നാനാവിധ ലഹരികളുടെയും വിളനിലമായി കേരളം മാറിയിട്ടു നാളുകളായി. ഉപയോഗത്തിൽ സ്ത്രീകളും പിന്നിലല്ലെന്നു തെളിയിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്.
അതിലേറെ ഞെട്ടിക്കുന്നതു ലഹരിക്കടത്തിലെ സ്ത്രീ സാന്നിധ്യങ്ങളാണ്. നാരികൾ മുതൽ നായ്ക്കളെ വരെ പരിശോധകരുടെ കണ്ണുവെട്ടിക്കാൻ ലഹരി മാഫിയ തന്ത്രപരമായി പ്രയോഗിച്ചു വരികയാണ്.
കല്ലുവാതുക്കൽ കവറു താത്ത മുതൽ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം മാനന്തവാടിയിൽ എക്സൈസിന്റെ പിടിയിലായ തിരുവനന്തപുരത്തെ ഐടി പ്രഫഷണൽ ശ്രുതിയെന്ന യുവതിവരെ നമുക്കു മുന്നിൽ വെളിവാക്കുന്നത് ലഹരി മാഫിയയുടെ കുതന്ത്രങ്ങളാണ്.
കൂടാതെ റോട് വീലറടക്കമുള്ള മുന്തിയയിനം നായ്ക്കളെ വരെ ലഹരിക്കടത്തിന്റെ ഭാഗമാക്കി മാറ്റുന്നു.
കല്ലുവാതുക്കൽ കവറുതാത്ത
കേരളം ചരിത്രത്തിനുമുന്നിൽ തലകുനിച്ചുനിൽക്കേണ്ടിവന്ന 2000 ഒക്ടോബർ 21ലെ കല്ലുവാതുക്കൽ വിഷമദ്യ ദുരന്തത്തിലെ ഒന്നാം പ്രതി കവറുതാത്തയെന്നറിയപ്പെട്ടിരുന്ന ഹയറുന്നിസയാണ്.
ചിറയിൻകീഴ് എക്സൈസ് റേഞ്ചിൽ കള്ളുഷാപ്പുകൾക്ക് ഉടമയായിരുന്ന മണിച്ചന്റെ ഗോഡൗണിൽ നിന്നാണ് ഇവർ സ്പിരിറ്റ് കലർന്ന മദ്യം കല്ലുവാതുക്കലെത്തിച്ചിരുന്നത്.
ഒടുവിൽ കടത്തി കൊണ്ടുവന്ന മീതൈൽ ആൽക്കഹോൾ അമിതമായി കലർന്ന് വിഷ മദ്യമായതാണ് ദുരന്തത്തിൽ കലാശച്ചത്.
കോട്ട മതിൽ കെട്ടിയ ഔട്ട്ഹൗസ്
പോലീസും എക്സൈസും കയറാതിരിക്കാൻ കോട്ട മതിൽ കെട്ടിയ ഔട്ട്ഹൗസും ഏസിയടക്കം എല്ലാ സൗകര്യങ്ങളുമുള്ള ഇരുനില വീട്ടിലാണ് ഇവർ മദ്യക്കച്ചവടം നടത്തിയിരുന്നത്.
താത്തയുടെ മാസപ്പടിക്ക് മുന്നിൽ ഉന്നത ഉദ്യോഗസ്ഥരടക്കം പലരും കണ്ണടച്ചു. പക്ഷേ ആ അനാസ്ഥയ്ക്കു പകരം കൊടുക്കേണ്ടിവന്നത് 33 മനുഷ്യ ജീവനുകളാണ്.
സമ്പന്നയായിരുന്ന താത്തയ്ക്കു നാട്ടിലെ എല്ലാ രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമായിരുന്നു. പക്ഷേ, ഒരു ദുരന്തമുണ്ടാകേണ്ടിവന്നു ആ സമ്പത്തിന്റെ അണിയറക്കഥകൾ നാടറിയാൻ.
ഒടുവിൽ കേസിൽ അറസ്റ്റിലായി, ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ഹയറുന്നിസ കരൾ രോഗത്തോടും ജയിൽ ജീവിതത്തിലെ ദുരിതങ്ങളോടും മല്ലടിച്ച് 2009ൽ മരിച്ചു.
ലഹരി വിതച്ച വിനാശങ്ങളുടെ ബാക്കിപത്രത്തിൽ ഒരു കറുത്ത അധ്യായമായി കല്ലുവാതുക്കൽ മദ്യദുരന്തം ഇന്നും ശേഷിക്കുന്നു.
