അഴകിന്റെ ആഘോഷമാണ് സൗന്ദര്യ മത്സരങ്ങൾ. മത്സരത്തിൽ പങ്കുചേരുക, വിജയിക്കുക എന്നൊക്കെ പറഞ്ഞാൽ അഭിമാനവും ബഹുമതിയുമായൊക്കെയാണ് ലോകമെന്പാടും കരുതപ്പെടുന്നത്.
അതുകൊണ്ടു തന്നെ വലിയ മാധ്യമശ്രദ്ധയും നേടും. വിജയിക്കുന്നവർ പലപ്പോഴും പ്രശസ്തിയുടെ കൊടുമുടി കയറും. മിക്കവരുടെയും ജീവിതത്തിന്റെ വഴിത്തിരിവായി ആ മത്സരം മാറിയേക്കാം.
സിനിമകളിലേക്കും പരസ്യങ്ങളിലേക്കും മറ്റു പ്രധാന വേദികളിലേക്കുമൊക്കെ അവർ ക്ഷണിക്കപ്പെടാം. ഇതൊക്കെയാണ് സൗന്ദര്യ മത്സരം എന്നു പറയുന്പോൾ പലരുടെയും മുന്നിൽ തെളിയുന്ന ചിത്രങ്ങൾ.
എന്നാൽ, മരണത്തിന്റെ ഭീതിയിൽ ഒരു സൗന്ദര്യമത്സരം നടന്നാലോ? ജീവനു യാതൊരു ഉറപ്പുമില്ലാതെ ഒരു സൗന്ദര്യപ്പട്ടം… അങ്ങനെയൊന്നു ലോകത്തിൽ അരങ്ങേറുന്നുണ്ട്.
മരണത്തിന്റെ ക്യാറ്റ്വാക്ക്
അഴകിന്റെ റാണിമാർ സ്വയം മരണത്തിലേക്കു ക്യാറ്റ് വാക്ക് നടത്തുന്ന സൗന്ദര്യ മത്സരമാണ് “മിസ് സിനലോവ”.
മെക്സിക്കോയിലെ സുന്ദരികളെ തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതു മിസ് സിനലോവ മത്സരമാണ്.
ഇതിൽ ഒന്നാം സ്ഥാനം ലഭിച്ച നിരവധി സുന്ദരിമാർ മിസ് മെക്സിക്കോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
പക്ഷേ, ഇതിന്റെ മറുവശം എന്താണെന്നുവച്ചാൽ മിസ് സിനലോവ മത്സരത്തിൽ വിജയിക്കുന്ന സുന്ദരികളിൽ പലരും ഒടുവിൽ ചെന്നെത്തുക മരണത്തിലേക്കാണ്.
“മിസ് സിനലോവ’
“മിസ് സിനലോവ’യുടെ ഈ കുപ്രസിദ്ധിക്കു കാരണം മറ്റൊന്നുമല്ല. മെക്സിക്കോയിലെ മയക്കുമരുന്നു മാഫിയ തലവൻമാർ പലപ്പോഴും തങ്ങളുടെ ഭാര്യമാരായി തെരഞ്ഞെടുക്കുന്നത് ഈ മത്സരത്തിലെ വിജയികളെയാണ്. അവർ തങ്ങളുടെ സർവ സന്നാഹങ്ങളുമായി എത്തി സുന്ദരികളോടു വിവാഹ അഭ്യർഥന നടത്തും.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് അംഗീകരിക്കുകയേ നിവൃത്തിയുള്ളൂ. കാരണം നിരസിച്ചാൽ പിന്നെ തട്ടിക്കൊണ്ടുപോയി ബലപ്രയോഗത്തിലൂടെ കല്യാണം നടത്തും. ഇതിനെതിരേ പോലീസിൽ പരാതിപ്പെടാം എന്നു കരുതിയിട്ടും യാതൊരു വിശേഷവുമില്ല.
പോലീസ് ഒരു നടപടിയും സ്വീകരിക്കില്ല, അല്ലെങ്കിൽ സ്വീകരിക്കാൻ അവർക്കു കഴിയില്ല, കാരണം സിനലോവയിലെ ഭരണത്തലവന്മാർ മയക്കുമരുന്നു മാഫിയകളുടെ തലവൻമാർ തന്നെയാണ്.
സ്വപ്നം പൊലിഞ്ഞ സൂസാന
മരിയ സൂസാന ഫ്ലോറസ് എന്ന സുന്ദരി 2012ലെ മിസ് സിനലോവ കിരീടമണിഞ്ഞപ്പോൾ സദസിനോടായി ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കു നിങ്ങളുടെ ഭൂതകാലത്തെ മാറ്റാൻ കഴിയില്ല. എന്നാൽ, നിങ്ങളുടെ ഭാവി എന്തായിരിക്കുമെന്നു നിങ്ങൾക്ക് ഇന്നു തെരഞ്ഞെടുക്കാം.”
ഒൻപതു മാസങ്ങൾക്കു ശേഷം ഒരു ഏറ്റുമുട്ടലിൽ മെക്സിക്കൻ സൈനികരുടെ വെടിയേറ്റു മരിയ സൂസാന ഫ്ലോറസ് മരിച്ചു. മയക്കുമരുന്ന് മാഫിയയുമായിട്ടായിരുന്നു സൈനികരുടെ ഏറ്റുമുട്ടൽ.
നാലു വയസുള്ളപ്പോഴാണ് മരിയ സൂസാന ഫ്ലോറസ് ആദ്യമായി ഒരു സൗന്ദര്യ മത്സരത്തിൽ വിജയിയാകുന്നത്. അവളുടെ അമ്മ തന്നെയായിരുന്നു മത്സരം സംഘടിപ്പിച്ചത്.
ആറാം വയസിൽ അവൾക്ക് അച്ഛനെ നഷ്ടപ്പെട്ടു. കർഷകനായ പിതാവിനെ ട്രക്ക് തടഞ്ഞുനിർത്തി അക്രമികൾ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
കൗമാരത്തിലായിരിക്കുമ്പോൾ അവളുടെ കുടുംബത്തെ മോചനദ്രവ്യം ആവശ്യപ്പെട്ടു തട്ടിക്കൊണ്ടുപോയി. ഇതിൽ നിന്നെല്ലാം കരകയറി മോഡലിംഗിലൂടെ മികച്ചൊരു ജീവിതം സ്വപ്നം കാണുകയായിരുന്നു സൂസാന. പക്ഷേ…
(തുടരും)