കണ്ണൂർ: കല്യാണ വീടുകളിൽ പാടുന്നത് ഇവർക്ക് ആഭാസമല്ല, ഇവരുടെ ആഹാരമാണ്.
കോവിഡ്കാലം ദുരിതം തന്നെയായിരുന്നു കലാകാരൻമാർക്ക്. ഗായകൻമാരോടൊപ്പം ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരും ഇതിൽപ്പെടും.
കോവിഡിന്റെ വ്യാപ്തി കുറഞ്ഞപ്പോൾ വലിയ സ്റ്റേജുകൾ ലഭിച്ചില്ലെങ്കിലും വിവാഹപാർട്ടികളിലും മറ്റും ഗാനമേളകൾ നടത്തി വരുന്നതിനിടെയാണ് തളിപ്പറന്പ് ഡിവൈഎസ്പിയുടെ സർക്കുലർ വരുന്നത്.
തോട്ടടയിലുണ്ടായ ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് കല്യാണ വീടുകളിലെ ആഭാസങ്ങള്‍ ഒഴിവാക്കുന്നതിനായി ആഘോഷങ്ങളില്‍ ബോക്സ് വച്ചുള്ള ഗാനമേള വിലക്കിക്കൊണ്ടുള്ള സർക്കുലറാണ് പുറത്തിറക്കിയത്.
ഇതിനെതിരേ വ്യാപക പ്രതിഷേധമാണ് കലാകാരൻമാർ ഉയർത്തിയിരിക്കുന്നത്.
കോവിഡ് കാലത്ത് 100 ശതമാനവും തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായവരെ വീണ്ടും അത്മഹത്യയിലേക്ക് തള്ളിവിടുന്നതാണ് തളിപ്പറന്പ് ഡിവൈഎസ്പിയുടെ സര്‍ക്കുലര്‍ എന്നും ആക്ഷേപം ഉണ്ട്.
വളരെ തുച്ഛമായ തുകയാണ് കല്യാണവീടുകളിലെ ഗാനമേളകളിൽ നിന്നും ലഭിക്കുന്നത്. ഇതാണ് പോലീസ് വിലക്കിയിരിക്കുന്നത്.
ഡിവൈഎസ്പിയുടെ സർക്കുലറിനെതിരേ കണ്ണൂരിലെ മ്യൂസീഷൻസ് വെൽഫെയർ അസോസിയേഷൻ അംഗങ്ങൾ (എംഡബ്ല്യുഎ) രാഷ്ട്രദീപികയോട് പ്രതികരിച്ചപ്പോൾ.
” മാലപൊട്ടിക്കുന്ന കള്ളനെയാണ് പിടിക്കേണ്ടത് ‘ (പവിത്രൻ, സ്വരലയ (എംഡബ്ല്യുഎ സംസ്ഥാന സമിതിയംഗം).
2019 ലെ പ്രളയം തൊട്ട് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് കലാകാരൻമാർ.
അവരുടെ ജീവിതോപാധിയായ സ്റ്റേജ് പരിപാടികളും ക്ലാസുകളും ഒക്കെ മുടങ്ങിയിട്ട് മൂന്ന് കൊല്ലമായി.
കോവിഡിന്റെ രൂക്ഷത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ചെറിയ തോതിൽ ഗാനമേളകളൊക്കെ ലഭിച്ചു വരുന്ന സമയമാണിത്.
ഇത് ഏറെ ആശ്വാസവും പ്രതീക്ഷയും നല്കുന്നു.അതിനെ ഇല്ലാതാക്കുന്നതാണ് പോലീസ് അറിയിപ്പ്.
കണ്ണൂരിൽ നടന്ന വിവാഹവുമായി ബന്ധപ്പെട്ട് ഒരു യുവാവ് കൊല്ലപ്പെട്ടത് ആരും അംഗീകരിക്കുന്നില്ല.
അത് ഗാനമേള നടത്തിയതു കൊണ്ടാണ്, സൗണ്ട് സിസ്റ്റം ഉപയോഗിച്ചതു കൊണ്ടാണ് എന്ന് വരുത്തിതീർക്കുന്ന ഇത്തരം നിലപാടുകളോട് യോജിപ്പില്ല. മാല പൊട്ടിച്ചോടുന്ന കള്ളനെ പിടിക്കുകയാണ് വേണ്ടത്.
അതല്ലാതെ, മേലിൽ മാല ധരിക്കരുതെന്ന് പറയുന്നതിനോട് യോജിപ്പില്ല.
“എലിയെ പേടിച്ച് ഇല്ലം ചുടുന്നു’ (ഷിനോജ് കെ.തോമസ് (എംഡബ്ല്യുഎ തളിപ്പറന്പ് ഏരിയാ സെക്രട്ടറി)
തളിപ്പറന്പിൽ ഡിവൈഎസ്പി ഇറക്കിയ സർക്കുലർ കല കൊണ്ടു മാത്രം ജീവിതം കഴിയുന്ന ആയിരകണക്കിനാളുകളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന ഒന്നാണ്.
കോവിഡ് കാലഘട്ടത്തിൽ ദുരിതം അനുഭവിക്കുന്ന കലാകാരൻമാരെ വീണ്ടും പട്ടിണിയുടെ ദുരിതക്കയത്തിലേക്ക് തള്ളിവിടുകയാണ്.
ഗാനമേളയുമായിട്ട് ഒരു ബന്ധവുമില്ലാത്ത പ്രശ്നത്തിന്റെ പേരിൽ ഇത്തരം നടപടികൾ പോലീസ് അധികാരികൾ എടുക്കുകയെന്നത് വളരെ പക്വതയില്ലാത്ത തീരുമാനമാണ്.
എന്തെങ്കിലും പ്രശ്നത്തിന്റെ പേരിൽ തൊഴിൽ ചെയ്തു ജീവിക്കുന്നവരെ വിലക്കുന്നത് ശരിയല്ല.
നാടൻഭാഷയിൽ പറഞ്ഞാൽ എലിയെ പേടിച്ച് ഇല്ലം ചുട്ടു എന്ന രീതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
ഈ സർക്കുലർ തളിപ്പറന്പിനെ മാത്രമല്ല ബാധിക്കുന്നത്. മൊത്തത്തിൽ ഒരു പ്രോഗ്രാം സംഘടിപ്പിക്കുന്നവരെയും ഇത് ബാധിക്കുന്നുണ്ട്.
” തൊഴിൽ നിഷേധിക്കുന്ന സർക്കുലർ’ (ജോബി ജോസഫ്, എംഡബ്ല്യുഎ കണ്ണൂർ ഏരിയാ സെക്രട്ടറി)
കലാകാരൻമാരുടെയും ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാരുടെയും തൊഴിൽ നിഷേധിക്കുകയാണ് ഈ ഒരൊറ്റ സർക്കുലറിലൂടെ പോലീസ് ചെയ്യുന്നത്.
ക്രിമനലുകളായ ആളുകൾക്കെതിരേ നടപടിയെടുക്കേണ്ടതിന് പകരം ആർക്കും ഒരു ദ്രോഹം ചെയ്യാത്ത കലാകാരൻമാരെ ക്രൂശിക്കുകയാണ് പോലീസ് ചെയ്യുന്നത്.