വൈക്കം: അമിത വേഗത്തിലെത്തിയ ടിപ്പർ ലോറി ഇടിക്കാതിരിക്കാൻ വെട്ടിച്ച പിക്കപ് വാൻ കടയിലേക്ക് ഇടിച്ചുകയറി. കടയുടെ സമീപത്ത് പത്രക്കെട്ടെടുക്കാൻ നിന്ന രാഷ്ട്ര ദീപക ഏജന്റ് എം. ജെ. ജോസ് തലനാരിഴയ്ക്കാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
വെച്ചൂർ ബണ്ട് റോഡ് ജംഗ്ഷനിൽ ബുധനാഴ്ച പുലർച്ചെ 5.30നായിരുന്നു അപകടം. ജംഗ്ഷനിലെ നെടുംകരിയിൽ ജിജി ജേക്കബിന്റെ കടയുടെ മുൻഭാഗം പൂർണമായി തകർന്നു.
എം.ജെ. ജോസിന്റെ സൈക്കിൾ അപകടത്തിൽ പൂർണമായി തകർന്നു. അപകടത്തെ തുടർന്ന് പരിഭ്രാന്തനായ ജോസിനെ ഓടിക്കൂടിയ നാട്ടുകാർ സാന്ത്വനിപ്പിച്ചാണ് സാധാരണ നിലയിലാക്കിയത്. സൈക്കിൾ തകർന്നതിനെ തുടർന്ന് പത്രവിതരണവും മുടങ്ങി.
എറണാകുളത്തു നിന്നു- പത്തനാപുരത്തേക്ക് ലോഡുമായി പോയ പിക്കപ് വാനാണ് അപകടത്തിൽപ്പെട്ടത്. പടിഞ്ഞാറ് നിന്ന് അമിത വേഗത്തിൽ വന്ന ടിപ്പറിൽ ഇടിക്കാതിരിക്കാൻ പിക്കപ്പ് വാൻ വെട്ടിച്ച് മാറ്റിയപ്പോഴാണ് അപകടമുണ്ടായതെന്ന് പറയപ്പെടുന്നു.
വെച്ചൂർ – കല്ലറ, വൈക്കം – വെച്ചൂർ റോഡിൽ ടിപ്പർ ലോറികളുടെ മരണപാച്ചിൽ നിയന്ത്രിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.