ടി.പി.സന്തോഷ്കുമാർ
പെണ്‍കുട്ടിയുടെ കൊലപാതകത്തിനു ശേഷം അറസ്റ്റിലായ പ്രതി അർജുനെ ആറു ദിവസം കഴിഞ്ഞു തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ചു.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പീരുമേട് ഡിവൈഎസ്പി അനിൽ കുമാറിന്റെയും വണ്ടിപ്പെരിയാർ സിഐ ടി.ഡി. സുനിൽകുമാറിന്റെയും നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവുമുണ്ടായിരുന്നു.
രാവിലെ പത്തോടെ പ്രതിയെ സ്ഥലത്തെത്തിച്ചു. ജനങ്ങളുടെ ഭാഗത്തു കടുത്ത രോഷപ്രകടനം ഉണ്ടായെങ്കിലും വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
എങ്കിലും പ്രതിയെ കണ്ടു സ്ത്രീകൾ പൊട്ടിത്തെറിച്ചു, ചിലർ ശാപവാക്കുകളുമായി ആക്രോശിച്ചു. ആദ്യഘട്ട തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി മുട്ടം ജില്ലാ ജയിലിൽ പ്രതിയെ റിമാൻഡ് ചെയ്തു.
ചോദ്യംചെയ്യൽ
രണ്ടു ദിവസത്തിനു ശേഷം പ്രതിയെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്തു. ഇതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതി മറ്റു കുട്ടികളെ ഈ രീതിയിൽ ഉപദ്രവിച്ചിട്ടുണ്ടോ എന്നും മറ്റുമുള്ള വിവരങ്ങളാണ് പോലീസ് തേടിയത്.
പതിവായി കുട്ടിക്കു മിഠായി വാങ്ങി നൽകിയിരുന്ന വണ്ടിപ്പെരിയാർ പെട്രോൾ പന്പിന് എതിർവശത്തുള്ള കടയിൽ കഴിഞ്ഞ ഒൻപതിനുപ്രതിയെ എത്തിച്ചു.
സ്ഥാപന ഉടമകളായ ദന്പതികൾ പ്രതിയെ തിരിച്ചറിഞ്ഞു. സംഭവ ദിവസം ഉച്ചയോടെ പ്രതി ഇവിടെനിന്നു ചോക്ലേറ്റ് വാങ്ങിയിരുന്നതായി ഇവർ പോലീസിനു മൊഴി നൽകി.
വീണ്ടും അതേ രംഗങ്ങൾ
11ന് വീണ്ടും അർജുനെ പെണ്‍കുട്ടി കൊല്ലപ്പെട്ട വീട്ടിൽ എത്തിച്ചു. തുടർന്ന് പോലീസ് ഇവിടെ നടന്ന ക്രൂരമായ കൊലപാതകം പുനരാവിഷ്കരിച്ചു.
പെണ്‍കുട്ടിയുടെ തൂക്കത്തിലും വലിപ്പത്തിലുമുള്ള ഡമ്മി തയാറാക്കിയാണ് കൊലപാതകത്തിന്റെ പുനരാവിഷ്കരണം നടത്തിയത്.
പീഡനത്തിനു ശേഷം കുട്ടി ബോധരഹിതയായ സമയം മുതൽ വീടിനുള്ളിലെ അലമാര തുറന്ന് ഷാൾ എടുത്ത് വാഴക്കുല കെട്ടുന്ന കയറിൽ ആദ്യം കുരുക്കിടുന്നതും കുട്ടിയുടെ കഴുത്തിൽ കുരുക്കി മുറുക്കിയതും മരണം ഉറപ്പാക്കി ജനൽ വഴി പുറത്തു കടക്കുന്നതുവരെയുള്ള രംഗങ്ങൾ പ്രതി പോലീസിനു മുന്നിൽ അനുകരിച്ചു.
ഇതെല്ലാം തന്നെ പോലീസ് വിശദമായി രേഖപ്പെടുത്തി. തികച്ചും നിർവികാരമായാണ് പ്രതി തെളിവെടുപ്പിനോടു സഹകരിച്ചത്.
ഇതിനിടെ പ്രതിയെ വീണ്ടും തെളിവെടുപ്പിന് ചുരക്കുളം എസ്റ്റേറ്റിൽ എത്തിച്ചപ്പോൾ കുട്ടിയുടെ പിതാവും ബന്ധുക്കളും നാട്ടുകാരും അടക്കം വലിയ പ്രതിഷേധമാണുയർത്തിയത്.
കുട്ടിയുടെ പിതാവ് പ്രതിക്കു നേരെ പാഞ്ഞടുക്കുകയും ചെയ്തു. പോലീസാണ് പിന്തിരിപ്പിച്ചത്. ഇതിനിടെ, പെണ്‍കുട്ടിയുടെ ബന്ധു പ്രതിയെ ആക്രമിക്കുകയും ചെയ്തു.
വീണ്ടും പ്രതിയെക്കൂട്ടി ലയത്തിൽ തെളിവെടുപ്പു നടത്താനാവില്ലെന്നു ബന്ധുക്കൾ ശഠിച്ചു. പോലീസ് ഇവരെ നീക്കം ചെയ്യുകയും എല്ലാവരും ലയങ്ങളിൽ കയറിയിരിക്കണം എന്നു നിർദേശം നൽകിയതിനു ശേഷമാണ് പിന്നീടു തെളിവെടുപ്പു നടപടി പൂർത്തിയാക്കിയത്.
ഉയരുന്ന ചോദ്യങ്ങൾ
തെളിവെടുപ്പു പൂർത്തിയായതോടെ പ്രതിയെ വീണ്ടും പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആറു വയസുകാരിയായ പിഞ്ചു ബാലികയെ നിഷ്ഠൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിയ്ക്ക് പരമാവധി ശിക്ഷ വാങ്ങി നൽകാനായും പ്രതിക്കു ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനുമായി 30 ദിവസങ്ങൾക്കുള്ളിൽത്തന്നെ കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണ് പോലീസ്.
മാതാപിതാക്കൾ തോട്ടങ്ങളിൽ ജോലിക്കു പോകുന്നതോടെ ചോർന്നൊലിക്കുന്നതും കാര്യമായ ബന്തസില്ലാത്തതുമായ ലയങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷിതത്വത്തിനു സർക്കാരോ ബാലാവകാശ കമ്മീഷനോ തൊഴിൽ വകുപ്പോ എന്തു ചെയ്യുന്നു എന്നതാണ് ഈ കൊലപാതകം കേരള മനഃസാക്ഷിക്കു മുന്നിൽ ഉയർത്തുന്ന ചോദ്യം.