ഏറ്റുമാനൂർ: ഹർത്താൽ ദിനത്തിൽ കോട്ടയം മെഡിക്കൽ കോളജിലെ കാൻസർ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും കാരുണ്യസ്പർശവുമായി സൺഡേസ്കൂൾ വിദ്യാർഥികൾ. പുന്നത്തുറ വെള്ളാപ്പള്ളി സെന്റ് തോമസ് ഇടവകയിലെ സൺഡേസ്കൂൾ വിദ്യാർഥികളാണ് ഇന്നലെ വികാരി റവ. ഡോ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ കാൻസർ വിഭാഗത്തിൽ രോഗികളും കൂട്ടിരിപ്പുകാരുമായി ആയിരത്തിലേറെപ്പേർക്ക് ഉച്ചഭക്ഷണം വിളന്പി നൽകിയത്.
വികാരി റവ. ഡോ. സോണി മുണ്ടുനടയ്ക്കലിന്റെ നേതൃത്വത്തിൽ പുന്നത്തുറ വെള്ളാപ്പള്ള ഇടവകാംഗങ്ങൾ എല്ലാ വെള്ളിയാഴ്ചകളിലും ഹർത്താൽ ദിവനങ്ങളിലും മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിൽ ‘അലിവ്’ എന്ന പേരിൽ സൗജന്യ ഉച്ചഭക്ഷണ വിതരണം നടത്തുന്നുണ്ട്.അവധിക്കാല വിശ്വാസപരിശീലന പരിപാടിയായ വിശ്വാസോത്സവത്തിന്റെ ഭാഗമായി ഇന്നലെ കുട്ടികളെക്കൂടി ഭക്ഷണവിതരണത്തിൽ ഭാഗമാക്കുകയായിരുന്നു.
കാരുണ്യത്തിന്റെ പാഠങ്ങൾ കുട്ടികൾക്കു പകർന്നു നൽകുകയാണ് ലക്ഷ്യമെന്ന് വികാരി ഫാ. സോണി മുണ്ടുനടയ്ക്കൽ പറഞ്ഞു.കാൻസർ വിഭാഗത്തിൽ ഭക്ഷണ വിതരണത്തിൽ പങ്കാളികളായ കുട്ടികൾ മറ്റ് രണ്ടു വാർഡുകളിൽകൂടി രോഗികളെ സന്ദർശിക്കുകയും അവർക്ക് ആശ്വാസം പകരുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. പാഠപുസ്തകത്തിലൂടെ പരിചയപ്പെട്ട സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങൾ സ്വന്തം ജീവിതത്തിലൂടെ പ്രകാശനമാക്കി ഈശോയ്ക്ക് സാക്ഷ്യം വഹിക്കാനുള്ള അസുലഭ മുഹൂർത്തമായി മാറി, കുട്ടികൾക്ക് ഈ നിമിഷങ്ങൾ.
എല്ലാ വെള്ളിയാഴ്ചകളിലും ഹർത്താൽ ദിനങ്ങളിലും തുടരുന്ന ‘അലിവ്’ശുശ്രൂഷ കോട്ടയം ജില്ലാ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടത്തുന്നത്.ജൈവ അരിയും പച്ചക്കറികളും ഉപയോഗിച്ചു തയാറാക്കുന്ന ഭക്ഷണം പോലീസിന്റെ വാഹനത്തിലാണ് മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. അന്പതോളം ഇടവകാംഗങ്ങളുടെ കൂട്ടായ പരിശ്രമമാണ് ഈ ശുശ്രൂഷയ്ക്കു പിന്നിലുള്ളത്.
പുന്നത്തുറയിലും പരിസര പ്രദേശങ്ങളിലുമുള്ള കർഷകർ ജൈവരീതിയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങളാണ് വിഭവങ്ങളൊരുക്കാൻ ഉപയോഗിക്കുന്നത്.തലേന്ന് വൈകുന്നേരം ഉത്പന്നങ്ങൾ പള്ളിയിൽ എത്തിച്ച് ഒരുക്കി വയ്ക്കും. പിറ്റേന്ന് രാവിലെ എത്തി പാചകം പൂർത്തിയാകുന്പോഴേക്കും വിഭവങ്ങൾ മെഡിക്കൽ കോളജിൽ എത്തിക്കാൻ പോലീസ് വാഹനമെത്തും.
രണ്ടുവർഷം മുന്പ്, റവ. ഡോ. സോണി മുണ്ടുനടയ്ക്കൽ വികാരിയായി എത്തിയതോടെയാണ് ‘അലിവ്’ശുശ്രൂഷ ആരംഭിച്ചത്. ഫാ. സോണി മുണ്ടുനടയ്ക്കൽ തിരുവനന്തപുരം ലൂർദ്മാതാ കെയർ ഡയറക്ടറായിരുന്നപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളജിലെ രോഗികൾക്കായി തുടങ്ങിവച്ച ഉച്ചഭക്ഷണ വിതരണ പദ്ധതിയാണ് ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിലും തുടരുന്നത്.