ഒാരോ ദിവസവും പുതിയ എന്തുട്രോളാണ് ഉണ്ടാക്കുന്നതെന്ന് ആലോചിച്ചിരുന്ന ട്രോളന്മാർ കിട്ടിയ ചാകരയായിരുന്നു സ്വകാര്യ ബസ് സമരം പിൻവലിച്ചത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതുകൊണ്ടൊന്നുമല്ല ഈ പിൻവലിക്കൽ എന്നതാണ് സമരത്തെ അറഞ്ചാംപുറഞ്ചാം ട്രോളാൻ കാരണം. വിദ്യാർഥികളുടെ യാത്രാ നിരക്കിന്റെ കാര്യത്തിലും മിനിമം ചാർജിന്റെ കാര്യത്തിലും സർക്കാർ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായില്ല.
ഇതോടെ ട്രോളന്മാരിലെ വിദ്യാർഥികളും അവരുടെ ഭാഗവും വൃത്തിയായി ചെയ്തു. സമരം പിൻവലിച്ച വാർത്ത രാഷ്ട്രദീപിക അവതരിപ്പിച്ച രീതിയും ട്രോളന്മാർക്ക് ഇഷ്ടപ്പെട്ടു. സമരം ഇങ്ങനെ മുന്നോട്ട് പോയിരുന്നെങ്കിൽ കെഎസ്ആർടിസിയുടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടേനെ എന്നാണ് പ്രധാന കളിയാക്കൽ. അതിനു വേണ്ടിയാണത്രെ സർക്കാർ സമരക്കാരുടെ ആവശ്യങ്ങൾക്ക് പുല്ലുവില കൽപിച്ചത്.
ബസ് സമരത്തിനു ശേഷം ജോലിക്കെത്തുന്ന കണ്ടക്ടറുടെയും ഡ്രൈവറുടെയും അവസ്ഥയും സോഷ്യൽ മീഡിയ നന്നായി അവതരിപ്പിച്ചിരിക്കുന്നു. കെഎസ്ആർടിസി പണ്ടുമുതലേ ട്രോളന്മാരുടെ ഇഷ്ട വിഷയമായിരുന്നെങ്കിലും ഇത്തവണ ജീവനക്കാർക്കും ആനവണ്ടികൾക്കും രാജകീയ പരിവേഷമാണ് ട്രോളന്മാർ ചാർത്തി നൽകിയിരിക്കുന്നത്.
പ്രൈവറ്റ് ബസുകളുടെ അഭാവത്തിൽ കെഎസ്ആർടിസി കോടീശ്വരരായതു തന്നെ കാരണം. സോഷ്യൽ മീഡിയയിലെ ട്രോളുകൾ കണ്ടവർ സ്വകാര്യ ബസിലെ ജീവനക്കാരെ നോക്കി ചിരിച്ചാൽ അവരെ കുറ്റംപറയാൻ സാധിക്കില്ല, അത്ര രസകരമാണ് ഒാരോ ട്രോളും.