പുതിയ തലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗമാണു പൈൽസ്. രണ്ടായിരത്തി പതിനേഴിൽ രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് നടത്തിയ ഒരു പഠനം പറയുന്നത് ഇന്ത്യയിൽ നാലു കോടിയിലധികം പൈൽസ് രോഗികൾ ഉണ്ടെന്നാണ്.
മനുഷ്യന്റെ വായ മുതൽ മലദ്വാരം വരെ ഏകദേശം ഒന്പത് മീറ്റർ നീളത്തിൽ നീണ്ടുകിടക്കുന്ന ഒരു കുഴലാണു ദഹനേന്ദ്രിയം. നാം അകത്തോട്ടെന്ത് നിക്ഷേപിക്കുന്നുവൊ അതിൽ നിന്നു പോഷണം വലിച്ചെടുത്ത ശേഷം ബാക്കിയുള്ളതിനെ മലദ്വാരത്തിലൂടെ പുറന്തള്ളുന്നതാണു ശരീരത്തിന്റെ ജോലി. നാം അകത്തേക്ക് നിക്ഷേപിക്കുന്നതിന്റെ ഗുണദോഷമനുസരിച്ചാണു വിസർജനത്തിന്റെ ഗതിവിഗതികൾ.
ജീവിതശൈലീരോഗങ്ങളുടെയും കാലിക രോഗങ്ങളുടെയും ഒരടിസ്ഥാനം ശരീരത്തിലെ വിസർജന അവയവങ്ങളുടെ പ്രവർത്തന അപാകതയാണെന്നു പറയാം. നാമെന്തു വിഷം കഴിച്ചാലും ശരീരത്തിന് അതിനെ പുറത്താക്കാൻ കഴിയുന്നുണ്ടെങ്കിൽ ശരീരത്തിനു വലിയ തകരാറു സംഭവിക്കില്ല. മലം, മൂത്രം, വിയർപ്പ്, മാസമുറ ഇവയിലേതിലെങ്കിലും തകരാറുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഏറെ താമസിയാതെ നിങ്ങൾ രോഗിയായിത്തീരാം.
പൈൽസ്
മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും പിന്നെ പൊട്ടി രക്തമൊഴുകുന്നതുമായ അവസ്ഥയാണു പൈൽസ്. ഇതു മലദ്വാരത്തിനകത്തു മാത്രമുള്ള രീതിയിലും പുറത്തേക്കു തള്ളുന്ന രീതിയിലും വരാം.
അകത്തുമാത്രമുള്ളവയിൽ രക്തസ്രാവമുണ്ടാകുമെങ്കിലും വേദന കുറവായിരിക്കും. അവിടെ നാഡികൾ കുറവായതാണു വേദന കുറയാൻ കാരണം. പല കാരണങ്ങൾ കൊണ്ട് ഈ രക്തക്കുഴലുകൾ വീർക്കാം. പുറത്തേക്കു
തള്ളുന്ന പൈൽസ് ആദ്യഘട്ടങ്ങളിൽ തനിയേ അകത്തേക്കു പോകുമെങ്കിലും പിന്നീട് വിരലു കൊണ്ട് തള്ളി അകത്താക്കേണ്ടിവരാം. പിന്നെ അതും സാധ്യമല്ലാതെ വരാം.
രക്തം വരുകയോ പൊട്ടാത്തതോ ആയ തരവുമുണ്ട്.
ലക്ഷണങ്ങൾ
വേദനയോടെയോ അല്ലാതെയോ മലത്തോടൊപ്പം രക്തം പോകുക, ചൊറിച്ചിൽ അനുഭവപ്പെടുക. മലദ്വാരത്തിൽ വേദനയും തടിപ്പും അനുഭവപ്പെടുക എന്നിവയാണു പ്രധാന ലക്ഷണങ്ങൾ. വീർത്ത സിരകളിലെ രക്തം കട്ടിയായാൽ അതിശക്തമായ വേദന വരാം.
ആ ഭാഗത്തുനിന്നുള്ള രക്തസ്രാവമെല്ലാം പൈൽസ് ആണെന്നു ധരിക്കരുത്, ആ ഭാഗത്തുണ്ടാകാവുന്ന കീറലുകൾ മുതൽ മലാശയ കാൻസറിന്റെ വരെ ലക്ഷണം രക്തസ്രാവമാണ്. അതിനാൽ പരിശോധനയിലൂടെ മാത്രമേ രോഗം തിരിച്ചറിയാൻ സാധിക്കൂ.
പലരും പ്രത്യേകിച്ച് സ്ത്രീകൾ കാണിക്കാൻ മടിച്ച് ഒടുവിൽ മുള്ളു കൊണ്ടെടുക്കേണ്ടത് തൂന്പ കൊണ്ടെടുക്കേണ്ട അവസ്ഥയിലാകുന്പോൾ ഡോക്ടറുടെ സഹായം തേടി വരാറുണ്ട്. രക്തസ്രാവം കൂടി തലകറക്കവും ബോധക്കേടും വിളർച്ചയും വരുന്നതു വരെ കാത്തിരിക്കരുത്.
രോഗകാരണങ്ങൾ
1. പാരന്പര്യം : മതാപിതാക്കൾക്ക് പൈൽസ് ഉണ്ടെങ്കിൽ മക്കൾക്കും വരാൻ സധ്യതയുണ്ട്.
