സമീപകാല റിക്കാർഡുകൾ തിരുത്തിയ എക്സൈസിന്റെ വൻ മയക്കുമരുന്നു വേട്ടയായിരുന്നു കൊച്ചിയിലെ കാക്കനാടുള്ള ഒരു ഫ്ലാറ്റിൽ അടുത്തിടെ അരങ്ങേറിയത്.
അതിമാരകമായ എംഡിഎംഎയെന്ന മയക്കുമരുന്നു ശേഖരവുമായി രണ്ടു യുവതികളടക്കം ആറു പേരാണ് പിടിയിലായത്.
ഈ സംഭവത്തിൽ എക്സൈസിനെ ഞെട്ടിച്ചത് ഇവർ മയക്കുമരുന്ന് കടത്തുന്ന രീതിയായിരുന്നു. ആക്രമണകാരികളായ നായ്ക്കളെ ഉപയോഗിച്ചായിരുന്നു ഇവരുടെ ലഹരികടത്ത്.
നായ്ക്കൾക്കുള്ള ഭക്ഷണ പായ്ക്കറ്റിൽനിന്നു ഭക്ഷണം എടുത്തു മാറ്റി ഇതിൽ മയക്കുമരുന്ന് നിറച്ചാണ് ഇവർ കടത്ത് നടത്തിയിരുന്നത്.
ചെന്നൈ ആസ്ഥാനമാക്കിയ അന്താരാഷ്ട്ര ബന്ധമുള്ള മയക്കുമരുന്നു മാഫിയ കൊച്ചി ലക്ഷ്യമാക്കി പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ തെളിവായിരുന്നു ഈ കടത്ത്.
കേസിൽ പ്രതികളുടെ അറസ്റ്റിനെത്തുടർന്ന് എക്സൈസ് വിഭാഗത്തിൽ ഭിന്നതയും രൂക്ഷമായിരുന്നു. കേസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങളുയർന്നതു മൂലം എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗമാണ് ഇപ്പോൾ അന്വേഷണം നടത്തുന്നത്.
കാമുകൻമാരുടെ വലയിൽ കുരുങ്ങിയ ത്വയ്ബയും ഷബ്നയുമെന്ന രണ്ട് യുവതികളാണ് ഈ കേസിലെ മുഖ്യ കഥാപാത്രങ്ങൾ.
വണ്ടിക്കുള്ളിൽ ഫാമിലിയാണ് സാറേ…
ചെന്നൈയിലും പോണ്ടിച്ചേരിയിലുമടക്കം മാഫിയ ലഹരിമരുന്ന് ശേഖരണത്തിനു പോകുമ്പോൾ ഫാമിലിയെന്നു തോന്നിപ്പിക്കത്തക്ക തരത്തിലാണ് കടത്ത് ആസുത്രണം ചെയ്തിരുന്നത്.
ചെക്ക്പോസ്റ്റുകളിലെ പരിശോധനകളിൽനിന്നു രക്ഷ നേടാനാണ് ഈ ഫാമിലി ട്രിക്. ഇതോടൊപ്പം പലപ്പോഴും വളർത്തു മൃഗങ്ങളെയും വാഹനത്തിൽ കയറ്റും. ഇതു കർശന പരിശോധനകളിൽ നിന്നും ഇവർക്ക് ഇളവുകൾ നേടികൊടുത്തു.
ലഹരി സംഘടിപ്പിക്കാനെത്തുന്ന സ്ഥലങ്ങളിലെ കോട്ടേജുകളിലും ഇവർ കഴിയുന്നത് ഫാമിലിയെന്ന വ്യാജേനയാണ്.
കാക്കനാട്ടെയും തൃക്കാക്കരയിലെയും ഫ്ലാറ്റുകളിൽ പിടിയിലായ ലഹരി മാഫിയ ആഡംബര ജീവിതമാണ് നയിച്ചിരുന്നത്.
ഇവിടങ്ങളിൽ യുവതികളടക്കമുള്ള സംഘം മദ്യവും ലഹരിമരുന്നുകളും ആവോളം ആസ്വദിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കടിച്ചുകീറും റോട്വീലർ
കാക്കനാട് ലഹരിമരുന്നു കേസിൽ റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളെ മറയാക്കിയായിരുന്നു ലഹരിമരുന്ന് കടത്ത്.
സ്ത്രീകളെ മാത്രം ഉപയോഗിച്ചാൽ പരിശോധനയിൽനിന്ന് എളുപ്പം രക്ഷപ്പെടാൻ കഴിയില്ല എന്ന തോന്നലാണ് ഇവരെ നായ്ക്കളെ ഉപയോഗിക്കാൻ പ്രേരിപ്പിച്ചത്.
