ഇത്തരമൊരു മുന്നറിയിപ്പു തരാൻ കാരണം ഇവിടെ ഇരയറിയാതെ ഇരയെ വീഴ്ത്തുന്ന വേട്ടക്കാരുടെ മൃഗയാവിനോദങ്ങളെക്കുറിച്ച് പറയുന്നു എന്നതുകൊണ്ടാണ്.
ആലങ്കാരികഭാഷ ഒഴിവാക്കി പറയുകയാണെങ്കിൽ പെണ്‍കുട്ടികളെ അവർ പോലുമറിയാതെ ശാരീരിക ബന്ധത്തിനുപയോഗിക്കുന്ന ദുഷ്ടശക്തികൾ കേരളത്തിൽ പലയിടത്തും വേരുറപ്പിച്ചു കഴിഞ്ഞു.
പണ്ടത്തെ സിനിമകളിൽ ജ്യൂസിലും മറ്റും പൊടി കലക്കിക്കൊടുത്ത് നായികയെ ബോധം കെടുത്തി വില്ലൻ താങ്ങിയെടുത്ത് ബെഡ്റൂമിൽ കൊണ്ടുചെന്നു കിടത്തി ബലാത്സംഗം ചെയ്യുന്ന രംഗങ്ങളുടെ റീമേക്കാണ് ഇപ്പോൾ നടക്കുന്നത്.
അതിന് വില്ലൻമാർ ഇപ്പോൾ ഉപയോഗിക്കുന്നതാകട്ടെ സിന്തറ്റിക് ഡ്രഗ് മാഫിയകളുടെ ബെസ്റ്റ് സെല്ലർ ഡ്രഗായ റേപ്പ് പിൽസ് അഥവാ റേപ്പ് ഡ്രഗ് ! പച്ചമലയാളത്തിൽ പറഞ്ഞാൽ ബലാത്സംഗ ഗുളിക.
വീഴ്ത്തേണ്ട ഇരയറിയാതെ വേട്ടക്കാരൻ ഒരുക്കിവയ്ക്കുന്ന കെണിയാണ് റേപ്പ് ഡ്രഗ് എന്നും റേപ്പ് പിൽസെന്നുമെല്ലാം അറിയപ്പെടുന്ന ഈ മയക്കുമരുന്ന്.
റേപ്പ് ഡ്രഗ് കെണിയൊരുക്കുന്നത്…
പഞ്ചസാര തരി പോലുള്ള ഈ സിന്തറ്റിക് ഡ്രഗ് ശീതളപാനീയങ്ങളിൽ ചേർത്താണ് പെണ്‍കുട്ടികളെ മയക്കിക്കിടത്താറുള്ളത്.
ഇരയറിയാതെ ഇത് ചേർക്കും. ഒരു രുചി വ്യത്യാസവും അനുഭവപ്പെടാത്തതിനാൽ സംശയമില്ലാതെ പെണ്‍കുട്ടികൾ ഇത് കുടിക്കുകയും ചെയ്യും.
പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് ഈ മയക്കുമരുന്നുകൾ പാനീയങ്ങളിൽ ചേർക്കുന്നത്.
മയക്കുമരുന്ന് ഉള്ളിൽ ചെല്ലുന്നതോടെ പ്രതികരണ ശേഷി പൂർണമായും നശിക്കുമെന്ന് നാർക്കോട്ടിക് വിദഗ്ധർ പറയുന്നു.
ചുറ്റുപാടുകളെക്കുറിച്ചും താൻ എന്താണ് ചെയ്യുന്നതിനെക്കുറിച്ചും പിന്നെയിവർക്ക് ബോധമുണ്ടാകില്ല. അതേ സമയം ശാരീരികമായി മറ്റുള്ളവർ പറയുന്നത് ഇവർ അനുസരിക്കുകയും ചെയ്യും.
ഇത്തരം മയക്കുമരുന്ന് ഉള്ളിൽ ചെല്ലുന്നവർക്ക് തന്നെ മറ്റൊരാൾ ലൈംഗിക ബന്ധത്തിന് ഉപയോഗിച്ച കാര്യം പോലും പലപ്പോഴും ഓർമിക്കാൻ കഴിയില്ല.
അങ്ങനെയൊരു കാര്യം നടന്നെന്നു പോലും ഇര അറിയില്ല. പിന്നീട് ഗർഭിണിയാകുന്പോഴാണ് ഇതെങ്ങിനെ സംഭവിച്ചുവെന്ന് ആ പെണ്‍കുട്ടിപോലും അന്പരന്നു പോകുന്നത്.
കൂട്ടുകാരുമൊത്തുള്ള പാർട്ടികളിലോ പുതിയ കാലത്തിന്റെ ആഘോഷത്തിമർപ്പുകൾക്കിടയിലോ അടിച്ചുപൊളിക്കുന്നതിനിടെ ആരെങ്കിലും വെച്ചുനീട്ടുന്ന ശീതളപാനീയങ്ങൾ ഒരുപക്ഷേ പെണ്‍കുട്ടികളുടെ ജീവിതംതന്നെ മാറ്റിമറിച്ചേക്കാം.
എല്ലാവരും ചതിക്കുമെന്നല്ല., പക്ഷേ ചതി എവിടെയൊക്കെയോ മറഞ്ഞിരിപ്പുണ്ട്. ഓരോ പുതിയ കേസും അതാണ് തെളിയിക്കുന്നത്.
അവരെ ശാരീരിക ചൂഷണം ചെയ്യുന്നതു മാത്രമല്ല അവരുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തി പിന്നീട് ആ പെണ്‍കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്ത് തങ്ങളുടെ വരുതിക്ക് നിർത്തുന്നതടക്കമുള്ള കാര്യങ്ങളും ഇതിന്റെ അനന്തരഫലമായി ഇരകൾ അനുഭവിക്കേണ്ടി വരുന്നു.
