഴ്സിനെതിരേ ലീഗ് റൗണ്ടിൽ 22 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിംഗ്.
ഫൈനലിലെ പ്ലെയർ ഓഫ് ദ മാച്ച് ആയ ഓസീസ് താരം സോഫി മോളിനക്സും 10 മത്സരങ്ങളിൽ 12 വിക്കറ്റ് സ്വന്തമാക്കി. ഈ മൂന്നു സ്പിന്നർമാരുടെ ബൗളിംഗാണ് ആർസിബിയുടെ കിരീടനേട്ടത്തിൽ നിർണായകമായത്.
ഒന്‍പത് മത്സരങ്ങളിൽ 347 റണ്‍സ് നേടിയ എല്ലിസ് പെറിയാണ് 2024 സീസണിലെ ടോപ് സ്കോറർ. ഈ ഓസീസ് താരത്തിന്റെ ഓൾ റൗണ്ട് പ്രകടനം ആർസിബിക്ക് കരുത്തായി. ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റൻ മെഗ് ലാന്നിംഗ് (331), ഷെഫാലി വർമ (309), ആർസിബി ക്യാപ്റ്റൻ സ്മൃതി മന്ദാന (300) എന്നിവരും ചാന്പ്യൻഷിപ്പിൽ 300 റണ്‍സ് കടന്നു.