ശൗര്യം കൂടിയ ഇനമായതുകൊണ്ടു തന്നെ ഇവ ആക്രമിക്കുമെന്ന മുന്നറിയിപ്പ് പരിശോധിക്കാൻ വരുന്ന ഉദ്യോഗസ്ഥരോടു ലഹരികടത്തുകാർ പറയും.
കാഴ്ചയിൽത്തന്നെ ഭയപ്പെടുത്തുന്ന വലിപ്പവും മുഖഭാവവും ഉള്ള ഇത്തരം നായ്ക്കളെ കാണുന്പോൾ ഉദ്യോഗസ്ഥർ താനെ പിൻവലിയും.
നായയെ പുറത്തിറക്കി വാഹനം പരിശോധിക്കാൻ ആരും ധൈര്യം കാണിക്കില്ല. ഇത്രയും നായ്ക്കളെയുമായി എന്തിനു സഞ്ചരിക്കുകയാണ് എന്നു ചോദിച്ചാൽ അയൽ സംസ്ഥാനങ്ങളിൽനിന്നു വാങ്ങിക്കൊണ്ടുവരികയാണെന്നാവും ഉത്തരം.
കടത്തിനുപയോഗിക്കുന്ന വാഹനങ്ങളിൽ മാത്രമല്ല സാധനം സൂക്ഷിക്കുന്ന താവളങ്ങളിലും ഇത്തരം ആക്രമണകാരികളായ നായ്ക്കളുടെ കാവലുണ്ടായിരിക്കും.
പെട്ടുപോയ എക്സൈസ്
നിയമപ്രകാരം ലഹരിക്കടത്തിനു മറയാക്കിയ നായ്ക്കളെയും എക്സൈസിനു കസ്റ്റഡിയിലെടുക്കണം. ശൗര്യം കൂടിയ ഇനമായതിനാൽ തന്നെ ഇവയെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല.
കാക്കനാട് കേസിൽ പിടികൂടിയ നായ്ക്കൾ എക്സൈസോ മറ്റുള്ളവരോ നൽകിയ ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കിയില്ല.
തുടർന്ന് നായ്ക്കൾ തളർന്നു കാറിലെ സീറ്റിൽ കിടപ്പായി. നായ്ക്കളെ കസ്റ്റഡിയിലെടുത്താല്‍ എവിടെ സൂക്ഷിക്കും ആരു പരിചരിക്കും തുടങ്ങിയ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടുതന്നെ ഉദ്യോഗസ്ഥർ സംരക്ഷണ ചുമതലയേൽക്കാൻ സന്നദ്ധത പ്രകടിപ്പിക്കുന്നവരെ ഏൽപ്പിച്ചു തടിതപ്പാറാണ് പതിവ്.
കാക്കനാട് കേസിൽ പിടിയിലായ നായ്ക്കളെ പ്രതികളിലൊരാളുടെ ബന്ധുവിനു കൈമാറുകയായിരുന്നു. ഇവർ ഇതു മരടിലുള്ള മൃഗസംരക്ഷകയെ ഏൽപ്പിച്ചു തലയൂരി.
പ്രണയം, ലഹരി
കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫബാസും ഷബ്നയും പ്രണയവിവാഹിതരാണെന്നാണ് പറയപ്പെടുന്നത്.
ഇരുവരും ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായി. ലഹരി മാഫിയയുടെ സാമ്പത്തിക സ്രോതസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഷിഫാൻ താജിനെ ചോദ്യം ചെയ്തതിൽനിന്ന് ഷബ്നയുടെ അക്കൗണ്ടിലേക്കാണ് കൂടുതൽ പണവും കൈമാറിയിരുന്നതെന്നു കണ്ടെത്തുകയായിരുന്നു.
അരക്കോടിയോളം രൂപയുടെ ഇടപാടുകളാണ് ഇവരുടെ അക്കൗണ്ടിലൂടെ നടന്നിരുന്നത്.
പിടിയിലായ സംഘത്തിലെ കമിതാക്കളായിരുന്നു കോഴിക്കോടുകാരൻ ശ്രീമോനും തിരുവല്ല സ്വദേശി ത്വയ്ബയും.
ജോലി തേടി കൊച്ചിയിലെത്തിയ രണ്ടു കുട്ടികളുടെ മാതാവായ ത്വയ്ബയെ ശ്രീമോൻ പ്രണയം നടിച്ചു സംഘത്തിൽ ചേർക്കുകയായിരുന്നു.
ത്വയ്ബയെ ഉപയോഗിച്ച് ലഹരിയുടെ ടോർ ടു ടോർ ബിസിനസ് കൊഴുപ്പിക്കാനൊരുങ്ങുന്നതിനിടയിലായിരുന്നു അറസ്റ്റ്.
തയാറാക്കിയത്: റിയാസ് കുട്ടമശേരി