നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
2019 മാർച്ച് 31നവസാനിച്ച ത്രൈമാസത്തെ ടിഡിഎസ് റിട്ടേണുകൾ പിഴകൂടാതെ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി ഈ മാസം 31 ആണ്. ടിസിഎസ് റിട്ടേണുകൾ 15നു മുന്പും ഫയൽ ചെയ്യണം.
ടിഡിഎസ് / ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കകം ഫയൽ ചെയ്തില്ലെങ്കിൽ നികുതി പിടിച്ച വ്യക്തി രണ്ടു തരം ശിക്ഷ നേരിടേണ്ടി വന്നേക്കാം. ഒന്ന്: താമസിക്കുന്ന ഓരോ ദിവസത്തിനും 200 രൂപ നിരക്കിൽ ആദായനികുതിനിയമം 234 ഇ അനുസരിച്ച് ലെവി നല്കണം.
രണ്ട്: നികുതി നിയമം 271 എച്ച് അനുസരിച്ച് താമസിച്ച് ഫയൽചെയ്യുന്നവർക്ക് അല്ലെങ്കിൽ ഫയൽ ചെയ്യാത്തവർക്കുള്ള 10,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള പിഴ. ഈ പിഴത്തുക താമസത്തിന് വരുന്ന ദിവസേനയുള്ള ലെവി കൂടാതെയാണ്.
സ്രോതസിൽ നികുതി പിടിക്കുന്നയാളിന്റെ ഉത്തരവാദിത്വങ്ങൾ
ടിഡിഎസ് പിടിക്കുന്ന വ്യക്തി/സ്ഥാപനം ടാൻ നന്പറും ടിസിഎസ് പിടിക്കുന്ന വ്യക്തി ടാക്സ് കളക്ഷൻ അക്കൗണ്ട് നന്പരും എടുക്കണം. ഇതുമായി ബന്ധപ്പെട്ട എല്ലാ ഡോക്യുമെന്റുകളിലും പ്രസ്തുത നന്പർ എഴുതണം.
നിർദേശിക്കപ്പെട്ട നിരക്കിൽ പിടിക്കുന്ന നികുതിത്തുക നിശ്ചിത ദിവസത്തിനകംതന്നെ ഗവണ്മെന്റിൽ അടയ്ക്കണം. അതിനുശേഷം എല്ലാ ത്രൈമാസത്തിലും ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ നിർദിഷ്ട തീയതികൾക്കകം ഫയൽ ചെയ്യണം. തുടർന്ന് നികുതി പിടിക്കപ്പെട്ട വ്യക്തിക്ക് ടിഡിഎസ്/ടിസിഎസ് സർട്ടിഫിക്കറ്റ് നല്കണം.
ഫയൽ ചെയ്യേണ്ട തീയതികൾ
2019 മാർച്ച് 31നവസാനിച്ച ത്രൈമാസത്തിലെ ടിഡിഎസ് റിട്ടേണുകൾ ഈ മാസം 31ന് മുന്പ് ഫയൽ ചെയ്താൽ മതി. എന്നാൽ, ടിസിഎസ് റിട്ടേണുകൾ 15നു മുന്പുതന്നെ ഫയൽ ചെയ്യേണ്ടതുണ്ട്.
ആദായ നികുതി നിയമം 234 ഇ അനുസരിച്ച് നിർദിഷ്ട തീയതിക്കുള്ളിൽ റിട്ടേണുകൾ ഫയൽ ചെയ്തില്ലെങ്കിൽ താമസം വരുന്ന ഓരോ ദിവസത്തിനും 200 രൂപ എന്ന നിരക്കിൽ ലെവി ചുമത്തുന്നതാണ്. എന്നാൽ, പ്രസ്തുത ലെവി അടച്ച നികുതിത്തുകയേക്കാൾ കൂടുതലാകാൻ അനുവദിക്കില്ല. പരമാവധി പിഴത്തുക അടച്ച നികുതിത്തുകയായി ലിമിറ്റ് ചെയ്തിരിക്കുന്നു.
ആദായനികുതി നിയമം 271 എച്ച് അനുസരിച്ചുള്ള പിഴ
സ്രോതസിൽ നികുതി പിടിച്ചതിനുശേഷം ടിഡിഎസ്/ടിസിഎസ് റിട്ടേണുകൾ ഫയൽ ചെയ്യാതിരിക്കുകയോ അല്ലെങ്കിൽ റിട്ടേണിൽ തെറ്റായ വിവരങ്ങൾ സമർപ്പിക്കുകയോ ചെയ്താൽ ആദായനികുതി ഉദ്യോഗസ്ഥന് വകുപ്പ് 271 എച്ച് പ്രകാരം 10,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയുള്ള പിഴ ഈടാക്കാൻ അധികാരമുണ്ട്.
എന്നാൽ, സ്രോതസിൽ പിടിച്ച നികുതിയും ആവശ്യമായ പലിശയും അടച്ചശേഷം റിട്ടേണുകൾ ഫയൽ ചെയ്യേണ്ട നിർദിഷ്ട തീയതി തുടങ്ങി ഒരു വർഷത്തിനകം റിട്ടേണുകൾ ഫയൽ ചെയ്യുകയും റിട്ടേണ്ഫയൽ ചെയ്യാൻ താമസിച്ചതിന് നികുതി നിയമത്തിലെ 234 ഇ വകുപ്പനുസരിച്ചുള്ള ലെവിയും പലിശയും അടയ്ക്കുകയും ചെയ്താൽ 271 എച്ച് പ്രകാരമുള്ള പിഴ ഈടാക്കുന്നതല്ല.
എന്നാൽ, 271 എച്ച് പ്രകാരം നികുതി ഉദ്യോഗസ്ഥൻ പിഴ ചുമത്തിയാൽ ഉയർന്ന അധികാരികളുടെ മുന്പിൽ തക്കതായ കാരണം മൂലമാണ് താമസം നേരിട്ടതെന്ന് നികുതിദായകൻ ബോദ്ധ്യപ്പെടുത്തിയാൽ പിഴ ഇല്ലാതാക്കിത്തരുന്നതാണ്.