2. ഗർഭാവസ്ഥ, അമിത വണ്ണം, മലബന്ധത്തെ തുടർന്നു
വിസർജനത്തിനായ് മുക്കുന്ന അവസ്ഥ, ഭാരോദ്വഹനം, അടിവയറ്റിൽ മർദം കൂടുന്ന സാഹചര്യങ്ങൾ ഇവ രോഗം വരുത്തുകയോ രോഗം കൂട്ടുകയോ ചെയ്യാം.
3. ദീർഘ നേരം ഇരുന്നു ചെയ്യുന്ന ജോലികൾ.
4. മലദ്വാരത്തിലൂടെയുള്ള ലൈംഗിക ബന്ധം.
രോഗമുള്ളവരിൽ വയറിളക്കവും മലബന്ധവും തുമ്മലും ചുമയുമെല്ലാം രോഗം കൂട്ടാൻ കാരണമാക്കും.
ചികിൽസ
രോഗകാരണം അടിസ്ഥാനമാക്കിയാണു ചികിൽസ നിർദ്ദേശിക്കുന്നത്.
* മലബന്ധമാണു രോഗകാരണമെങ്കിൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. നാരുകൾ എന്നാൽ ചകിരിനാരുപോലുള്ള എന്തോ എന്നാണൂ പലരും ധരിച്ചിരിക്കുന്നത്. ഭക്ഷണത്തിലെ നാര് എന്നാൽ ദഹിപ്പിക്കാൻ സാധിക്കാത്ത ഭക്ഷണഭാഗമെന്നേ അർഥമുള്ളു.
വിസർജിക്കാൻ മലമുണ്ടാകണം. മാംസാഹാരം കഴിക്കുന്പോൾ അവ ദഹിച്ചുകഴിഞ്ഞാൽ ബാക്കി കാര്യമായൊന്നും വിസർജിക്കാനുണ്ടാവില്ല. പച്ചക്കറികളും ഇലക്കറികളും ധാന്യങ്ങളും എല്ലാമാണു കഴിക്കാവുന്ന ഭക്ഷണം. ധാരാളം വെള്ളം കുടിക്കുക. മലബന്ധം വരാതിരിക്കും.
* ഒരേ ഇരിപ്പിരിക്കാതെ ഇടയ്ക്കൊക്കെ എഴുന്നേറ്റ് നടക്കുക. യോഗ ചെയ്യുക.
* ബാത്ത് റൂമിൽ പോകാൻ തോന്നുന്പോൾ പോവുക. പിടിച്ചുവയ്ക്കണ്ട.
ഇന്നുകാണുന്ന ബംഗാളി കൂലിത്തൊഴിലാളികൾക്കു മുൻപ് കേരളത്തിൽ സ്ഥാനമുറപ്പിച്ചവരാണു “്മൂലക്കുരു, അർശ്ശസ്, ഭഗന്ദരം’’ ബോർഡിൽ കാണുന്ന ബംഗാളികൾ. എല്ലാ നാട്ടിലും കാണുന്ന ഈ വ്യാജന്മാർക്കെതിരേ ആരും പരാതി കൊടുക്കാത്തതിനാൽ പോലീസിനു കേസ് എടുക്കാനുമാവുന്നില്ല. വൃത്തിഹീനമായ സാഹചര്യത്തിൽ ഒരു ഗ്ലൗസ് പോലുമിടതെയാണു ഇവരുടെ പരിശോധനയും ചികിൽസയും.
അവർ പറയുന്ന പണവും കൊടുത്ത് അവരെഴുതുന്ന ഇംഗ്ളീഷ് മരുന്നും വാങ്ങിക്കഴിച്ച് മിണ്ടാതിരിക്കുന്നവർ നമ്മുടെ നാട്ടിൽ ധാരാളമുണ്ട് . താല്കാലിക ശമനത്തിനു ശേഷം വീണ്ടും രോഗം വന്നാൽ ആ സ്ഥലത്ത് ആളുണ്ടാവില്ല. നാടുവിട്ട് മറ്റൊരിടത്ത് വേറൊരു പേരിൽ തുടങ്ങിയിട്ടുണ്ടാവും. നാണക്കേടുകൊണ്ട് ആരും കേസുകോടുക്കുന്നുമില്ല.
എല്ലാ ചികിൽസാ രീതിയിലും മരുന്നു ചികിൽസയുണ്ട്. ശസ്ത്രക്രിയയും ഫലപ്രദമാണ്. ഏതുചികിൽസ ചെയ്താലും രോഗിയുടെ ജീവിതശൈലിയിലും ഭക്ഷണരീതിയിലും മാറ്റം വരുത്തിയില്ലെങ്കിൽ രോഗം വീണ്ടും തിരികെ വരാം. ഹോമിയോപ്പതിയിൽ രോഗകാരണമറിഞ്ഞാണു ചികിൽസിക്കുന്നത്. രോഗം വീണ്ടും വരാതിരിക്കാനുള്ള മാർഗ്ഗനിർദ്ദേശവും നല്കും. രോഗം കൂടിയിരിക്കുന്ന അവസ്ഥയിലും സ്ഥിരരോഗികളിൽ രോഗം ശമിക്കാനും രോഗം വരാതിരിക്കാനും പ്രത്യേകം ചികിൽസകൾ ലഭ്യമാണ്.