സി.സി. സോമൻ
കോട്ടയം: വില്ലേജ് ഓഫീസുകളിൽ ഓണ്‍ലൈൻ ആയിട്ട് വസ്തുക്കരം അടയ്ക്കുന്നത് ഇന്നലെ തടസപ്പെട്ടത് പുനഃസ്ഥാപിച്ചു.
എന്നാൽ പഴയ നിരക്ക് പ്രകാരമേ കരം അടയക്കാനാവൂ. പുതുക്കിയ വസ്തുക്കരം സംബന്ധിച്ച വിവരങ്ങൾ കംപ്യൂട്ടറിൽ ഇനിയും രേഖപ്പെടുത്താനായില്ല.
ഇതേ തുടർന്ന് ഇന്നലെ കരം അടയ്ക്കാൻ കഴിയാതെ വില്ലേജ് ഓഫീസുകളിൽ എത്തിയവർ തിരികെ പോയിരുന്നു. ഇതു സംബന്ധിച്ച രാഷ്ട്രീദിപിക വാർത്ത സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പഴയ നിരക്ക് അടയ്ക്കാൻ സംവിധാനമൊരുക്കിയത്.
എന്നാൽ പഴയ നിരക്ക് അടയ്ക്കുന്നവർ പുതിയ നിരക്ക് അനുസരിച്ചുള്ള തുക വീണ്ടും അടയ്ക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
2018-19ലെ സംസ്ഥാന സർക്കാർ ബജറ്റിൽ വസ്തുക്കരം വർധിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച ഫയലിൽ ഗവർണർ ഒപ്പിട്ട് ഉത്തരവിറക്കാത്തതാണ് കംപ്യൂട്ടറിൽ കരം വർധിപ്പിച്ചുകൊണ്ടുളള നിരക്ക് ചേർക്കാൻ കഴിയാത്തത്. നിലവിൽ പഞ്ചായത്ത് ഏരിയയിൽ എട്ട് ആർ വരെ ഒരു രൂപയും എട്ട് ആർ മുതൽ രണ്ടു ഹെക്ടർ വരെ ഓരോ ആറിനും രണ്ടു രൂപയും രണ്ടു ഹെക്ടറിനു മുകളിൽ ഓരോ ആറിനും അഞ്ചു രൂപയുമാണ് കരം അടയ്ക്കേണ്ടത്.
മുനിസിപ്പൽ പ്രദേശത്ത് മൂന്ന് ആർ വരെ രണ്ടു രൂപയും രണ്ട് ഹെക്ടർ വരെ ഓരോ ആറിനും ആറു രൂപയും രണ്ടു ഹെക്ടറിനു മുകളിൽ ഓരോ ആറിനും 10 രൂപയുമാണ് നിരക്ക്. പുതുക്കിയ നിരക്ക് ഇതിലും ഇരട്ടിയാവുമെന്നാണ് സൂചന. 2015ൽ മുൻ സർക്കാർ കരം വർധിപ്പിച്ചെങ്കിലും ഭരണം ഒഴിയുന്ന സമയത്ത് പിൻവലിച്ചിരുന്നു. അന്ന് യുഡിഎഫ് സർക്കാർ വർധിപ്പിച്ച നിരക്കാണ് എൽഡിഎഫ് അവതരിപ്പിച്ച ബജറ്റിലുള്ളത്.