സ്വന്തം ലേഖകന്‍
കോഴിക്കോട് : തൊപ്പി സ്ഥാനം മാറിയതിനെത്തുടര്‍ന്ന് എസ്ഐയെ സ്ഥലം മാറ്റിയ ഉത്തരവ് റദ്ദാക്കി. കോഴിക്കോട് സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്ഐക്കെതിരേയുള്ള നടപടിയാണ് സിറ്റി പോലീസ് കമ്മീഷണര്‍ ഒഴിവാക്കിയത്.
സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് അസോസിയേഷന് ഇടപെട്ടിരുന്നു. കഴിഞ്ഞാഴ്ചയാണ് കേസിനാസ്പദമായ സംഭവം.സിവില്‍ സ്റ്റേഷനില്‍ ട്രാഫിക് ഡ്യൂട്ടിക്കായി ബൈക്കില്‍ സഞ്ചരിക്കവെ എസ്ഐ തൊപ്പി ധരിക്കാതെ ഹെല്‍മറ്റ് ഉപയോഗിച്ചിരുന്നു.
സിവില്‍സ്റ്റേഷനില്‍ എത്തി ബൈക്കില്‍ നിന്നിറങ്ങി ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് പോലീസിലെ ഉന്നതസ്ഥാനത്തുള്ള ഉദ്യോഗസ്ഥന് ഇതുവഴി കടന്നുപോയത്.
തൊപ്പി ധരിക്കാതെ ട്രാഫിക് നിയന്ത്രിക്കുന്നത് കണ്ടതിനെത്തുടര്‍ന്ന് എസ്ഐയെ ഫറോക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
പൊതുജനങ്ങളുടെ നിരന്തര പരാതി പ്രകാരം സ്വീകരിക്കുന്ന നടപടികളില്‍ എഴുതാറുള്ള ‘പബ്ളിക് ഗ്രൗണ്ട്’ എന്ന പദമായിരുന്നു എസ്ഐയെ സ്ഥലം മാറ്റിയുള്ള ഉത്തരവില്‍ പരാമര്‍ശിച്ചത്.
അതേസമയം സല്യൂട്ട് വിഷയത്തിലും അസോസിയേഷന് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പോലീസുകാര്‍ക്കെതിരേ സ്വീകരിച്ച നടപടി അവര്‍ക്ക് കൃത്യമായ അവബോധം നല്‍കുകയെന്ന ഉദ്യേശത്തോടു കൂടിയാണെന്നാണ് പറയുന്നത്.
സല്യൂട്ട് സംബന്ധിച്ച് അനാവശ്യമായ ഇടപെടലുണ്ടാകാറില്ലെന്നും സല്യൂട്ട് ചെയ്യുന്നപക്ഷം അത് കൃത്യമാവണമെന്നുമാണ് പോലീസ് മേലുദ്യോഗസ്ഥര്‍ പറയുന്നതെന്നും പോലീസ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി.
കോഴിക്കോട് സിറ്റിയില്‍ രണ്ടാഴ്ചക്കുള്ളില്‍ സല്യൂട്ടിന്റെ പേരിലും മറ്റും പേരില്‍ മൂന്നുപേര്ക്കെതിരേയായിരുന്നു നടപടി സ്വീകരിച്ചത്.