അടുത്തിടെ തൃശൂർ-പാലക്കാട് ജില്ല അതിർത്തിയിൽ ഉണ്ടായ പീഡനക്കേസുകളിലൊന്ന് ഇത്തരത്തിൽ പെട്ടതായിരുന്നു. ആ റാക്കറ്റിൽ നിരവധി പെണ്‍കുട്ടികൾ അവരറിയാതെതന്നെ പെട്ടുപോയിട്ടുണ്ടെന്നാണ് വിവരം.
ഹരിയാന പോലീസിന്റെ കേസ് ഡയറിയിൽ നിന്ന്…
ഇന്ത്യയുടെ പല ഭാഗത്തും റേപ്പ് ഡ്രഗ് ഉപയോഗിച്ച് പെണ്‍കുട്ടികളെ അവരറിയാതെ ലൈംഗികമായി ഉപയോഗിക്കുന്ന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഹരിയാന ഗുഡ്ഗാവിൽ ഒരു മൾട്ടിനാഷണൽ കന്പനിയിൽ ജോലി ചെയ്യുന്ന പെണ്‍കുട്ടി ഇത്തരത്തിൽ കൂട്ടുകാരന്റെ ചതിയിലകപ്പെട്ടു.
ഒരു പാർട്ടിയ്ക്കിടെ സുഹൃത്ത് നൽകിയ പാനീയം കുടിച്ചതിനുശേഷം ബോധംനശിച്ച തന്നെ സുഹൃത്ത് ലൈംഗികമായി ഉപയോഗിച്ചുവെന്ന് ഇവർ പറയുന്നു.
പോലീസിലെ സുഹൃത്തുക്കളായ ചിലരോട് ഇവർ ഇക്കാര്യം പറഞ്ഞിരുന്നു. എന്നാൽ ഇതിന് തെളിവുകളൊന്നും ഇല്ലാത്തതുകൊണ്ടും മാനഹാനി ഭയന്നും പരാതി നൽകാതെ ഇവർ പിൻമാറി.
ഇവരെ ശാരീരിക ചൂഷണം ചെയ്തിട്ടുള്ളതായി പിന്നീട് നടത്തിയ മെഡിക്കൽ പരിശോധനയിൽ റിപ്പോർട്ട് ലഭിച്ചു.
അത്യാവശ്യം നല്ല ശന്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് അന്നുതന്നെ ആ പെണ്‍കുട്ടി നാട്ടിലേക്കു വണ്ടി കയറി.
പോകും മുൻപ് പോലീസിലെ ആ സുഹൃത്തിനോട് അവൾ പറഞ്ഞു- എനിക്ക് പറ്റിപ്പോയി….ഇനിയാർക്കും പറ്റാതിരിക്കാൻ നോക്കണേ….
അവളുടെ അപേക്ഷ ഇപ്പോൾ ഒരുപാടുപേരുടെ അപേക്ഷയുടെ സ്വരമായി മാറിയിരിക്കുന്നു..,
ഇരകൾ വേട്ടയാടപ്പെട്ടുകൊണ്ടേയിരിക്കുന്നു…
എന്തുകൊണ്ട് പെണ്‍കുട്ടികൾ അറിയുന്നില്ല….
അവളറിയാതെ എങ്ങനെയാ അവള് ഗർഭിണിയായേ എന്ന ചോദ്യം അടുത്തിടെയായി പല കേസുകളിലും ഉയർന്നു കേൾക്കാറുണ്ട്. അവിടെയാണ് റേപ്പ് ഡ്രഗ് എന്ന സംശയം കടന്നെത്തുന്നത്.
ഏതെങ്കിലും തരത്തിലുള്ള മണമോ നിറമോ രുചിയോ ഇല്ലാത്തതുമൂലം ഈ മയക്കുമരുന്നിനെ തിരിച്ചറിയാൻ കഴിയില്ല എന്നതുതന്നെയാണ് പ്രധാന പ്രശ്നം.
ഈ മയക്കുമരുന്ന് ഒരു തരം ഹിപ്നോട്ടിക് അമ്നേഷ്യയാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. റേപ്പ് ഡ്രഗ് എന്നറിയപ്പെടുന്ന എംഡിഎംഎ മയക്കുമരുന്ന് ക്രിസ്റ്റൽ രൂപത്തിലുള്ളതാണ്.
ഒരു ചെറിയ അംശം ഉള്ളിലെത്തിയാൽ ആറു മുതൽ ഒന്‍പതു മണിക്കൂർ വരെ ഉന്മാദാവസ്ഥയിൽ ആകും. ഈ സമയത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് യാതൊരു ഓർമകളും ഉണ്ടാകില്ല.
അളവിൽ കൂടുതൽ ശരീരത്തിൽ ചെന്നാൽ മരണം വരെ സംഭവിക്കാവുന്ന മയക്കുമരുന്നാണിത്.
റേപ്പ് ഡ്രഗിന് ഡിമാന്റു കൂടുന്പോൾ കേരളമടക്കം പലയിടത്തേക്കും വൻതോതിൽ ഇത് എത്തുന്നുണ്ട്.
പണവുമായി ഗോവയിലോ ബംഗളുരുവിലോ എത്തുന്ന വിതരണക്കാരെ കാത്ത് സ്റ്റഫുമായി അവിടെ മാർളി അങ്കിളുണ്ടാകും…
വേട്ടക്കാരന് ആയുധമൊരുക്കിക്കൊടുക്കുന്നവർ…മാർളി അങ്കിൾമാർ….അവരെക്കുറിച്ച് നാളെ.