ആ സ്യൂട്ട് കേസിൽ എന്തെങ്കിലും രഹസ്യമുണ്ടോയെന്ന ചിന്ത ഡ്രൈവർ രാജുവിനെ അലട്ടിത്തുടങ്ങി. ഇതിനിടെയാണ് അയാൾ ഞെട്ടലോടെ ഒരു കാര്യം മനസിലാക്കിയത്. എന്തോ ഒരു ദുർഗന്ധം വണ്ടിയിൽ നിറയുന്നു.
സാധാരണ റോഡുകളിലൂടെയൊക്കെ പോകുന്പോൾ വശങ്ങളിലെ ഒാടകളിൽനിന്നും മറ്റുമുള്ള ദുർഗന്ധം ഇങ്ങനെ വാഹനങ്ങളിലേക്ക് അടിച്ചു കയറാറുണ്ട്. അങ്ങനെ എന്തെങ്കിലുമായിരിക്കുമെന്ന് അയാൾ സമാധാനിച്ചു.
എന്നാൽ, വണ്ടി മുന്നോട്ടു പോയിട്ടും ഒാടയൊന്നുമില്ലാത്ത പ്രദേശത്ത് എത്തിയിട്ടും വാഹനത്തിനുള്ളിലെ ദുർഗന്ധം വിട്ടുമാറുന്നില്ലെന്ന് അയാൾ തിരിച്ചറിഞ്ഞു.
അവരുടെ സമീപത്ത് ഇരിക്കുന്ന സ്യൂട്ട് കേസിൽനിന്നാണോ ആ ദുർഗന്ധം ഉയരുന്നതെന്ന സംശയം അയാളിൽ ബലപ്പെട്ടു. അവരാണെങ്കിൽ ഇടയ്ക്കിടെ സ്യൂട്ട് കേസിലേക്കു നോക്കുന്നതല്ലാതെ ഒന്നും പറയുന്നതുമില്ല.
ഭയം പൊതിയുന്നു
ദുർഗന്ധം കൂടി വരുന്നതായി തോന്നിയതോടെ വല്ലാത്തൊരു ഭയം ഡ്രൈവറെ പൊതിഞ്ഞു. ഇനിയും ഇക്കാര്യം ചോദിക്കാതെ മുന്നോട്ടുപോകാനാവില്ല എന്നയാൾ തീരുമാനിച്ചു.
ആളുകളൊക്കെയുള്ള ഒരു പെട്രോൾ പന്പിനു സമീപം അയാൾ വണ്ടി നിർത്തി. എന്തിനാണ് വണ്ടി നിർത്തിയത് എന്ന മട്ടിൽ ഡോ.ഒാമന ഡ്രൈവറെ നോക്കി.
വല്ലാത്ത ദുർഗന്ധമുണ്ടല്ലോ, എന്താണ് സ്യൂട്ട് കേസിൽ എന്നു ഡ്രൈവർ തമിഴിൽ ഒാമനയോടു ചോദിച്ചു.
അത്രയും നേരം മിണ്ടായിരുന്ന സ്ത്രീ ഉടൻ തന്നെ ഇംഗ്ലീഷിൽ എന്തൊക്കെയോ മറുപടി പറഞ്ഞു. അവർ പറഞ്ഞത് എന്തെന്ന് അയാൾക്കു കാര്യമായി മനസിലായില്ല.
രക്ഷപ്പെടാൻ ശ്രമം
ഇതിനിടെ അവർ കാറിൽനിന്നു പുറത്തേക്ക് ഇറങ്ങി. അല്പം അകലെ നിർത്തിയിട്ടിരുന്ന ബസിനെ ലക്ഷ്യമാക്കി നടന്നു.
അവർ ബസിൽ കയറി രക്ഷപ്പെടാനുള്ള നീക്കമാണെന്നു തോന്നിയ ഡ്രൈവർ രാജു ഉച്ചത്തിൽ ബഹളം കൂട്ടി. ഇതോടെ നാട്ടുകാരിൽ ചിലർ അടുത്തേക്കു വന്നു.
അവർ ഒാട്ടം പിടിച്ചുകൊണ്ടു വന്നതാണെന്നും സ്യൂട്ട് കേസിൽനിന്നു ദുർഗന്ധം വരുന്നതിന്റെ കാരണം ചോദിച്ചപ്പോൾ ബസിൽ കയറി പോകാൻ ഒരുങ്ങുകയാണെന്നും ഡ്രൈവർ നാട്ടുകാരെ അറിയിച്ചു.
ഇതോടെ നാട്ടുകാർ ഡോ.ഒാമനയെ തടഞ്ഞുവച്ചു. അവർ കൃത്യമായ മറുപടിയൊന്നും പറയാതിരുന്നതോടെ നാട്ടുകാർ പോലീസിനെ വിളിച്ചു.
ഡ്രൈവർ പറഞ്ഞത്
പോലീസ് എത്തി ഡോ.ഒാമനയോടു കാര്യങ്ങൾ തിരക്കി. എന്നാൽ, അവർ കൃത്യമായ മറുപടിയൊന്നും പറയാതിരുന്നതോടെ വാൻ അടക്കം കസ്റ്റഡിയിലെടുത്ത് ഊട്ടി പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. തുടർന്ന് ഒാമനയെയും വാനിന്റെ ഡ്രൈവറെയും ചോദ്യം ചെയ്തു.
തന്നെ ഊട്ടിയിൽനിന്നു ഒാട്ടം വിളിച്ചു കൊണ്ടുപോയതു മുതലുള്ള കഥകൾ ഡ്രൈവർ പോലീസിനോടു പറഞ്ഞു.
തുടർന്ന് ഒാമനയെ ചോദ്യം ചെയ്തു. എന്നാൽ, പരസ്പര വിരുദ്ധമായ മറുപടികളാണ് അവരിൽനിന്നു ലഭിച്ചത്.
(തുടരും).
തയാറാക്കിയത്: എൻ.എം