തിരുവില്വാമല: സംരക്ഷണം ഇല്ലാത്ത ടാർപോളിൻ കൂരയിൽ അമ്മയും പത്താം ക്ലാസുകാരിയായ മകളും പിന്നിട്ടത് വർഷങ്ങൾ.
തിരുവില്വാമല കണിയാർ കോട് വാരിയത്ത് പടി പരേതനായ ഗോവിന്ദന്റെ മകൾ വിജയശ്രീയും വിദ്യാർഥിനിയായ മകൾ അക്ഷയയുമാണ് അടച്ചുറപ്പില്ലാത്ത വീട്ടിൽ അന്തിയുറങ്ങുന്നത്.
ഇടിയോടുകൂടിയ മഴയും കാറ്റുമൊക്കെയുള്ള ദിവസങ്ങളിൽ മകളെ ചേർത്തു പിടിച്ച് അപകടാവസ്ഥയിലുള്ള വീട് വീഴല്ലേ എന്ന് പ്രാർഥിച്ച് കിടക്കുകയാണ് വിജശ്രീ.
ഭക്ഷണം തയ്യാറാക്കാൻ അടുപ്പു പോലും കത്തിക്കാൻ പറ്റാത്ത അവസ്ഥയാണ്, അതുകൊണ്ട് പുറത്താണ് അടുപ്പ് നിർമിച്ചിരിക്കുന്നത്.
പ്രാഥമിക കാര്യങ്ങൾക്കും സൗകര്യമില്ല. തൊട്ടടുത്ത തറവാട്ട് വീട്ടിലാണ് പ്രാഥമിക ആവശ്യ ങ്ങൾക്ക് പോകുന്നത്.
വിജയശ്രീക്ക് കുത്താന്പുള്ളി യിൽ നെയ്ത്ത് ജോലിയാണ്. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്.
അക്ഷയയുടെ അച്ഛൻ അനിൽ കുമാർ വല്ലപ്പോഴും വീട്ടിൽ എത്താറുണ്ടെങ്കിലും യാതൊരു സഹായവും ചെയ്യാറില്ലെന്ന് വിജശ്രീ പറഞ്ഞു.
അക്ഷയ തിരുവില്വാമല ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
പഠിച്ച് കൂടൂതൽ ഉയരങ്ങളിലെത്തണമെന്നാണ് അക്ഷയയുടെ ആഗ്രഹം. തല ചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടുമാണ് അവളുടെ സ്വപ്നം.
വൈദ്യുതി ഇല്ലാത്തതിനാൽ മണ്ണെണ്ണവിളക്കിന്റെയും മെഴുതിരിയുടെയും വെളിച്ചത്തിലാണ് അക്ഷയ പഠിക്കുന്നത്.
സ്കൂളിലെ അധ്യാപകർ ഗൃഹസന്ദർശനത്തിന് വന്നപ്പോഴാണ് ഇവരുടെ ദയനീയാവസ്ഥ മനസ്സിലായത്.
അക്ഷയയുടെ വിഷമം കണ്ടറിഞ്ഞ ക്ലാസ് ടീച്ചർ ഒരു എമർജൻസി ലൈറ്റ് വാങ്ങി നൽകി. എമർജൻസി ചാർജ് ചെയ്യാനും അടുത്ത വീടിനെ ആശ്രയിക്കണം.
തറവാട്ട് വീടിനോട് ചേർന്ന് ഭാഗത്തിൽ കിട്ടിയ നാലു സെൻറ് സ്ഥലം ഉണ്ടെങ്കിലും സാന്പത്തിക പരാധീനത മൂലം വീട് വെക്കാനായില്ല .
ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സ്വന്തമായി റേഷൻ കാർഡ് ഇല്ലാത്തതിൽ നേരത്തെ ലൈഫിൽ അപേക്ഷ നൽകാനായില്ല.
ഇപ്പോൾ സ്വന്തമായി റേഷൻകാർഡ് അനുവദിച്ചു കിട്ടിയിട്ടുണ്ട് . സുമനസ്സുകളുടെ സഹായം ഉണ്ടെങ്കിൽ മാത്രമേ കുടുബത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണുവാൻ സാധിക്കുകയുള്ളൂ .ഫോണ്: 95622 77584.