ആലപ്പുഴ: മാലിന്യങ്ങൾ നിറഞ്ഞ് ഒഴുക്ക് നിലച്ച് ഉൗർദ്ധശ്വാസം വലിക്കുന്ന ഷഡാമണിത്തോടിന് ശാപമോക്ഷമാകുന്നു. നഗരത്തിലെ ഏറ്റവും വലിയ നാട്ടുതോട് സംരക്ഷിക്കാനും ശുദ്ധീകരിക്കാനും നഗരസഭ പ്രത്യേക പദ്ധതി തയാറാക്കിയതോടെയാണ് തോടിന്റെ ശോചനീവസ്ഥയ്ക്ക് ശാപമോക്ഷമാകുന്നത്.
നേരത്തെ സംസ്ഥാന സർക്കാരിന്റെ കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി തോടുകൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് കരുതി നഗരസഭ തോടുകളുടെ സംരക്ഷണവും ശുചീകരണവുമായി ബന്ധപ്പെട്ട് കാര്യമായ നടപടികൾ സ്വീകരിച്ചിരുന്നില്ല.
എന്നാൽ കിഫ്ബി ഫണ്ട് ലഭിക്കില്ലെന്ന് വ്യക്തമായതോടെ നഗരസഭ തനത് ഫണ്ട് ഉപയോഗിച്ച് തോട് ശുചീകരിക്കാനും സംരക്ഷിക്കാനുമുള്ള വാർഷിക പദ്ധതി തയാറാക്കുകയും കഴിഞ്ഞദിവസം ചേർന്ന പ്രത്യേക കൗണ്‍സിലിൽ ഇത് അംഗീകരിക്കുകയുമായിരുന്നു.
നഗരത്തിന്റെ തെക്കൻ ഭാഗത്തെ പ്രദേശങ്ങളിൽ മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി പതിറ്റാണ്ടുകൾക്ക് മുന്‍പ് നിർമിച്ച ഷഡാമണി തോട് നിലവിൽ പ്ലാസ്റ്റിക് മാലിന്യങ്ങളാലും ഭക്ഷണ അവശിഷ്ടങ്ങളാലും നിറഞ്ഞ് ഒഴുക്ക് നിലച്ചതു കഴിഞ്ഞദിവസം രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തിരുന്നു.
തോടുകളുടെ അറ്റകുറ്റപണികൾക്കുള്ള പദ്ധതിയുടെ മേൽനോട്ടം നഗരസഭ എൻജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാൻ തോടിന്റെ ഇരുവശങ്ങളിലും നെറ്റ് വിരിക്കും. കനാൽ ശുദ്ധീകരണവുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കാൻ ഷഡാമണി തോട് ഒഴുകുന്ന വാർഡുകളിലെ കൗണ്‍സില ർമാരുടെ യോഗവും ഉടൻ ചേരും.
ഷഡാമണി തോടിനൊപ്പം നഗരത്തിലെ പ്രധാന ജലനിർഗമന മാർഗമായ റാണിതോടും സംരക്ഷിക്കാനും ശുദ്ധീകരിക്കാനും വാർഷിക പദ്ധതിയിൽ രൂപം നൽകിയിട്ടുണ്ട്.