സുറുമിയെ പൂട്ടിയത് ആലുവയിൽ
കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന്റെ നേതൃത്വത്തിൽ കേരളത്തിലേക്കു സ്പിരിറ്റ് ഒഴുകിയിരുന്ന കാലം.
മോഡലും സീരിയൽ നടിയുമായ സുറുമിയെന്ന കോട്ടയംകാരി യുവതിയായിരുന്നു ഈ സംഘത്തിലെ പ്രധാനി.
പലകുറി ഇവർ വിദഗ്ധമായി സ്പിരിറ്റു കടത്തി. ദമ്പതികളെന്ന വ്യാജേന സ്പിരിറ്റ് വാഹനങ്ങൾക്ക് എസ്കോർട്ട് പോയിരുന്നത് സുറുമിയാണ്.
2011ലെ ക്രിസ്മസ് സംഘത്തിന്റെ സ്പിരിറ്റു കടത്താനുള്ള നീക്കം എക്സൈസിനു ചോർന്നു കിട്ടി. ആലുവയിലെത്തിയ സുറുമിയടുമുള്ള സ്പിരിറ്റ് മാഫിയയെ അന്ന് ആലുവ എക്സൈസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.
ദേശീയപാതയിൽ ആലുവ പറവൂർ കവലയ്ക്ക് സമീപത്തെ പൂട്ടിക്കിടന്ന വർക്ക്ഷോപ്പിൽ സ്പിരിറ്റ് നിറച്ച വാഹനങ്ങൾ പാർക്ക് ചെയ്ത സംഘം തൊട്ടടുത്ത ലോഡ്ജിൽ മുറിയെടുത്തു താമസിച്ചു.
എക്സൈസ് റൂമിലെത്തി ചോദ്യം ചെയ്തപ്പോൾ സുറുമി ആദ്യം എതിർത്തു. കൂട്ടുപ്രതികൾ കുടുങ്ങിയതറിഞ്ഞതോടെ സുറുമി വെട്ടിലായി. മരട് അനീഷിനു വേണ്ടി സ്പിരിറ്റ് കടത്തിയിരുന്ന വിവരം ഒടുവിൽ സമ്മതിച്ചു.
ഐടി പ്രഫഷണൽ ശ്രുതി
കഴിഞ്ഞ ദിവസം വയനാട് ബാവലി ചെക്പോസ്റ്റിൽ നടന്ന എംഡിഎംഎ വേട്ടയിലാണ് സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലഹരി മാഫിയ ബന്ധമുള്ള യുവതിയടക്കമുള്ള ഐടി പ്രഫഷണലുകളുടെ വിവരങ്ങൾ പുറത്തു വന്നിരിക്കുന്നത്.
പത്തു ലക്ഷത്തോളം രൂപ വില മതിക്കുന്ന നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായിട്ടാണ് സംഘം എക്സൈസിന്റെ പിടിയിലായത്.
ബംഗളൂരില്‍ നിന്നാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികള്‍ സമ്മതിച്ചു. സംശയം തോന്നാതിരിക്കാൻ ശ്രുതിയെ സംഘം യാത്രയിൽ കൂടെ കൂട്ടുകയായിരുന്നു.
താരതമ്യേന പരിശോധന കുറഞ്ഞ ബാവലി അതിര്‍ത്തി വഴി പ്രതികള്‍ കേരളത്തിലേക്ക് പ്രവേശിച്ചത്. പ്രതികളില്‍ രണ്ടുപേര്‍ തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരാണ്.
ഇവരുടെ സഹപ്രവര്‍ത്തകരിലേക്കും അന്വേഷണം നീളും. ലഹരിമരുന്നിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനായാല്‍ സ്ത്രീകളടങ്ങിയ അന്തര്‍സംസ്ഥാന ലഹരിമരുന്ന് മാഫിയയ്ക്കു കനത്ത തിരിച്ചടിയാകും.
തയാറാക്കിയത്: റിയാസ് കുട്ടമശേരി
മത്തുപിടിച്ച കേരളം! കൊച്ചു പ്രായക്കാർക്കു ചെറു ലഹരികൾ; പകലന്തിയോളം പണിയെടുത്തു തളർന്ന് പള്ള നിറയെ കള്ളടിച്ച് ക്ഷീണമകറ്റിയിരുന്നത് പഴയ കാലം….